- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്; തന്റെ ബന്ധുക്കളാരും കരുവന്നൂർ ബാങ്കിൽ ഇല്ല; മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല; ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോയെന്ന് അറിയില്ല; കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ചു എ സി മൊയ്തീൻ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ബന്ധുവിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മുൻ മന്ത്രി എ.സി മൊയ്തീൻ. തന്റെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ലെന്ന് മൊയ്തീൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിന്റെ പേരും പറയണമെന്നും മൊയ്തീന് ആവശ്യപ്പെട്ടു.
തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ പറഞ്ഞു. ബിജെപി കാടടച്ചു വെടിവെക്കുകയാണ്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിജു കരീമും ഒരു പരിപാടിയിൽ ഒരുമിച്ചു പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. മുൻ മന്ത്രി എ.സി മൊയ്തീന്റെ ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ട്. അന്വേഷണം സിപിഎം നേതാക്കളിൽ എത്താതിരിക്കാനാണ് ക്രൈംബ്രാഞ്ച് അമ്പേഷിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതിനിടെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ വ്യക്തമാക്കി. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. എന്നാൽ, പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്തത്. 2014 മുതൽ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ക്രമക്കേട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. സഹകരണ വകുപ്പ് പരിശോധനയിൽ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