വർക്കല: ആത്മീയതയുടെ ദിവ്യ പ്രകാശം വീശി വർക്കല ശിവഗിരിയിലെ 86ാമത് തീർത്ഥാടനം. വിശ്വാസ സമൂഹത്തെ സാക്ഷി നിർത്തി ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഗവർണർ പി. സദാശിവം ഇന്ന് 10ന് ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.

മന്ത്രി എ.കെ.ബാലൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിക്കും. 12.30നു വിദ്യാഭ്യാസ കൈത്തൊഴിൽ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ അധ്യക്ഷനാകും.

3.30നു സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഡോ. ശശി തരൂർ എംപി. 6.30നു തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഈശ്വരഭക്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നു പുലർച്ചെ പർണശാലയിലും ശാരദമഠത്തിലും മഹാസമാധിപീഠത്തിലും വിശേഷാൽ പൂജകൾ നടക്കും.. 7.30നു ധർമപതാകോദ്ധാരണം സ്വാമി പ്രകാശാനന്ദ നിർവഹിക്കും. തുടർന്നു വൈദികമഠത്തിൽ ജപയജ്ഞ ആരംഭത്തിനു സ്വാമി പരാനന്ദ നേതൃത്വം നൽകും.

ആത്മീയതയുടെ ദിവ്യ വെളിച്ചം

ആത്മീയതയുടേയും സാഹോദര്യത്തിന്റെയും സാക്ഷാത്കാരമാണ് ഓരോ തവണയുമുള്ള ശിവഗിരി തീർത്ഥാടനം. ആത്മീയതയുടെ ദിവ്യ വെളിച്ചം പേറുന്ന ഈ തീർത്ഥാടനം 86ാമതു വർഷത്തിലേക്കു കടക്കുകയാണ്. നാട് പലതരം പ്രതിസന്ധികളിൽപ്പെട്ടിരിക്കെ ഈ സ്‌നേഹസംഗമം സമാശ്വാസം തന്നെയായിരിക്കും. പരിവർത്തനങ്ങൾ ഏറെയുണ്ടായാലും മനുഷ്യന്റെ സാമൂഹിക ജിവിതത്തെ ഉറപ്പിച്ചുനിർത്തുന്ന അടിസ്ഥാന ഘടകങ്ങളിൽ മാറ്റമുണ്ടാകില്ല. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ തീർത്ഥാടന ലക്ഷ്യങ്ങളിൽ തന്നെയാവും കേരളത്തിന്റെ പുനഃസൃഷ്ടിക്ക് ആധാരമായ ചർച്ചകളും നടക്കുക.

മനുഷ്യനിലെ ഈശ്വരാംശത്തിൽ നിന്നാണു മതം ആരംഭിക്കുന്നത്. അതു ജീവനെ പ്രപഞ്ചവുമായി കണ്ണിചേർക്കുന്ന ശക്തിയാണ്. ഈ അർഥത്തിലാണു മതം സാർവലൗകികവും ആദരണീയവുമാകുന്നത്. 'ഒരു ജാതി ഒരു മതം ഒരു ദൈവ'മെന്നു ശ്രീനാരായണഗുരുദേവൻ കൽപ്പിച്ചരുളിയത് ഈ മഹാതത്വം ഉദ്‌ബോധിപ്പിക്കാനാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ അന്തർധാരയും ഈ തത്വം തന്നെ. മനുഷ്യമഹത്വമെന്ന നവോത്ഥാന ആശയത്തിനപ്പുറം അതു സമസ്ത പ്രാണിപ്രപഞ്ചത്തിനും സുഖം കാംക്ഷിക്കുന്നു. അന്യർക്കു ഗുണം ചെയ്യണമെന്ന ഉറച്ച മനസ്സും ഒരു ഉറുമ്പിനും പീഡ വരുത്തരുതെന്ന അനുകമ്പയും ചേരുന്നതാണു ഗുരുദർശനം.

മഹത്വമാർന്ന ശങ്കരദർശനത്തിൽ ഊന്നിനിൽക്കുമ്പോഴും രാമാനുജ വീക്ഷണത്തെയും മാധ്വവിചാരത്തെയും ഗുരു സ്വദർശനത്തിൽ സമന്വയിക്കുന്നു. ക്രിസ്തുദേവനെ പരമേശ്വരപുത്രനായും നബിതിരുമേനിയെ മുത്തുനബിയായും ഗുരുദേവൻ വിശേഷിപ്പിക്കുന്നു. മഹാതീർത്ഥാടനത്തിനു നിശ്ചയിച്ചിരിക്കുന്ന സമയം ക്രിസ്തുവർഷം ആണ്ടറുതിയും ആണ്ടു പിറപ്പിനുമിടയിലുള്ള 3 ദിനങ്ങളാണ്. ബുദ്ധദേവന്റെ പഞ്ചശുദ്ധിയും മഞ്ഞവസ്ത്രവും തീർത്ഥാടകരുടെ വ്രതശുദ്ധിയുടെ ഭാഗമാക്കിയിരിക്കുന്നു. ഗുരു ശിവഗിരി തീർത്ഥാടനത്തെ സമന്വയത്തിന്റെയും സമാധാനത്തിന്റെയും സമഭാവനയുടെയും വിശുദ്ധികൊണ്ട് മഹത്വപ്പെടുത്തുന്നു.

ശിവഗിരിയിൽ സംഗമിച്ചത് വിശുദ്ധിയുടെ പദയാത്ര

വർക്കല ശിവഗിരി തീർത്ഥാടനത്തിലെ പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിൽ സംഗമിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. തീർത്ഥാടന നഗരിയിൽ ഉയർത്താനുള്ള ധർമപതാക കോട്ടയം എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നെത്തിച്ചു.

ധർമപതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ കളവംകോട് ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണു കൊണ്ടുവന്നത്. തീർത്ഥാടനത്തിനു തുടക്കമിട്ട ഇലവുംതിട്ട കേരള വർമ സൗധത്തിൽ (മൂലൂർ വസതി) നിന്നാണു ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ രഥയാത്ര എത്തിയത്.