ലണ്ടൻ: മഹാമാരിക്കാലത്തു സകല പ്രതീക്ഷകളും കോവിഡ് വൈറസിന് മുന്നിൽ അടിയറ വച്ച് ജീവിക്കുന്ന യുകെ മലയാളികൾക്കു ഒട്ടേറെ പ്രതീക്ഷകൾ നൽകിയാണ് നാളെ പുലരി എത്തുക . ഏറെക്കാലമായി സിനിമക്ക് പിന്നാലെ അലയുന്ന ലിവർപൂൾ മലയാളി ജോ ഈശ്വറിന്റെ വര്ഷങ്ങളുടെ അധ്വാന ഫലം 8119 മൈൽ എന്ന പേരിൽ നാളെ സിനിമ പ്രേമികൾക്ക് മുന്നിൽ എത്തുന്നു . ഒപ്പം യുകെ മലയാളികളുടെ ഉറ്റ സുഹൃത്തുക്കളായ രഞ്ജി വിജയൻ , കുര്യാക്കോസ് ഉണ്ണിട്ടൻ എന്നിവർ കൂടി സിനിമയിൽ നിറയുമ്പോൾ ഇത് പൂർണമായും യുകെ മലയാളികളുടെ സ്വപ്ന സിനിമയായി മാറുകയാണ് .

ഗോവയിൽ നിന്നും ലണ്ടനിലേക്കുള്ള ദൂരമായ 8119 മൈലിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത് . ലണ്ടനിൽ എത്തുക എന്നത് ജീവിത സ്വപ്നമായ ഗബ്രിയേൽ ഡിസിൽവ എന്ന ഗോവൻ യുവാവിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത് . കോവിഡ് പശ്ചാത്തലത്തിൽ തിയറ്റർ റിലീസ് നീണ്ടുപോയപ്പോൾ ഓ ടി ടി ഫ്‌ളാറ്‌ഫോം വഴി പ്രേക്ഷകരിലേക്കെത്തുകയാണ് ഈ സിനിമയും . നെറ്റ് ഫൈവ് എന്ന പ്ലാറ്റഫോമിലൂടെ എത്തുന്ന സിനിമ ഇന്ത്യയിൽ മാത്രമാണ് റിലീസ് ചെയുന്നത് എന്നതിനാൽ യുകെ മലയാളികൾക്ക് തല്ക്കാലം കാണാനാവില്ല എന്ന പോരായ്മ ബാക്കി നില്കുന്നു .

അന്യനാട്ടിലെ മലയാളികളുടെ സിനിമ

സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അനധികൃതമായി ലണ്ടനിൽ എത്തുവാനുള്ള ഗബ്രിയേലിന്റെ ശ്രമങ്ങൾ ഉദ്വേഗ ജനകമായ നിമിഷങ്ങളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത് . റോഡ് മാർഗമുള്ള ഒരു സഞ്ചാരത്തിന്റെ കഥകൂടിയായി മാറുന്ന സിനിമക്ക് വേണ്ടി പത്തു രാജ്യങ്ങളിലാണ് ചിത്രീകരണം നടന്നത് . ഇതും മലയാളികൾക്കിടയിൽ അപൂർവമാണ് . പൂർണമായും ഇന്ഗ്ലീഷിൽ ചിത്രീകരിച്ച സിനിമയെ മലയാളികളുടെ സിനിമ എന്നേ വിശേഷിപ്പിക്കാനാവൂ .

