മുംബൈ: ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 സിനിമയുടെ ട്രെയ്‌ലർ പുറത്ത്.രൺവീർ സിംഗാണ്് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവിന്റെ റോളിലെത്തുന്നത്. രൂപം കൊണ്ടും വേഷം കൊണ്ടും കപിൽ ദേവായി എത്തുന്ന താരം ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മറ്റു അഭിനേതാക്കളും യഥാർത്ഥ താരങ്ങളിലേക്കുള്ള പകർന്നാട്ടം തന്നെയാണ് നടത്തിയതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 24ന് തിയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

83 ലോകകപ്പിലെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്‌കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്‌കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയുമാണ് അഭിനയിച്ചിരിക്കുന്നത്. സന്ദീപ് പാട്ടീലിന്റെ വേഷത്തിൽ സന്ദീപ് പാട്ടീലിന്റെ മകനും നടനുമായ ചിരാഗ് പാട്ടീൽ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.