മസ്‌ക്കറ്റ്: ആരോഗ്യസംബന്ധമായ എന്തു സംശയങ്ങളും ഇനി രാജ്യത്ത് ഒരു വിളിപ്പാടകലെ. ഹെൽത്ത് ടിപ്പുകൾ പറഞ്ഞുകൊടുക്കുന്നതിനായുള്ള കോൾ സെന്റർ ഇന്നലെ ഹെൽത്ത് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു. ഇനി മുതൽ ആരോഗ്യസംബന്ധമായ ഏതു സംശയത്തിനും സ്‌പെഷ്യലിസ്റ്റുകളുടെ പക്കൽ നിന്ന് മറുപടി ലഭിക്കും.

എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി 9.30 വരെയാണ് കോൾ സെന്ററുകളെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. നിശ്ചിത സമയത്തിനുള്ളിൽ 24441999 എന്ന നമ്പർ ഡയൽ ചെയ്യുന്നവർക്ക് സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാകും. പൊതു അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയായിരിക്കും കോൾ സെന്ററുകളുടെ പ്രവർത്തന സമയം. 

മെഡിക്കൽ ബോധവത്ക്കരണം, സംശയങ്ങൾക്കുള്ള മറുപടികൾ, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളാണ് കോൾ സെന്ററിലൂടെ ലഭിക്കുക. തുടക്കത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് മാത്രമാണ് കോൾ സെന്റർ സേവനം ലഭ്യമാകുന്നതെങ്കിലും മെല്ലെ മസ്‌ക്കറ്റ് വിലായത്ത് മുഴുവനായും ഈ സേവനം ലഭിക്കും. പബ്ലിക് അഥോറിറ്റി ഫോർ ഹെൽത്ത് കെയറിന്റെ കീഴിൽ ക്യൂരിയത്ത് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.