മലപ്പുറം: വിവാദങ്ങൾക്കും വിഴുപ്പലക്കലുകൾക്കുമൊടുവിൽ അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിനെ തേടിയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മന്ത്രി മഞ്ഞാളാംകുഴി അലിക്കും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കും ഇനിയും തലവേദന ഒഴിഞ്ഞു മാറിയിട്ടില്ല. ഒന്നര വർഷമായി ന്യൂനപക്ഷ പ്രമോട്ടർമാർക്ക് നൽകേണ്ടിയിരുന്ന ഓണറേറിയം വിതരണം ചെയ്യാത്തതാണ് ഒടുവിൽ വിവാദമായിരിക്കുന്നത്. ഒന്നര വർഷമായി ലഭിക്കാതിരുന്ന ഓണറേറിയത്തിനു വേണ്ടിയുള്ള സമരത്തിലാണ് സംസ്ഥാനത്തെ 902 ന്യൂന പക്ഷ പ്രമോട്ടർമാർ. സംസ്ഥാനത്ത് കേരള സ്റ്റേറ്റ് മൈനോറിറ്റി പ്രമോട്ടേഴ്‌സ് യൂണിയൻ എന്ന പേരിൽ ഇവർ സംഘടിച്ചിട്ടുമുണ്ട്. വിവിധ ജില്ലാ പ്രമോട്ടേഴ്‌സ് യൂണിയനുകൾ ഇതിനോടകം തന്നെ കളക്‌ട്രേറ്റ് മാർച്ചും വിവിധ സമര പരിപാടികളും നടത്തികൊണ്ടിരിക്കുകയാണ്. ജോലി കഴിഞ്ഞ് കൂലിയില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്തെ പ്രമോട്ടർമാരുടേത്.

ന്യൂനപക്ഷങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2013 ഏപ്രിൽ മുതൽ 2014 മാർച്ച് വരെ കരാറടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ പ്രമോട്ടർമാരുടെ നിയമനം. മന്ത്രി സഭയുടെയും ന്യൂനപക്ഷ വകുപ്പിന്റെയും അംഗീകാരത്തോടെ നടപ്പിൽ വരുത്തിയ പദ്ധതി ഏറെ കുറെ വിജയം കാണുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളുടെ കൈകളിലേക്ക് അർഹമായ പദ്ധതികൾ എത്തുന്നതിനുവേണ്ടി ഈ തസ്തിക ഏറെ ഉപകരിക്കുകയും ചെയ്തു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാറിൽ നിന്നുള്ള ക്ഷേമ പദ്ധതികളും വിവിധങ്ങളായ പദ്ധതികളും യഥാസമയം അർഹരുടെ കൈകളിലേക്ക് എത്തിച്ചതിന്റെ പേരിൽ സംസ്ഥാന ന്യൂനപക്ഷ ഡയറക്ടർക്ക് പ്രത്യേക അഭിനന്ദനവും പുരസ്‌കാരവുമൊക്കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയും ചെയ്തു. എന്നാൽ മന്ത്രിസഭയിലെയും വകുപ്പിൽ തന്നെയുമുള്ള ചില മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ഓണറേറിയത്തിന് തടസം നിൽക്കുന്നതെന്ന് പ്രമോട്ടേഴ്‌സ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 1000 പ്രമോട്ടർമാരെ നിയമിക്കാൻ ഉത്തരവുണ്ടായിരുന്നെങ്കിലും 902 പേരെയാണ് പ്രമോട്ടർ തസ്ഥികയിലേക്ക് നിയമിച്ചിരുന്നത്. ഇതിൽ 117 പേർ മലപ്പുറം ജില്ലയിൽ നിന്നുഉള്ളവരാണ്. മാസ ശമ്പളമായി പ്രമോട്ടർമാർക്ക് പ്രഖ്യാപിച്ചിരുന്ന 4000 രൂപ പൂർണ്ണമായും നൽകുക, ഈ വർഷം നിർത്തലാക്കിയ ന്യൂനപക്ഷ പ്രമോട്ടർ തസ്ഥികയിലേക്ക് പുനർ നിയമനം നടത്തുക തുടങ്ങിയ പ്രധാന രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രമോട്ടേസ് യൂണിയന്റെ നേതൃത്വത്തിൽ സെക്ക്രട്ടേറിയെറ്റ് മാർച്ച് ഉൾപ്പടെയുള്ള വിവിധ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നര വർഷത്തിനിടെ നിരവധി മന്ത്രിമാരുടെയും ന്യൂനപക്ഷ ഡയറക്ടർ അടയ്ക്കമുള്ള ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം സൂചിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. പ്രമോട്ടർമാർ നേരിടുന്ന അവഗണനയെ കുറിച്ച് കേരള പ്രമോട്ടേഴ്‌സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് മാടഞ്ചേരി മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:

