കട്ടപ്പന: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം നാടിന് നടുക്കമായി. കട്ടപ്പന അമ്പലപ്പാറയ്ക്കടുത്താണ് 86 വയസുകാരിയെ ബന്ധനസ്ഥയാക്കി പീഡിപ്പിച്ചത്. അധികം കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു സംഭവം ജനങ്ങളെയാകെ ഭീതിദരാക്കിയിരിക്കുകയാണ്. പ്രതിയെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചില്ലെങ്കിലും ലഹരിക്കടിപ്പെട്ട വ്യക്തിയോ, മാനസിക രോഗിയോ ആകാം കുറ്റകൃത്യത്തിനു പിന്നിലെന്ന സംശയത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.

വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് തമിഴ് വംശജയായ വയോധിക പീഡനത്തിനിരയായത്. വയോധികയും മകളും മാത്രമാണ് വീട്ടിലുള്ളത്. മകളുടെ ഭർത്താവ് വീട്ടുകാരുമായി അകന്നു കഴിയുകയാണ്. മകൾ ഏലത്തോട്ടത്തിൽ പണിക്കുപോയ ശേഷം മുറ്റത്തിരിക്കുകയായിരുന്ന വയോധികയെ അജ്ഞാതൻ കടന്നു പിടിച്ചു ബലമായി വീടിനുള്ളിലേയ്ക്ക് കൊണ്ടുപോയി കൈകാലുകൾ കട്ടിലിൽ തുണികൊണ്ടു ബന്ധിച്ചശേഷമായിരുന്നു ക്രൂരകൃത്യത്തിന് ഇരയാക്കിയത്. അവശനിലയിലായിരുന്ന വയോധികയെ വൈകിട്ട് മകൾ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കണ്ടത്. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കിയശേഷം പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികയെ കൂടുതൽ പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചശേഷം ഇന്നലെ കട്ടപ്പന താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരുനിറമുള്ള കഷണ്ടിക്കാരനാണ് പ്രതിയെന്നാണ് വയോധികയുടെ മൊഴിയിൽനിന്നു വ്യക്തമാകുന്നത്. മലയാളം സംസാരിക്കുന്ന ഇയാൾ ചെറുപ്പക്കാരനാണെന്നാണ് നിഗമനം. പ്രദേശവാസികളിൽനിന്നു മൊഴിയെടുത്ത പൊലിസ് ഏതാനും പേരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കട്ടപ്പന കുന്തളംപാറ-പുളിയന്മല റൂട്ടിലുള്ള വഴിക്കു സമീപമാണ് പീഡനത്തിനിരയായ വയോധികയുടെ വീട്. തോട്ടം തൊഴിലാളി മേഖല കൂടിയാണിത്. പുറത്തുനിന്നുള്ളവർ ഇതുവഴിയെത്തുക കുറവായതിനാൽ പ്രദേശ വാസികളിലാരോ ആണ് കുറ്റകൃത്യത്തിനു പിന്നിലെന്നും സംശയമുണ്ട്. തോട്ടം മേഖലയിൽ കഞ്ചാവും ലഹരി ഉൽപന്നങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമകളായ ആരെങ്കിലുമാകാം ഇത്രയും ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. സംഭവദിവസം ഈ മേഖലയിൽ എത്തിയ അപരിചിതരായ വ്യക്തികളെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.

ഒട്ടുമിക്ക തോട്ടം തൊഴിലാളി കുടുംബങ്ങളിലും മലയാളി കർഷക കുടുംബങ്ങളിലും പകൽ സമയങ്ങളിൽ വയോധികകൾ ഉൾപ്പെടെയുള്ള സ്ത്രീകൾ മാത്രമാണ് ഉണ്ടാകാറുള്ളത്. അമ്പലപ്പാറയിൽ വയോധിക ക്രൂരപീഡനത്തിന് ഇരയായതോടെ നാട്ടുകാരാകെ ഭയത്തോടെയാണ് കഴിച്ചുകൂട്ടുന്നത്. കട്ടപ്പന പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുങ്കണ്ടം സി. ഐയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.