- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുമ്പേ പരിചയമുള്ള രണ്ടു പേർ, കൂട്ടായിരുന്ന പങ്കാളികൾ പൊലിഞ്ഞപ്പോൾ വർധക്യത്തിൽ ഒറ്റപ്പെട്ടു; മക്കൾ മുൻകൈയെടുത്ത് വിവാഹ ആലോചന ഉറപ്പിച്ചത് ഒമ്പത് മാസം മുമ്പ്; കോവിഡ് കാലത്ത് വിവാഹത്തിൽ കലാശിക്കും വരെ പ്രണയം; 73 കാരൻ വർഗ്ഗീസും 68 കാരിയായ അശ്വതിയും പുതുജീവിതം തുടങ്ങുമ്പോൾ
കൊച്ചി: 73-ാം വയസ്സിൽ വിവാഹമോ? കേൾക്കുന്നവർ മൂക്കത്ത് വിരൽ വയ്ക്കുമ്പോൾ വി.കെ വർഗ്ഗീസിനും അശ്വതി വർഗ്ഗീസിനും പറയാൻ ഏറെയുണ്ട്. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ അതി ഭീകരമാണ്. പ്രത്യേകിച്ച് മക്കളാരും അടുത്തില്ലാത്തവർക്കും പങ്കാളി മരിച്ചു പോകുകയോ പിരിഞ്ഞു ജീവിക്കുന്നവരോ ആയവർക്കും. ആ ഒറ്റപ്പെടലിനെ അതിജീവിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിവാഹം തന്നെയാണെന്നാണ് ഇരുവരും പറയുന്നത്. പരസ്പരം ഓർമ്മകൾ അയവിറക്കി, പറയാൻ ബാക്കി വച്ച കാര്യങ്ങൾ പറഞ്ഞും, സന്തോഷവും വിഷമവും പങ്കുവച്ചും വാർദ്ധക്യം ബാധിച്ച മനസ്സിനെ യുവത്വത്തിലേക്ക് കൊണ്ടു പോയും ജീവിതം സന്തോഷകരമാക്കാൻ കഴിയും. ഇക്കാരണത്താലാണ് 73 കാരനായ വി.കെ വർഗ്ഗീസും 68 കാരിയായ അശ്വതി വർഗ്ഗീസും വിവാഹം കഴിച്ച് ഒന്നായത്.
വീകേവീസ് കേറ്ററേഴ്സ് ഉടമയാണ് കണ്ടനാട് വി.കെ. വർഗീസ്. കൽപന ബ്യൂട്ടി പാർലറിന്റെ ഉടമയാണ് അശ്വതി വർഗ്ഗീസ്. മൂന്ന് ദിവസം മുൻപാണ് ഇരുവരും വിവാഹം കഴിച്ചത്. രണ്ടുപേരുടെയും രണ്ടാം വിവാഹം. മക്കളും കൊച്ചുമക്കളും ഉൾപ്പെടെ 20 പേരാണ് കണ്ടനാട് പള്ളിയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കൊരു സന്ദേശമായി ഇരുവരും കോവിഡിനിടയിലെ ഈ വിവാഹത്തെ കാണുന്നു. വർഗീസിന്റെ ആദ്യ ഭാര്യ സുശീല (റിട്ട. താലൂക്ക് ഓഫിസർ, കണയന്നൂർ) മൂന്നര വർഷം മുൻപു മരിച്ചു. 3 മക്കളും അവരുടെ കുടുംബവും കേരളത്തിനു വെളിയിലാണ്. ലണ്ടനിൽ ഡോക്ടർ ആയിരുന്ന അശ്വതിയുടെ ഭർത്താവ് രണ്ടര വർഷം മുൻപു മരിച്ചു. മകളും കൊച്ചുമകളുമുണ്ട്. രണ്ടുപേർക്കും നേരത്തേ അറിയാം. പല ചടങ്ങുകളിലും ഒന്നിച്ചു കണ്ടിട്ടുണ്ട്. അശ്വതിയുടെ ഭർത്താവിനെ വർഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു.
രണ്ടു വർഷം മുൻപാണ് പൊതുസുഹൃത്തായ ഒരാൾ അശ്വതിയെ വിവാഹം കഴിച്ചുകൂടെ എന്ന് ചോദിച്ച് വന്നത്. എന്നാൽ വർഗീസ് നിരുത്സാഹപ്പെടുത്തി. പിന്നീട് സുഹൃത്ത് മൂത്ത മകനു മുന്നിൽ ഇക്കാര്യം അറിയിച്ചു. മക്കൾ മൂവരും ചേർന്ന് അപ്പന്റെ കല്യാണക്കാര്യം ആലോചിക്കുകയും അശ്വതിയുടെ കുടുംബക്കാരുമായി സംസാരിക്കുകയും ചെയ്തു. അവരും സമ്മതം മൂളിയതോടെ പിന്നെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 9 മാസം മുൻപാണ് വിവാഹം മക്കളെല്ലാം ചേർന്ന് ഉറപ്പിച്ചത്. അന്നു മുതൽ ഞങ്ങൾ പ്രണയിക്കുകയായിരുന്നു. എല്ലാ ദിവസവും ജോലിത്തിരക്ക് കഴിഞ്ഞ് രാത്രിയിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അശ്വതി പഠിച്ചതും വളർന്നതുമെല്ലാം ഡെൽഹിയിലായിരുന്നു. മെഡിസിന് പഠിച്ചെങ്കിലും പിന്നീട് ബ്യൂട്ടീ പാർലർ രംഗത്തേക്ക് വരികയായിരുന്നു. എന്നാൽ ഞാൻ കേരളത്തിലെ സാധാരണ സ്ക്കൂലിൽ പഠിച്ചു വളർന്നവനാണ്. ഇംഗ്ളീഷ് വശമില്ലാ. പക്ഷേ അസ്വതി സംസാരിക്കുന്നത് ഇംഗ്ലീഷിൽ മാത്രമായിരുന്നു. ഫോൺവിളിക്കുമ്പോൾ ഇക്കാര്യമൊക്കെ ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും 9 മാസങ്ങൾകൊണ്ട് പരസ്പരം മനസ്സിലാക്കി;- വർഗ്ഗീസ് പറയുന്നു.