2013 ഏപ്രിൽ മുതലായിരുന്നു ഞങ്ങൾ ന്യൂനപക്ഷ പ്രമോട്ടർ തസ്തികയിൽ ജോലി തുടങ്ങിയത്. 2014 മാർച്ച് മാസം വരെയാണ് കാലവധി ആദ്യമേ നിശ്ചയിച്ചിരുന്നത്. ഈ ഒരു വർഷത്തിനിടയിൽ ഓരോ മാസവും ഞങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യുകയും എല്ലാ മാസം അഞ്ചിന് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യമാസങ്ങളിൽ പ്രതിഫലം കിട്ടാതിരുന്നത് ഞങ്ങൾ വലിയ കാര്യമായി എടുത്തില്ല, നാല് മാസം വരെ ന്യൂനപക്ഷ ഡയറക്‌ട്രേറ്റിൽ നിന്നും പറയുന്നത് ഞങ്ങൾ അതേപടി മാന്യമായി സ്വീകരിക്കുകയും ചെയ്തു. സർക്കാർ മേഖല ആയതുകൊണ്ടു തന്നെ അവരുടെ വാക്കുകളിൽ ഞങ്ങൾ ആശ്വാസം കൊണ്ടു. പക്ഷെ, നാല് മാസം കഴിഞ്ഞിട്ടും ഓണറേറിയത്തെ കുറിച്ച് യാതൊരു വിവരം ഇല്ലാതായപ്പോഴാണ് ഞങ്ങൾ ഓണറേറിയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കാൻ തുടങ്ങിയത്. പിന്നീട് കളക്‌ട്രേറ്റിലും മറ്റുമൊക്കെ ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ താൽകാലികം രക്ഷപ്പെടാനുള്ള മറുപടിയായിരുന്നു അവരുടെ ഭാഗത്തു നിന്നെല്ലാം ഉണ്ടായിരുന്നത്.

ഇതേ പരാതി സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പ്രമോട്ടർമാർക്കും ഉണ്ടായിരുന്നു. ഇത് ഒറ്റപ്പെട്ട പരാതികൾക്കപ്പുറം ഞങ്ങളെല്ലാം ഏകീകരിക്കുകയും ഒരുമിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഞങ്ങൾ എല്ലാ ജില്ലകളിലും കമ്മറ്റികൾ രൂപീകരിക്കുകയും ഞങ്ങളുടെ ആവശ്യങ്ങളുമായി ശക്തമായി രംഗത്ത് വരികയും ചെയ്തത്. യൂണിയൻ രൂപീകരിച്ച ശേഷം ഞങ്ങൾ എട്ട് തവണ സെക്രട്ടേറിയേറ്റിൽ വിവിധ വകുപ്പുകളിൽ നിവേദനം നൽകിയിരുന്നു. അന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല, കെ.എം മാണി തുടങ്ങിയവർക്കെല്ലാം നിവേദനം സമർപ്പിച്ചിരുന്നു. ന്യൂനപക്ഷ പ്രമോട്ടർമാരായി ജോലി ചെയ്തവരിൽ നിരവധി സ്ത്രീകളും വിധവകളും വികലാംഗരുമെല്ലാം ഉണ്ടായിരുന്നു. ഈ തുക പ്രതീക്ഷിച്ച് കടം വാങ്ങിയവരും ധാരാളമാണ്.

