- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഹാട്രിക് നേടിയ മുൻ എംപി എ ചാൾസ് അന്തരിച്ചു; വിടപറയുന്നത് കരുണാകരന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങൾ പാർലമെന്റിലെത്തിച്ച നാടാർ നേതാവ്
തിരുവനന്തപുരം: മുൻ എംപി എ ചാൾസ് അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11.30ന് തിരുവനന്തപുരം കണ്ണമ്മൂല സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. ചാൾസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ, നീലലോഹിതദാസൻ
തിരുവനന്തപുരം: മുൻ എംപി എ ചാൾസ് അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11.30ന് തിരുവനന്തപുരം കണ്ണമ്മൂല സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. ചാൾസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ, നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ അനുശോചിച്ചു.
1984 മുതൽ തുടർച്ചയായി മൂന്നുതവണ തിരുവനന്തപുരം ലോക്‌സഭാംഗമായിരുന്നു. 1991ൽ കോൺഗ്രസ് നിർവാഹക സമിതി അംഗമായിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരനാണ് ചാൾസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. കാഞ്ഞിരംകുളം സ്വദേശിയായ ചാൾസ് പിഎസ്‌സി ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായും പ്രവർത്തിച്ചു.
തിരുവിതാംകൂറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചത് എ ചാൾസെന്ന പാർലമെന്റ് അംഗമാണ്. നാടാർ കരുത്തിൽ തിരുവനന്തപുരം ഉറപ്പിക്കാമെന്ന് 1984ലെ ചാൾസിന്റെ വിജയം വിളിച്ചുപറഞ്ഞു. ലീഡറെന്ന കെ. കരുണാകന്റെ രാഷ്ട്രീയ ചാണക്യ തന്ത്രമാണ് ചാൾസെന്ന രാഷ്ട്രീയക്കാരന്റെ പിറവിക്ക് പിന്നിൽ. തിരഞ്ഞെടുപ്പുകൾ പലത് കടന്നു പോയെങ്കിലും തിരുവനന്തപുരത്ത് ഹാട്രിക് വിജയം സ്വന്തം പേരിലുള്ളത് ചാൾസിന് മാത്രമാണ്.
നായർ രാഷ്ട്രീയത്തോടായിരുന്നു തിരുവനന്തപുരത്തെ പാർലമെന്റിനോട് എന്നും താൽപ്പര്യം. ചുറുചുറുക്കുള്ള പ്രസംഗവുമായി സിപിഐയുടെ കരുത്തനായ സ്ഥാനാർത്ഥി എം.എൻ ഗോവിന്ദൻ നായരെ ഒരു ലക്ഷം വോട്ടിന് നീലലോഹിത ദാസൻ നാടാർ അട്ടിമറിച്ചു. അപ്പോഴും തിരുവനന്തപുരത്തിന്റെ മനസ്സിനെ കരുണാകരനല്ലാതെ മറ്റാരും തിരിച്ചറിഞ്ഞില്ല. 1984ൽ തിരുവനന്തപുരം ലീഡർക്ക് പ്രസ്റ്റീജായി. നീലൻ മറുപക്ഷത്താണ്. ഇടതുപക്ഷത്ത് നീലന് എത്തുമ്പോൾ വിജയം കോൺഗ്രസിനൊപ്പമായേ പറ്റൂ-കരുണാകരൻ ഉറപ്പിച്ചു. അങ്ങനെ സിഎസ്‌ഐ ദക്ഷിണ മേഖല മഹാ ഇടവക സെക്രട്ടറിയായിരുന്ന ചാൾസ് 1984ലെ തെരഞ്ഞെടുപ്പിൽ താരമായി. 1989ലെ പൊതുതെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോൾ ചാൾസ് സൂപ്പർ താരവുമായി. അത്തവണ മലർത്തിയടിച്ചത് സാക്ഷാൽ ഒ.എൻ.വി കുറുപ്പിനെ. സിഎസ്‌ഐ ദക്ഷിണ മേഖല മഹാ ഇടവക സെക്രട്ടറിയായിരുന്ന ചാൾസ്.
