കൊച്ചി: പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാക്കളടക്കം ഒമ്പതുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു. 2012ൽ നടന്ന കൊലപാതകമാണിത്. ഒന്നര വർഷം മുമ്പാണ് സിബിഐ കേസ് ഏറ്റെടുത്തത്. സിപിഎം മുൻ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കൽ സെക്രട്ടറി പി.വി.രാമചന്ദ്രൻ, കൗണ്‌സിലർ ജിതേഷ് എന്നിവരടക്കം ഒമ്പതു പേരാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയായിരുന്ന മനോജിനെ 2012 ഫെബ്രുവരി 12നാണ് ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അയനിക്കാട് പ്രദേശത്ത് നിലനിന്ന സംഘർഷമാണ് മനോജിന്റെ കൊലപാതകത്തിലേക്ക് എത്തിയത്.

ഫെബ്രുവരി എട്ടിന് സിപിഎം പ്രവർത്തകരായ അച്ഛനേയും മകനേയും വീട്ടിൽ കയറി ബിജെപി പ്രവർത്തകർ ആക്രമിക്കുകയും ഇവരുടെ വീട് തകർക്കുകയും ചെയ്തതിന് പ്രതികാരമായിട്ടാണ് ഫെബ്രുവരി 12ന് മനോജിനു നേരെ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 13ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതിനിടയിലാണ് അക്രമമുണ്ടായതും മനോജ് കൊല്ലപ്പെടുന്നതും.

ഒന്നര വർഷം മുന്പാണ് കേസ് സിബിഐക്കു കൈമാറുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സജാദ് നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തയാറായത്. അതേസമയം തങ്ങളെ പാർട്ടി ചതിക്കുകയായിരുന്നുവെന്നും കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയിലുൾപ്പെട്ടവരും അവരുടെ ബന്ധുക്കളും പരസ്യമായി ആരോപിച്ചിരുന്നു. പൊലീസ് പിടിയിലായ പ്രതികളിൽ ആറു പേർ നുണപരിശോധനക്ക് തയാറാകുകയും ചെയ്തിരുന്നു.