കോഴിക്കോട് :നാദാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിൽ 81 ലക്ഷം രൂപയുടെ തിരിമറി കേസിന്റെ അന്യേഷണം എങ്ങുമെത്തിയില്ല.പൊലീസിനെതിരെ ഭരണ കക്ഷിയിൽ നിന്നും ശക്തമായ വിമർശനം ഉയരുന്നതിനിടയിൽ അന്യേഷണം പൊലീസിലെ ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറി.ലോക്കൽ പൊലീസിന്റെ അന്വേഷണം പ്രതിയുടെ അറസ്റ്റ് വൈകുമെന്നത് പരിഗണിച്ചാണ് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറണമെന്ന നിർദ്ദേശം നേരത്തെ ഉയർന്നു വന്നിരുന്നു.ഇതേ തുടർന്നാണ് കേസ് കൈമാറിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം.

സഹകരണ സംഘത്തിന്റെ നിരവധി രേഖകൾ പരിശോധിക്കേണ്ട കേസായതിനാൽ ലോക്കൽ പൊലീസിന്റെ അന്യേഷണണത്തിന് കൂടുതൽ സമയം വേണ്ടി വരും.ഇത് ഒഴിവാക്കാനാണ് വിദഗ്ധ സംഘത്തിന് കൈമാറണമെന്ന നിർദ്ദേശം പൊലീസിൽ നിന്നും ഉയർന്ന് വന്നത്.
സിപിഎം.നിയന്ത്രണത്തിലുള്ള നാദാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ സെക്രട്ടറി പുറമേരി കോടഞ്ചേരി മണ്ടോള്ളതിൽ എൻ.വി.വിപിനെ(28)തിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.

പ്രതി ഇപ്പോൾ സ്ഥലത്തില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങൾക്ക് ലഭിച്ച വിവരം.പൊലീസ് അഴകൊഴമ്പൻ സമീപനം തുടർന്നതോടെ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.പ്രതിയെ പിടികൂടണമെന്ന ആവിശ്യം ഉന്നയിച്ച് ഉയർന്ന സിപിഎം.നേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തിയെങ്കിലും അത് ഫലവത്തായിട്ടില്ല.

വനിതാ സഹകരണ സംഘം നാദാപുരം പഞ്ചായത്ത് പ്രസിഡണ്ടും റിട്ട.പ്രധാനധ്യാപികയുമായ കെ.ശ്യാമള നൽകിയ പരാതിയിലാണ് കേസെടുത്തത്.പത്ത് വർഷത്തിനിടയിൽ നടന്ന സാമ്പത്തിക തിരിമറിയിൽ 81 ലക്ഷം രൂപ ബാങ്കിനെ കബളിപ്പിച്ചതായാണ് ബാങ്ക് അധിക്യതർ പൊലീസിന് നൽകിയ പരാതി.

2017 ഓഗസ്റ്റിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.സപ്റ്റംബറിൽ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തിരുന്നു.പണം തിരിച്ചടച്ച് പ്രശ്‌നം തീർക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ ആദ്യം ബാങ്ക് അധിക്യതർ നടപടിക്കൊരുങ്ങിയിരുന്നില്ല.സസ്‌പെൻഷനിലായ സെക്രട്ടറി 45 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു.ബാങ്ക് തിരിച്ചടവ് മുടങ്ങിയതോടെയാണ് അധിക്യതർ പരാതിയുമായി രംഗത്തെത്തിയത്.

നാദാപുരം പൊലീസ് കേസടുത്തതിന് പിന്നാലെ മൂന്ന് സാക്ഷികളിൽ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.അവധി ദിനങ്ങളിൽ പോലും സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ രേഖ ചമക്കൽ,വിശ്വാസ വഞ്ചന,ചതി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സഹകരണ സംഘം സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത്.കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷമേ അറസ്റ്റിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ കീഴിൽ സെക്രട്ടറിയായി പാർട്ടിക്കാരനല്ലാത്തയാളെ നിയമിച്ചതും ഇതിനിടയിൽ ചൂടേറിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്.