അതല്ലെങ്കിൽ മലയാള സിനിമയുടെ ട്രാക് റെക്കോർഡിൽ കൂടുതൽ രാജ്യങ്ങളിൽ നിർമ്മിച്ച സിനിമ എന്ന പേരിലും 8119 മൈൽ ഇടം പിടിച്ചേനെ . എന്നാൽ 2013 ൽ കുന്താപുര എന്ന സിനിമ ചെയ്ത ജോ ഈശ്വർ സിനിമയുടെ വിജയത്തിൽ വിപണി പ്രധാനമാണ് എന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോൾ പൂർണമായും ഇംഗ്ലീഷിൽ കഥ തയാറാക്കിയത് . ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഇംഗ്ലീഷ് തന്നെയാണ് നല്ല മാധ്യമം എന്നുകൂടിയാണ് ഈ സിനിമ പറഞ്ഞു തരുന്നത് . സെലിബ്രിറ്റി ആരെന്നു നോക്കി സിനിമ കാണുന്ന മലയാളികൾക്ക് ഗൗരവ സിനിമകൾ ലഭിക്കാൻ യോഗം ഇല്ലെന്നും പറയേണ്ടി വരും . അതിനാൽ തന്നെ ഗൗരവ സിനിമയുടെ ആരാധകർക്ക് ഫിലിം ഫെസ്ടിവലുകൾ കാത്തിരിക്കുകയേ നിർവാഹമുള്ളൂ .

നീണ്ട കാലത്തേ കാത്തിരിപ്പിനൊടുവിൽ ചിത്രം പുറത്തു വരുമ്പോൾ അതിയായ സന്തോഷമാണ് യുകെ മലയാളികളോട് പങ്കുവയ്ക്കാനുള്ളതെന്നു സംവിധായകൻ ജോ ഈശ്വറും പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്ന ലണ്ടൻ മലയാളികളായ രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടാനും വക്തമാക്കി . മുൻപ് രഞ്ജി സംവിധാനം ചെയ്ത കേരളത്തിലെ തിയറ്ററുകളിൽ എത്തിയ സ്വപ്നരാജ്യം എന്ന സിനിമയുടെ പശ്ചാത്തലം ഇവർക്കും പുതിയ സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായവുമായി .

നാടോടിക്കറ്റിലെ കടൽ യാത്ര പോലെ ഒരു ലണ്ടൻ യാത്ര

പണ്ട് കാലത്തു ഗൾഫ് കടക്കാൻ ഉരുവിൽ പുറപ്പെട്ട മലയാളികളെ കുറിച്ച് കേട്ടിട്ടുള്ളവർക്കു സമാനമായ ഒരു യാത്രയെക്കുറിച്ചു കേൾക്കാനാകും ഗോവയിലും പശ്ചിമ ഇന്ത്യയിലും ചെന്നാൽ . ആ യാത്ര ലണ്ടനിലേക്കാണ് . പത്തു രാജ്യങ്ങൾ ചുറ്റി ഒന്നരമാസം കൊണ്ട് എത്തുന്ന യാത്ര . ഒന്നുകിൽ യാത്രയുടെ ദുരിതത്തിൽ മരണത്തിലേക്കു , അല്ലെങ്കിൽ ലണ്ടനിലോ യാത്രയ്ക്കിടയിലെ ഏതെങ്കിലും പ്രധാന നഗരത്തിലോ അവസാനിക്കുന്ന ഒരു പ്രവാസം . ഈ യാത്ര മലയാളിക്ക് തെല്ലും പരിചിതവുമല്ല . ലണ്ടനിൽ എത്താൻ നിയമപരമായി ശ്രമിച്ചു പരാജയപ്പെടുന്നവരുടെ കുറുക്കു പാതയാണ് ഈ യാത്ര . സിനിമയിലെ നായകൻ ഗബ്രിയേലും വിസ നിക്ഷേധിക്കപ്പെട്ടതോടെയാണ് ഈ യാത്രക്ക് തയാറാകുന്നത് .

