മുംബൈ: അടിസ്ഥാന സൗകര്യ - വ്യവസായ രംഗത്ത് പുരോഗതി ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഓഹരി വിപണിയിൽ ആവേശം പകർന്നു. 

തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. നിഫറ്റി സർവകാല റെക്കോഡോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂലായ് 25 ന് നിഫ്റ്റിയിൽ രേഖപ്പെടുത്തിയ 7840 പോയന്റ എന്ന റെക്കോഡാണ് പഴങ്കഥയായത്.

നിഫ്റ്റി 82 പോയന്റ് വർധിച്ച് 7874ലും, സെൻസെക്‌സ് 287 പോയന്റ് ഉയർന്ന് 26390ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിൽ എണ്ണവില കുറഞ്ഞതും, കേന്ദ്രസർക്കാർ നയങ്ങളിലുളള പ്രതീക്ഷയുമാണ് വിപണിയിൽ പ്രതിഫലിച്ചത്. സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുമെന്ന പ്രതീക്ഷയിൽ വിദേശമൂലധന ഒഴുക്ക് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്രദിനപ്രസംഗത്തിൽ അടിസ്ഥാനസൗകര്യവികസനമേഖലയെയും, ഉല്പാദനമേഖലയെയും പ്രോത്സാഹിപ്പിക്കുമെന്ന വാഗദാനവും വിപണിയെ സ്വാധീനിച്ചു.

ആഗോളതലത്തിൽ എണ്ണവിലകുറയുന്നതും, ആഗോള രാഷ്ട്രീയ സ്ഥിതിഗതികളിൽ അനുകൂലമായ മാറ്റം ഉണ്ടാകുന്നതും വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. മൂലധന സമഗ്രി, ബാങ്ക്, ഓയിൽ ആന്റ് ഗ്യാസ്, ഉപഭോക്തൃ ഉൽപന്നങ്ങൾ, ലോഹം, ഹെൽത്ത് കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.