നിവേദനങ്ങളും പരാതികളും ഞങ്ങൾ നിരവധി നൽകിയെങ്കിലും യാതൊരു തീരുമാനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഞങ്ങൾക്കു വേണ്ടി ശ്രമിക്കുകയും നിയമസഭയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നിയമസഭക്കകത്തും മന്ത്രിസഭയിലും ഉദ്യോഗ തലങ്ങളിലും മുന്നണികൾക്കിടയിലുമെല്ലാം പ്രമോട്ടർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. മതസംഘടനകൾക്കിടയിൽ പോലും ഈ ഭിന്നത നില നിൽക്കുന്നു എന്നതാണ് സത്യം. ഇതിന്റെ പേരിൽ നിരപരാധികളായ നിരവധി യുവതി യൂവാക്കൾക്കാണ് ബലിയാടുകളായിരിക്കുന്നത്. അതുമാത്രമല്ല അഞ്ചാം മന്ത്രി വിവാദമൊക്കെ ആയിട്ടും ഇത്തരത്തിൽ വിവാദമായ ഒരു മന്ത്രി ഇത്തരം പ്രവർത്തനങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് അതിനെ ആ രീതിയിൽ നോക്കി കാണുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.

അതുകൊണ്ട് തന്നെ ഒരു മേഖലയിൽ നിന്നും ഞങ്ങൾക്ക് അനുകൂലയായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ബന്ധപ്പെടുമ്പോഴെല്ലാം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും ഫണ്ട് ഇല്ല എന്ന മറുപടി മാത്രമാണ് ഇവർക്ക് പറയാനുള്ളത്. ഇവിടെ 418 ബാറുകൾ പൂട്ടിയിട്ട് അവിടത്തെ തൊഴിലാളികൾക്ക് 5000 രൂപ വീതം നൽകാൻ കേരള ഖജനാവിൽ ഇന്ന് ഫണ്ട് ഉണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ്, അതായത് 92 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ മലബാർ സ്‌പെഷൽ പൊലീസിന്റെ വാർഷിക സമ്മേളനം പൊടിപൊടിക്കുന്നതിനും സർക്കാറിന് പണമുണ്ട്. ന്യൂനപക്ഷ പ്രമോട്ടർമാർക്ക് നൽകാൻ പണമില്ല. ഞങ്ങൾക്ക് കിട്ടേണ്ട പ്രതിഫലം കിട്ടിയില്ലെന്ന് മാത്രമല്ല, ഈ സമയത്ത് തന്നെയായിരുന്നു സംസ്ഥാനത്തെ എസ്.സി പ്രമോട്ടർമാരുടെ ഓണറേറിയം നാലായിരത്തിൽ നിന്നും ഏഴായിരമായി വർദ്ധിപ്പിച്ചത്. മാത്രമല്ല വർഷം തോറും ഈ തസ്തികയിലേക്ക് പുതുക്കി നിയമിക്കുന്നുമുണ്ട്.

പ്രതിഫലം നൽകുന്നതിന് സർക്കാർ പലതവണ തിയ്യതി നിശ്ചയിച്ചെങ്കിലും അപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. ലോകസഭാ ഇലക്ഷനു മുമ്പായി ട്രഷറിയിൽ പണം വന്നിരുന്നെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് പിന്നീട് അത് മടക്കി അയച്ചതാണെന്നും പറഞ്ഞിരുന്നു. പിന്നീട് ഓണത്തിന് മന്ത്രി മഞ്ഞളാംകുഴി അലി തരാമെന്ന് ഉറപ്പ് നൽകിയെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കില്ല എന്നായിരുന്നു മറുപടി. അവസാനമായി പെരുന്നാളിനു മുമ്പായി നൽകാമെന്ന് ന്യൂനപക്ഷ ഡയറക്ടറേറ്റിൽ നിന്നും ഞങ്ങൾക്ക് ഉറപ്പ് നൽകിയതായിരുന്നു, പക്ഷെ അതും പാലിക്കാൻ പറ്റിയിട്ടില്ല. ഞങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും ന്യൂനപക്ഷ പ്രമോട്ടർമാർക്ക് അവകാശപ്പെട്ട പ്രതിഫലം നേടിയെടുക്കുന്നതിനു വേണ്ടി ഇനി ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലുമെല്ലാം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുക എന്നാണ് ഞങ്ങളുടെ തീരുമാനം.