കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനം എന്നതുപോലെ തന്നെ ചർച്ചാവിഷയമാവുകയാണ്് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും. എന്നാൽ, കോടതി ഇടപെടലിന് കാത്തു നിൽക്കാതെ ഇക്കാര്യത്തിൽ കേരളത്തിലെ ഒരു മുസ്ലിംപള്ളി ചരിത്രം സൃഷ്ടിച്ചു. സ്ത്രീകൾക്കും പള്ളിയിൽ പ്രവേശിക്കാൻ അവസരം ഒരുക്കിയാണ് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായത്. ചില നിബന്ധനകളോടെയാണെങ്കിലു ദേശീയ മാദ്ധ്യമങ്ങളിലെല്ലാം താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ മാതൃകയെ പുകഴ്‌ത്തി രംഗത്തെത്തി.

സംസ്ഥാനത്തെ പുരാതനമായ മുസ്ലിം ദേവാലയങ്ങളിലൊന്നണ് കോട്ടയം താഴത്തങ്ങാടി പള്ളി. പള്ളിയിൽ ഇന്നലെയാണു സ്ത്രീകൾക്കു സന്ദർശനാനുമതി നൽകിയത്. പള്ളി കാണാൻ അവസരമുണ്ടെന്നറിഞ്ഞു രാവിലെ മുതൽ താഴത്തങ്ങാടിയിലേക്കു സ്ത്രീകളുടെ പ്രവാഹമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ക്ഷേത്രശിൽപകലാ മാതൃകയിൽ തടിയിൽ നിർമ്മിച്ച പള്ളി കാണാൻ ആഗ്രഹിക്കുന്നവർ നിരവധി. ഇസ്ലാം മതവിശ്വാസികൾക്കു പുറമേ ഇതര മതവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളും പള്ളിയിലെത്തിയിരുന്നു. ഇസ്ലാമിക വേഷം ധരിച്ച് അംഗശുദ്ധി വരുത്തിയശേഷമാണ് ഇവർക്ക് അവസരമൊരുക്കിയത്. നമസ്‌കാരസമയത്ത് ഇടവേളകൾ നൽകിയായിരുന്നു സന്ദർശക ക്രമീകരണം.

വിദേശരാജ്യങ്ങളിലെ ഗവേഷകർ അടക്കം നിരവധിപേർ പള്ളി കാണാനുള്ള അനുമതി തേടിയെത്തുന്നതു പതിവാണെന്നു ഇമാം മൗലവി സിറാജുദീൻ ഹസനി, പ്രസിഡന്റ് അഡ്വ. എംപി നവാബ് എന്നിവർ പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രമായ കുമരകത്ത് എത്തുന്ന സഞ്ചാരികളും പള്ളി കാണാൻ അനുമതി തേടാറുണ്ട്. ഈ സാഹചര്യത്തിൽ പള്ളി സന്ദർശിക്കാൻ സ്ത്രീകൾക്കും അവസരമൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്നാണു ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ രണ്ടുദിവസത്തെ സന്ദർശനം ഒരുക്കിയത്.

മെയ്‌ എട്ടിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചകഴിഞ്ഞു 3.30 മുതൽ 4.30വരെയും സന്ദർശനസമയം ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകൾക്കുശേഷം ലഭിച്ച അസുലഭ നിമിഷത്തെ വരവേൽക്കുന്ന സ്ത്രീകൾ ഇത് ആഘോഷമായോ ആരാധനയായോ കാണേണ്ടതില്ലെന്ന അറിയിപ്പും അധികൃതർ നൽകുന്നുണ്ട.

പള്ളി സന്ദർശിക്കാൻ നിരവധി സ്വദേശിവിദേശി സഞ്ചാരികളും ഗവേഷകരും എത്താറുണ്ടെങ്കിലും സ്ത്രീകൾക്കു പള്ളിയുടെ അകത്തളങ്ങൾ കാണാൻ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു പള്ളിയുടെ അകത്തളങ്ങൾ സ്ത്രീകൾക്കുകൂടി കാണുന്നതിന് അവസരമൊരുക്കാൻ താഴത്തങ്ങാടി ജുമാ മസ്ജിദ് കമ്മറ്റി ഭാരവാഹികൾ തീരുമാനമെടുത്തത്.

എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ഇസ്ലാം മതപ്രചാരണത്തിനായി അറേബ്യയിൽനിന്നെത്തിയ മാലിക് ബിൻ ദിനാറുടെ കാലത്താണു താഴത്തങ്ങാടി പള്ളിയും നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയാണ്. പിന്നീട് കൊടുങ്ങല്ലൂർ മുതൽ കൊല്ലം വരെ പള്ളികൾ സ്ഥാപിച്ചിരുന്നു. ഈ ശ്രേണിയിൽ പെട്ടതാണു താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണു ചരിത്രം. കേരളത്തിലെ പുരാതന മുസ്ലി പള്ളികളിൽ രൂപഭംഗിയിൽ ഏറ്റവും മികച്ചു നിൽക്കുന്നതു താഴത്തങ്ങാടി പള്ളിയാണ്. അറബി ശൈലിയും കേരളത്തിലെ ക്ഷേത്ര ശിൽപകലയും സമന്വയിപ്പിച്ചാണു പള്ളി നിർമ്മിച്ചിരിക്കുന്നത്. നിഴൽ ഘടികാരം, ഒറ്റക്കല്ലിൽ തീർത്ത ഹൗള്, തടിയിൽ തീർത്ത ഖുർ ആൻ വാക്യങ്ങൾ മനോഹരമായ മാളികപ്പുറം, കൊത്തുപണികളാൽ സമൃദ്ധമായ മുഖപ്പ് എന്നിവയും പള്ളിയുടെ പ്രത്യേകതയാണ്.