കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും വീക്ഷണം പത്രത്തിന്റെ എംഡിയുമായ എ സി ജോസ് അന്തരിച്ചു. 1982ൽ നിയമസഭയുടെ സ്പീക്കറായിരുന്നു ജോസ്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച മൂന്നിനു ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് സംസ്‌കാരം.

1937 മെയ് ഒമ്പതിനു എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. എൽഎൽബി, എംഎൽ നിയമ ബിരുദങ്ങൾ നേടി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കെഎസ്‌യു പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കൊച്ചി മേയർ, യുഎൻ പൊതുസഭയിലെ ഇന്ത്യൻ പ്രതിനിധി എന്നിങ്ങനെ പടവുകൾ നടന്നുകയറി.

1980ൽ എറണാകുളം പറവൂർ മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1982 ഫെബ്രുവരി മൂന്നു മുതൽ ജൂൺ 23വരെയുള്ള ചുരുങ്ങിയ കാലയളവിൽ നിയമസഭാ സ്പീക്കറായി സേവനം അനുഷ്ഠിച്ചു. പിന്നീടു 1996ൽ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1998, 1999 വർഷങ്ങളിലും വിജയമാവർത്തിച്ചു.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കേരള യാത്ര കൊച്ചിയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം കെപിസിസി യോഗവും ചേർന്നു. അതുകൊണ്ട് തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം കൊച്ചിയിലുണ്ട്. എല്ലാ പ്രമുഖ നേതാക്കളും എസി ജോസിന്റെ മരണ വാർത്ത അറിഞ്ഞതോടെ ആശുപത്രയിലും അദ്ദേഹത്തിന്റെ വീട്ടിലും എത്തിക്കഴിഞ്ഞു.