സാധാരണ ജോലിക്കാരനായ അയാൾക്ക് വിസ പലതവണ നിഷേധിക്കപ്പെടുന്നു. ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ അയാൾ രാം കുമാർ എന്ന ട്രാവൽ ഏജന്റിനെ സമീപിക്കുന്നു. നിയമ വിരുദ്ധമായ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു മാർഗ്ഗമുണ്ട് . അതിനു അതിന്റെ സ്ഥാപകർ 8119 മൈൽ എന്ന പേരിട്ടു . ഇന്ത്യ, ചൈന , മംഗോളിയ , റഷ്യ, ബെലാറസ്, പോളണ്ട് , ജർമ്മനി ഫ്രാൻസ് വഴി ഡഗ യിൽ എത്തിച്ചേരുന്ന ആ യാത്ര ദുരിതം പിടിച്ചതും, ചില കേസുകളിൽ മരണം വരെ സംഭവിക്കാവുന്നതുമായ ഒരു ദേശാന്തര ഗമനമാണ്. രണ്ടും കൽപ്പിച്ചു ഗബ്രിയേൽ ആ വഴി തിരഞ്ഞെടുക്കുന്നു. അവിചാരിതമായി ഈ യാത്രയിൽ ഗബ്രിയേലിനു തുണയായി ഒരു അപരിചിതനും കൂടും - അനിൽ നായർ .

ഒന്നര മാസം കൊണ്ട് ഡഗ യിൽ എത്തേണ്ട യാത്ര ഒരു വര്ഷം നീളുന്നു. മരുഭൂമിയും, മലകളും, കാടും , മഞ്ഞും അവരുടെ യാത്രയെ പരുവപ്പെടുത്തുന്നു. ഇത്രയേറെ ബുദ്ധിമുട്ടി , സാഹസം നിറഞ്ഞ ഈ യാത്ര എന്തിനുവേണ്ടി ഗബ്രിയേൽ ചെയ്തു എന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് . സൂഫി സന്യാസിയായ റൂമിയുടെ ഒരു വരിയാണ് ചിത്രത്തിന്റെ ലോഗ് ലൈൻ -' യാത്ര തുടങ്ങുമ്പോൾ വഴി തനിയെ പ്രത്യക്ഷപ്പെടും'. സ്വപ്നരാജ്യം എന്ന ചിത്രത്തിന്റെ നായകനായ രഞ്ജി വിജയനാണ് ഗബ്രിയേൽ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ൗസ മലയാളിയായ കുര്യാക്കോസ് ഉണ്ണിട്ടനാണ് അനിൽ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിജയ് മഹേന്ദ്ര, മാല പാർവതി , അഞ്ജലി സാമുവേൽ, മിഞ്ചിന് കണ്ടുൽക , ഇംഗ്ലീഷ് നടി ലോറൈൻ സാന്‌ഡേഴ്‌സ്, ബെൽജിയൻ നടൻ ഗൈ ബ്ലെയര്ത് , വിജയ് കുമാർ, മേമേത് അസ്‌കസാൽ, ഡാനി ഗോർജ്, നീയേഷ ജെയിൻ ഫരാജ് , പാം അഷ്ട്ടൻ എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ. ഈസ്റ്റേൺ ലാന്റേൺ ഫിലിംസ് ലിമിറ്റഡ് നു വേണ്ടി കെ വി വിജയൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇസ്മിർ അന്തരാഷ്ട്ര ചലച്ചിത്രോത്സവം, ലിസ്റ്റ് ഓഫ് സെഷൻസ് , പൊപോളി റിലീജിയനി അന്താരാഷ്ട്ര ചലചോത്രോത്സവം,. ലോറസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിൽ ഒഫീഷ്യൽ സെക്ഷനും, എലിസബത്ത് ടൗൺ അന്താരാഷ്ട്ര ചലച്ചിത്തരോത്സവത്തിൽ ഇന്ത്യ ക്യാറ്റഗറിയിൽ ജേതാവുമാണ് ചിത്രം.

