- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എ ബി ബർദാൻ അന്തരിച്ചു; അന്ത്യം പക്ഷാഘാതത്തെ തുടർന്നു ഡൽഹിയിലെ ജെ ബി പന്ത് ആശുപത്രിയിൽ; ചരിത്രത്തിന്റെ ഭാഗമാകുന്നതു കേരളീയർക്കും പ്രിയപ്പെട്ട നേതാവ്
ന്യൂഡൽഹി: സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എ ബി ബർദാൻ അന്തരിച്ചു. 92 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്നു ഡൽഹിയിലെ ജി ബി പന്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡിസംബർ ഏഴിനാണ് ബർദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാത്രി ഏഴരയോടെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു. ബംഗ്ലാ
ന്യൂഡൽഹി: സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എ ബി ബർദാൻ അന്തരിച്ചു. 92 വയസായിരുന്നു.
പക്ഷാഘാതത്തെ തുടർന്നു ഡൽഹിയിലെ ജി ബി പന്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡിസംബർ ഏഴിനാണ് ബർദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാത്രി ഏഴരയോടെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ സിലിഹട്ടിൽ ഹേമേന്ദ്രകുമാർ ബർദന്റെ മകനായാണു ബർദാൻ ജനിച്ചത്. അച്ഛനു ജോലിയിൽ സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നു കുട്ടിക്കാലത്തു തന്നെ നാഗ്പൂരിലേക്കു വന്നു.
എഐഎസ്എഫിലൂടെ 14ാം വയസ്സിൽ രാഷ്ട്രീയത്തിലേക്കും പിറ്റേവർഷം കമ്യൂണിസ്റ്റ് പാർട്ടിയിലും എത്തി. നാഗ്പൂർ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമവും പഠിച്ച ബർദാൻ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായിരുന്നു. തൊഴിലാളി യൂണിയൻ പ്രവർത്തനത്തിനിടെ മൂന്നരവർഷം ജയിൽവാസവും അനുഭവിച്ചു. മൂന്നരവർഷം ഒളിവിലും കഴിഞ്ഞു. സർവകലാശാലയിൽ നിന്നിറങ്ങിയതു സംയുക്ത മഹാരാഷ്ട്രാ സമരമുന്നണിയിലേക്കാണ്.
1957ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വർഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സിപിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2012 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഡൽഹിയിലെ സിപിഐ ആസ്ഥാനത്തു തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം.
സിപിഐയാണ് യഥാർഥ കമ്യൂണിറ്റ് പാർട്ടിയെന്ന് ഉറച്ചുവിശ്വസിച്ച വ്യക്തിയായിരുന്നു ബർദാൻ. സിപിഎമ്മും സിപിഐയും ഒരുമിച്ചു നിൽക്കണമെന്നും ബർദൻ വാദിച്ചിരുന്നു. ഭാര്യ: പരേതയായ പത്മാ ദേവ്. മക്കൾ: പ്രൊഫ. അശോക് ബർദാൻ, ഡോ. അൽക്ക ബറുവ.