ഭർത്താവ് മരിച്ച ശേഷം മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലാ എന്നാണ് അശ്വതി വർഗ്ഗീസ് പറയുന്നത്. എന്നാൽ മകൾ നീനയുടെ നിർബന്ധമാണ് വിവാഹത്തിലേക്കെത്തിച്ചത്. വർഗ്ഗീസിനെ പരിചയപ്പെട്ടതുമുതൽ മൂന്ന് വർഷമായി നയിച്ച ഏകാന്ത ജീവിതത്തിന് വിരാമമാകുകയായിരുന്നു. ബ്യൂട്ടീ പാർലറിന്റെ തിരക്കുകൾക്കിടയിൽ ആദ്യമൊന്നും ഒറ്റപ്പെടൽ ആനുഭവിച്ചില്ല. എന്നാൽ കോവിഡ് വന്നതോടുകൂടിയാണ് തനിച്ചാകുന്നതു പോലെ തോന്നിയത്. അതിൽ നിന്നുള്ള രക്ഷപെടലായിരുന്നു വർഗ്ഗീസുമായുള്ള ബന്ധം. 68 ൽ നിന്നും 20 ലേക്ക് എത്തിയതുപോലെയാണ് അപ്പോൾ തോന്നിയത് എന്നും അശ്വതി പറഞ്ഞു.
കോവിഡുകാലത്തെ ഒറ്റപ്പെടലിനെ പറ്റി വർഗ്ഗീസ് അമേരിക്കയിലുള്ള മകനോട് പറഞ്ഞതാണ് വിവാഹത്തിലേക്ക് എത്താൻ കാരണമായത്. കണ്ടനാട്ടിലെ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്സ് വെള്ളം എടുത്തു തരാൻ പോലും ആരും ഇല്ലാതിരുന്ന സമയമുണ്ടായിരുന്നു. ജോലിക്കാരുണ്ടെങ്കിലും എപ്പോഴും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അവർക്ക് കഴിയില്ല. മാത്രമല്ല മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാളില്ലാത്തതും വലിയ വേദനയായിരുന്നു. മക്കൾ എന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിവാഹ തീരുമാനം എടുത്തത്. അവരുടെ നിർബന്ധത്തിന് ഞാൻ വഴങ്ങി. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ ഞങ്ങളുടെ ഈ തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയൂ എന്നും വർഗ്ഗീസ് പറഞ്ഞു.
വർഗ്ഗീസിന്റെ മൂത്ത മകൻ അഡ്വ. കുര്യാക്കോസ് വർഗ്ഗീസാണ് എല്ലാത്തിനും മുൻപന്തിയിൽ നിന്നത്. ഒറ്റപ്പെട്ട അവസ്ഥയിൽ അപ്പന് കൂട്ടായി ഒരാൾ വേണമെന്ന സഹോദരങ്ങളുടെയും തീരുമാനത്തിന്റെ പുറത്താണ് അശ്വതി ആന്റിയുമായി വിവാഹം നടത്തിയത്. അവരുടെ മാനസികാവസ്ഥ എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞതാണ് ഈ തീരുമാനത്തിന് പിന്നിൽ. സുഹൃത്തുക്കളും ഞങ്ങളുടെ ഭാര്യമാരുടെ വീട്ടുകാരുമെല്ലാം അനുഭാവപൂർവ്വമായാണ് തീരുമാനത്തിന് ഒപ്പം നിന്നത്. തനിച്ചായി പോകുന്നവരെ ചേർത്ത് പിടിക്കുക, അത് നമ്മുടെ വീട്ടിൽ നിന്നും തുടങ്ങട്ടെ, മറ്റുള്ളവർക്ക് മാതൃകയാവട്ടെ എന്നും കുര്യാക്കോസ് പറയുന്നു.
സിഎ പഠിക്കാൻ 55 വർഷം മുൻപു കൊച്ചി നഗരത്തിലെത്തിയ വർഗീസ് പല റസ്റ്ററന്റുകളും നടത്തിയ ശേഷം 1985 ൽ 'വീകേവീസ്' കേറ്ററിങ് തുടങ്ങി. കൊച്ചിയിൽ വീക്ഷണം റോഡിലെ അശ്വതിയുടെ 'കൽപന' ബ്യൂട്ടി പാർലർ സിനിമാ നടിമാരുടെ പ്രിയപ്പെട്ട ഇടമാണ്. വിവാഹ ശേഷം വധൂവരന്മാർ പനമ്പുകാട് കായൽത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി. തങ്ങലുടെ ജീവിതം മറ്റുള്ളവർക്ക് സന്ദേശമാവട്ടെയെന്ന് ഇരുവരും പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.