മലയാളിക്ക് പുതുമയുള്ള കാഴ്ചകൾ

മലയാളിക്ക് അധികം പരിചയം ഇല്ലാത്ത ഗോവൻ ജീവിത ശൈലിയുടെ സുന്ദരമായ കാഴ്ചകൾ ജോ ഈശ്വർ ഒപ്പിയെടുക്കുന്നുണ്ട് ഈ സിനിമയിൽ . ഗബ്രിയേൽ എന്ന കഥാപാത്രത്തിന്റെ അച്ഛനും അമ്മയും വളർന്നതും കണ്ടുമുട്ടുന്നതും വിവാഹിതരായി മക്കൾ പ്രായപൂർത്തി ആകുന്നതുമെല്ലാം സിനിമക്ക് ഇഴച്ചിൽ നൽകാതെ പറഞ്ഞു പോകുന്നുണ്ട് . എന്നാൽ ഗബ്രിയേലിന്റെ സഹോദരിക്ക് അദ്ധ്യാപികയായി ജോലി കിട്ടുന്നതോടെ ഗബ്രിയേലിന്റെ അച്ഛൻ ജോസെഫ് മരിക്കുകയാണ് .

ഇതോടെ കുടുംബം താളം തെറ്റുകയാണ് . ഗബ്രിയേലിനു പഠനം പൂർത്തിയാക്കാൻ സാധിക്കുന്നില്ല . അവനു അച്ഛന്റെ വർക് ഷോപ് ഏറ്റെടുക്കേണ്ടിയും വരുന്നു . വർക് ഷോപ്പിൽ ഒരു താളം കണ്ടെത്തുന്നതിനിടയിൽ തന്നെയാണ് ജീവിതം കരുപ്പിടിപ്പിക്കാൻ അവിടെ നിന്നിട്ടു കാര്യമില്ല എന്ന് ഗബ്രിയേലിനു തോന്നുന്നതും ലണ്ടൻ യാത്രക്ക് തയ്യാറെടുക്കുന്നതും . പിന്നീടുള്ള അവന്റെ യാത്രയിൽ പ്രേക്ഷകരും കൂടെ ചേരുകയാണ് . അത്ര മികവുറ്റ രീതിയിലാണ് സിനിമയുടെ തുടർന്നുള്ള സഞ്ചാരം .

ഗബ്രിയേലിന്റെ റോൾ ഉജ്ജ്വലമാക്കി രഞ്ജിയും സിനിമ പിടിക്കാനിറങ്ങുന്ന അനിൽ നായരായി കുര്യാക്കോസും

സിനിമക്ക് ജീവൻ നൽകുന്ന പ്രധാന കഥാപാത്രമായി എത്തുന്നത് രഞ്ജി വിജയൻ എന്ന യുകെ മലയാളി ആണെങ്കിലും പുതുമുഖത്തിന്റെ സംഭ്രമം ഒന്നും കാണിക്കാതെയുള്ള മികച്ച പ്രകടനമാണ് ഈ നടൻ സിനിമയിൽ യാഥാർഥ്യമാക്കിയിരിക്കുന്നത് . ക്യാമറയുടെ പിന്നിൽ നിന്നും മുന്നിൽ എത്തിയപ്പോഴും തന്നിൽ ഉള്ളത് സിനിമ മാത്രമാണ് എന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ .

സിനിമ പിടിക്കാൻ തയാറാകുന്ന , ദൈവ വിചാരം തൊട്ടു തീണ്ടാത്ത , റാന്നിയിലെ നായർ തറവാട്ടിൽ നിന്നുമാണ് കുര്യാക്കോസ് ഉണ്ണിട്ടന്റെ അനിൽ നായർ എന്ന കഥാപാത്രം രൂപം കൊള്ളുന്നത് . ഇരുവരും ഒന്നിച്ചുള്ള ഈ ലണ്ടൻ യാത്രയുടെ ഉദ്ദേശം എന്തണെന്നതാണ് സിനിമ കണ്ടുകഴിയുമ്പോൾ പ്രേക്ഷകർക്ക് ബോധ്യമാകുക .

നീണ്ട കാത്തിരിപ്പൊനൊടുവിൽ ഓ ടി ടി റിലീസ് സാധ്യമാകുന്ന സന്തോഷമാണ് ഈ സിനിമയുടെ ജീവവായുവായ മൂന്നു യുകെ മലയാളികളും പങ്കിടുന്നത് .