കണ്ണൂർ: ആയിക്കരയിൽ തൊണ്ണൂറുകാരിയായ വയോധികക്ക് ചെറുമകളുടെ ക്രൂരമർദ്ദനം. മുത്തശ്ശിയെ ചെറുമകൾ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ആയിക്കരയിലെ കല്യാണിയമ്മ എന്ന വയോധികയ്ക്കാണ് പേരമകളുടെ ക്രൂര മർദ്ദനം നിരന്തരമായി ഏൽക്കേണ്ടി വന്നത്. വീട്ടിലെ എല്ല്ാ ജോലികളും ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോയും പേരമകൾ ദീപ ഇവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പ്രചരിച്ചത്.

ഇതിന് പിന്നാലെ സംഭവം അറിഞ്ഞ കണ്ണൂർ പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും പേരമകൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മർദ്ദിക്കാറുണ്ടെങ്കിലും തടയാൻ പോയാൽ തങ്ങൾക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അസഭ്യവർഷം നടത്തുമെന്നും അയൽക്കാർ പറയുന്നു. വയോധികയെ ക്രൂരമായി മർദ്ദിക്കുന്നതും ആ പാവം അലറിക്കരയുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മർദ്ദിച്ച ചെറുമകൾ ദീപയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ പൊതുപ്രവർത്തകരും പൊലീസും ചേർന്ന് വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.

കേരളത്തിൽ വ്യാപകമായി ഇത്തരം ആക്ഷേപങ്ങൾ ഉയരാറുണ്ട്. വയോധികരായ മാതാപിതാക്കളെ വീട്ടിൽ പീഡിപ്പിക്കുന്നതും പുറത്തിറക്കി വിടുന്നതും ഉപേക്ഷിക്കുന്നതുമെല്ലാം കാലാകാലങ്ങളായി കേൾക്കുന്ന സംഭവങ്ങളാണ്. ആ നിലയിലാണ് ഇവിടെ ഇത്തരമൊരു വിഷയം കൂടി ഉണ്ടായത്. ദീപ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ്. അവരും മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ നിലയിൽ വയോധികയെ ഉപദ്രവിക്കുകയായിരുന്നു എന്ന സംശയമുണ്ട്. വയോധിക കരഞ്ഞുകൊണ്ട് തന്റെ അനുഭവങ്ങൾ പറയുന്നുണ്ട്. വല്ലാതെ തല്ലാറുണ്ടെന്നും മറ്റും പറഞ്ഞ് വീട്ടിൽ പോകില്ലെന്ന് പറഞ്ഞ് അയൽവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു കല്യാണിയമ്മ. കണ്ണൂർ സിറ്റി പൊലീസാണ് തുടർ നടപടി സ്വീകരിച്ചത്.

ദിവസങ്ങളോളമായി ഇവർ അമ്മൂമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് ആണ് അയൽക്കാർ പറയുന്നത്. വയോധികയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചാൽ ദീപ അവർക്കെതിരെ തിരിയുമെന്നുമാണ് അയൽക്കാർ വയ്ക്തമാക്കുന്നത്. രണ്ടു മക്കളാണ് ദീപയ്ക്കുള്ളത്. ഭർത്താവ് വിട്ടുപോയതോടെ സാമ്പത്തിക നില മോശമായതോടെയാണ് ഇവർ വലിയ പ്രതിസന്ധിയിലും മാനസിക സംഘർഷത്തിലുമാണെന്നാണ് അയൽക്കാർ പറയുന്നത്.

വയോധികയെ സുരക്ഷിതമായ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റാനും ദീപയ്ക്ക് ജീവിത സാഹചര്യം ഒരുക്കാനും ആണ് ആലോചിക്കുന്നതെന്ന് പൊതുപ്രവർത്തകർ പറയുന്നു. ദീപയുടെ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ഇടപെടൽ ഉണ്ടാവുമെന്നും അവർ അറിയിച്ചു. വിഷയം ചർച്ചയായതോടെയാണ് ഇപ്പോൾ നാട്ടുകാരും ഇടപെടുന്നത്.