തിരുവനന്തപുരം : ശിക്ഷാ ഇളവ് നൽകേണ്ട തടവുകാരുടെ പട്ടിക ആഭ്യന്തര വകുപ്പിനു കൈമാറി ജയിൽ വകുപ്പ്.രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നത്. എണ്ണൂറിലേറെപ്പേരുള്ള പട്ടികയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. 15 ദിവസം മുതൽ ഒരു വർഷം വരെയാണ് ഇളവ് ലഭിക്കുക.

പട്ടികയിൽ എണ്ണൂറുപേരുണ്ടെങ്കിലും ഇളവു പ്രയോജനപ്പെടുത്തി പുറത്തിറങ്ങാനാവുക നൂറിൽതാഴെ പേർക്കു മാത്രമാണ്. ജീവപര്യന്തക്കാർക്ക് ഇളവിന്റെ ആനുകൂല്യം അനുഭവിക്കാനാകില്ല.പട്ടികയിൽ ഉള്ളതാകട്ടെ പകുതിയും ജീവപര്യന്തം തടവുകാരാണ്.14 വർഷം പൂർത്തിയാക്കിയെങ്കിൽ മാത്രമേ ജയിൽ ഉപദേശക സമിതി ഇവരുടെ മോചന അപേക്ഷ പരിഗണിക്കുകയുള്ളൂ.

ജയിലിലെ പെരുമാറ്റം കണക്കിലെടുത്തു സൂപ്രണ്ടുമാർ നാലു ദിവസം വീതമുള്ള ശിക്ഷാ ഇളവ് തടവുകാർക്കു നൽകാറുണ്ട്. ഇതിൽപ്പെട്ടവരെ മാത്രമേ പ്രത്യേക ഇളവിനു പരിഗണിച്ചിട്ടുള്ളൂ. സ്ഥിരംകുറ്റവാളികൾ, വാടകക്കൊലയാളികൾ, രാജ്യദ്രോഹക്കേസിലുള്ളവർ, സ്ത്രീകളെയും കുട്ടികളെയും വയോധികരെയും കൊലപ്പെടുത്തിയവർ, ലഹരിമരുന്നു കേസിൽപെട്ടവർ എന്നിവർക്ക് അർഹതയില്ല.

ജീവപര്യന്തക്കാർക്ക് ഇളവു നൽകേണ്ടതു ഭരണഘടനാപരമായി ഗവർണറുടെ അധികാരമായതിനാൽ അദ്ദേഹത്തിന്റെ നിലപാടു നിർണായകമാകും. കേരളപ്പിറവിയുടെ വജ്രജൂബിലോയടനുബന്ധിച്ച് ശിക്ഷാ ഇളവിനായി ഒന്നാം പിണറായി സർക്കാർ നൽകിയ 1850 തടവുകാരുടെ പട്ടിക അന്നത്തെ ഗവർണർ പി.സദാശിവം തിരിച്ചയച്ചിരുന്നു. എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും ഹൈക്കോടതി ഇടപെടലിൽ പട്ടിക തന്നെ മരവിപ്പിക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ശിക്ഷാ ഇളവാണു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നൽകുന്നത്.

മൂന്നു മാസത്തെ ശിക്ഷയ്ക്കു 15 ദിവസം, 36 മാസത്തെ ശിക്ഷയ്ക്ക് ഒരു മാസം, 612 മാസത്തെ ശിക്ഷയ്ക്കു രണ്ടുമാസം, 12 വർഷത്തെ ശിക്ഷയ്ക്കു മൂന്നു മാസം, 25 വർഷത്തെ ശിക്ഷയ്ക്കു നാലു മാസം, 510 വർഷത്തെ ശിക്ഷയ്ക്ക് അഞ്ചു മാസം എന്ന നിലയ്ക്കാണ് ഇളവ്.