റിയാദ്: രാജ്യത്തെ എൻജിനീയറിങ് മേഖലയിൽ 85 ശതമാനവും വിദേശികളാണെന്ന കണ്ടെത്തലിനെ തുടർന്ന് സ്വദേശി വത്കരണം ശക്തമാക്കാൻ തൊഴിൽ മന്ത്രാലയം പദ്ധതികളാവിഷ്‌കരിക്കുന്നു. സ്വകാര്യ, പൊതുമേഖലയിൽ നിലവിൽ എൻജിനീയറിങ് ജോലികൾ ചെയ്യുന്ന സ്വദേശികൾ 15 ശതമാനം മാത്രമാണെന്നും ബാക്കി 85 ശതമാനവും വിദേശികളാണെന്നുമുള്ള കണ്ടെത്തലിന്റെ ഭാഗമായി സൗദി എൻജിനീയർമാരുടെ അനുപാതം വർധിപ്പിച്ച് സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളുടെ സഹായത്തോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനും എൻജിനീയറിങ് മേഖലയിലെ സ്വദേശികളുടെ കുറവ് നികത്താനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട വാഗ്ദാനങ്ങൾ നൽകാനും സ്വകാര്യ കമ്പനികളിലുൾപ്പെടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കും.

വിപണിയിൽ സ്വദേശി എൻജിനീയർമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനാവശ്യമായ ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. സ്വദേശി വത്കരണം ശക്തമായാൽ ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശി എൻജിനീയർമാരുടെ ജോലിക്ക് അത് ഭീഷണിയാകും.

രാജ്യത്തിന്റെ വിവിധ സർവകലാശാലകളിൽ നിന്ന് പുറത്തിറങ്ങുന്ന എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലടക്കം പരിശീലനം നൽകി സാങ്കേതിക രംഗത്ത് അവരെ സജ്ജരാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചതും ഈ ലക്ഷ്യം മുൻ നിർത്തിയാണ്.