കൊൽക്കത്ത: 96 കാരിയായ അമ്മയെ വീട്ടിൽ പൂട്ടിയിട്ട് മകൻ ആൻഡമാൻ ദ്വീപുകളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. അനന്തപുരിലെ ചൗഭാഗ മേഖലയിലാണ് സംഭവം. മകൻ വിശാഖിനൊപ്പം താമസിച്ചുവന്ന സബിത നാഥിനാണ് മകനിൽ നിന്ന് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾ കാണിക്കുന്ന അലംഭാവം നിരന്തരം വാർത്തയാകുന്നതിനിടെയാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അമ്മയെ വീട്ടിൽ തനിച്ചാക്കി വീടുംപൂട്ടി മകൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വീട്ടിലെത്തിയ മകളാണ് അമ്മയെ രക്ഷപ്പെടുത്തിയ ശേഷം ഈ അവസ്ഥയിൽ മകൻ ഉപേക്ഷിച്ച് പോയ കാര്യം പൊലീസിൽ അറിയിച്ചത്. മൂന്നുദിവസമായി ആഹാരമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞ വയോധിക ആകെ ക്ഷീണിതയായിരുന്നു. രണ്ടുതവണ ഛർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സബിതയുടെ മകൾ ജയശ്രീ കായൽ ബാരക്പൂരിലാണ് താമസിക്കുന്നത്. ഞായറാഴ്ച എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ കാണുകയായിരുന്നു. എന്നാൽ ബാത്ത് റൂമിൽ നിന്ന ശബ്ദം കേട്ടതോടെ അവർ അയൽക്കാരുടെ സഹായം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അഞ്ച് മക്കളുണ്ട് സബിതയ്ക്ക്. സംഭവത്തെ തുടർന്ന് മകൾ ജയശ്രീ അമ്മയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന് എതിരെ ഇവർ പൊലീസിൽ പരാതിയും നൽകി.

മകൻ വീടുപൂട്ടി താക്കോൽ വേലക്കാരിയെ ഏൽപ്പിക്കുകയായിരുന്നു എന്നും അവൾ ഒരുദിവസം ഭക്ഷണം കൊണ്ടുവന്നു തന്നു എന്നുമാണ് സബിത പറയുന്നത്. മകളും അയൽക്കാരും ചേർന്ന് വീട് തുറന്ന് എത്തിയപ്പോൾ ഇടുങ്ങി മുറിയിലെ ബെഡ്ഡിൽ ഛർദ്ദിലിൽ കുളിച്ച് കിടക്കുകയായിരുന്നു സബിത.

അടുത്തിടെ മുംബൈയിൽ ഫ്‌ളാറ്റിൽ കഴിഞ്ഞ വയോധികയായ അമ്മ മരിച്ചത് മാസങ്ങൾ കഴിഞ്ഞിട്ടും പുറംലോകം അറിയാത്ത സംഭവമുൾപ്പെടെ ഉണ്ടായിരുന്നു. വിദേശത്തു നിന്ന് മക്കൾ വിളിക്കുകപോലും ചെയ്യാതിരുന്നതിനെ തുടർന്നാണ് ഇവരുടെ മരണം ആരും അറിയാതിരുന്നത്. കേരളത്തിലും തിരുവനന്തപുരത്ത് മെഡിക്കൽകോളേജിന് സമീപം താമസിച്ചിരുന്ന വയോധികൻ മരിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് വിവരം ബന്ധുക്കൾ അറിയുന്നത്. ഇത്തരത്തിൽ പ്രായമായ മാതാപിതാക്കളെ ഒറ്റയ്ക്ക് താമസിക്കാൻ വിടുന്നതും അവരെ വേണ്ടവിധം സംരക്ഷിക്കാത്തതുമായ പ്രവണതകൾ ഏറിവരികയാണിപ്പോൾ.