പത്തനംതിട്ട: വയസാംകാലത്ത് നോക്കാനാളില്ലാത്തതിനാൽ സ്വത്തുക്കൾ ബന്ധുക്കൾക്ക് നൽകി അവർക്കൊപ്പം കഴിഞ്ഞ വയോധിക മരിച്ച നിലയിൽ. വാഗ്ദാനം ചെയ്തതിന് വിരുദ്ധമായി തന്നെ നോക്കുന്നില്ലെന്ന് ആരോപിച്ച് പരാതി നൽകിയതിന്റെ ഹിയറിങിന് പോകാനിരിക്കേ വയോധിക മരിച്ചു.

മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഓമല്ലൂർ ഐമാലി കുടയ്ക്കാപ്പറമ്പിൽ പരേതനായ പുരന്ദരനാചാരിയുടെ ഭാര്യ കാർത്യായനി(80)യാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ ആർഡിഓഫീസിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മൊഴികൊടുക്കാൻ പോകാൻ സഹായിയായി വന്ന സ്ത്രിയാണ് മരിച്ച നിലയിൽ ഇവരെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സഹോദര പുത്രനായ മധുസൂദനനും കുടുംബവുമാണ് ഇവരോടൊപ്പം താമസിക്കുന്നത്.

ഇവരെ സംരക്ഷിക്കാമെന്ന ഉറപ്പിൽ സ്വത്തു വകകൾ മധുസൂദനന്റെ പേരിൽ എഴുതികൊടുത്തിരുന്നു. എന്നാൽ സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സ്വത്തുക്കൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കാർത്യായനി ജില്ലാകലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് വില്ലേജ്ഓഫിസറുടെ റിപ്പോർട്ടിന്മേൽ ആർഡിഒ യുടെ മുന്നിൽ എത്തി മൊഴിനൽകേണ്ട ദിവസമായിരുന്നു ഇന്നലെയെന്നുമാണ് നാട്ടുകാർ പറയുന്നത്.

കാർത്ത്യായനിയുടെ വീട്ടിൽ അവർക്കൊപ്പം താമസിച്ചിരുന്ന മധുസൂധനനോ ഭാര്യയോ മരണവിവരം രാവിലെ അറിഞ്ഞില്ലെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ആർഡി ഓഫിസിൽ പോകാൻ സഹായി ആയി എത്തിയിരുന്ന സ്ത്രീ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പർ അഭിലാഷ് അടക്കമുള്ളവരോട് വിവരം പറയുകയായിരുന്നു. നാട്ടുകാർ എത്തി മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസ്എത്തി നാട്ടുകാരുടെ മൊഴിയെടുത്തു.

ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് മൂന്നുമണിയോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്.