- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിയ 98 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി; കഞ്ചാവു കടത്തി കൊണ്ടുവന്നത് ചരക്ക് ലോറിയിൽ ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു വെച്ചു കൊണ്ട്; ഒരു കോടി രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ
കൽപ്പറ്റ: വയനാട്ടിൽ വൻ കഞ്ചാവു വേട്ട. പച്ചക്കറി ലോറിയിൽ ഒളിച്ചു കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് തോൽപ്പെട്ടിയിൽ എക്സൈസ് അധികൃതർ പിടികൂടി. കേരള കർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഇന്ന് പുലർച്ചെ നാല് മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ചരക്ക് ലോറിയിൽ ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ട് വന്നത്. ലോറിയിലുണ്ടായിരുന്ന വയനാട് വൈത്തിരി അത്തിമൂല സ്വദേശി പി.രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി ചാമ്പക്കടവു സ്വദേശി ആർ അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
അടുത്തകാലത്ത് എക്സൈസ് നടത്തിയതിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആന്ധ്രയിൽ നിന്ന് കേരളത്തിൽ വിൽപ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. പിന്നിൽ പ്രവർത്തിച്ച മറ്റു പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ഒരാഴ്ചയിലധികമായ എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ കഞ്ചാവ് പിടികൂടാൻ കഴിഞ്ഞത്. .എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ.സുനിൽ, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ എന്നിവരാണ് നേതൃത്വം നൽകിയത്. പച്ചക്കറി വണ്ടികളിൽ വ്യാപകമായി ലഹരി കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് നിയന്ത്രങ്ങളുള്ളതിനാൽ വാഹന പരിശോധന കുറഞ്ഞതും ചരക്ക് ലോറികളിൽ ലഹരി വസ്തുക്കൾ കടത്താൻ മറയാകുന്നുണ്ട്.