80ലെ തിരഞ്ഞെടുപ്പിൽ എം എൻ ഗോവിന്ദൻ നായരെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ നീലലോഹിതദാസൻ നാടാരോട് ഏറ്റുമുട്ടാൻ ആരെന്നായി കോൺഗ്രസിലെ ചോദ്യം. കോൺഗ്രസ് രാഷ്ട്രീയം അന്ന് ലീഡറുടെ മനസ്സിനൊപ്പമായിരുന്നു. പലരും സ്ഥാനാർത്ഥിയാകാൻ മോഹിച്ചു. പക്ഷേ കരുണാകരൻ മാത്രം മനസ്സ് തുറന്നില്ല. ഒടുവിൽ എല്ലാവരേയും ചൂണ്ടി ചാൾസിനെ കാണിച്ചു. പലരും അമ്പരന്നു. രാഷ്ട്രീയ പരിചയമില്ലാത്ത ചാൾസിന് നീലനെ വീഴ്‌ത്താൻ കഴിയില്ലെന്ന് പറഞ്ഞു. ഈ വെല്ലുവിളി ലീഡർ ഏറ്റെടുത്തു. ചാൾസ് ജയിച്ചു കയറുകയും ചെയ്തു.
ലീഡർ വിളിച്ചു, താൻ പോന്നു. ഇതാണ് തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചാൾസും പറഞ്ഞിട്ടുള്ളത്. ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായിരുന്ന ചാൾസ് സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങളുമായി കരുണാകരനെ കാണാൻ പോകുമായിരുന്നു. അതായിരുന്നു അദ്ദേഹവുമായുള്ള പരിചയം. ആ സമയത്ത് പി എസ് സി ബോർഡ് മെമ്പറായിരുന്നു ചാൾസ്. സിഎസ്‌ഐ സഭയുടെ പിന്തുണ തിരിച്ചറിഞ്ഞാണ് ചാൾസിനെ പിഎസ്എസി മെമ്പറാക്കി കരുണാകരൻ മാറ്റിയതും. ഈ പദവിയിൽ ഇരിക്കെയാണ് ചാൾസിനെ കരുണാകരൻ വിളിപ്പിച്ചത്.
മലപ്പുറത്ത് പിഎസ്എസിയുടെ ഔദ്യോഗിക ആവശ്യത്തിന് ചാൾസ് പോയതായിരുന്നു. ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാൻ ആവശ്യം വന്നു. അതനുസരിച്ച് ചാൾസ് കരുണാകരന് മുന്നിലെത്തി. പിഎസ്എസി മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം. ചാൾസ് തലകുലുക്കി. അപ്പോഴേക്കും തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥിയാകണമെന്ന കരുണാകരന്റെ ആവശ്യവും എത്തി. ഇതിനോട് ചാൾസ് സമ്മതം മൂളിയില്ല. തന്റെ കുറവുകൾ നിരത്തി ആ നിർദ്ദേശത്തെ എതിർത്തു.പക്ഷേ കരുണാകരൻ വിട്ടില്ല.
പിഎസ്എസി അംഗത്വം രാജിവച്ച് തിരുവനന്തപുരം സീറ്റിൽ മത്സരിക്കണം. അല്ലെങ്കിൽ സമുദായം എന്നൊക്കെപ്പറഞ്ഞ് ഇനി തന്റെ മുന്നിൽ വരരുത് എന്നായിരുന്നു കരുണാകരന്റെ അവസാന വാക്ക്. ഇത് ചാൾസിനെ കുഴക്കി. സമുദായ സ്‌നേഹമെന്ന വികാരത്തിൽ കരുണാകരൻ പിടിച്ചപ്പോൾ ചാൾസ് വഴങ്ങി. കരുണാകരന്റെ ശാഠ്യത്തിനു മുന്നിൽ തലകുനിക്കേണ്ടിവന്ന ചാൾസ് അങ്ങനെ സജീവ രാഷ്ട്രീയക്കാരനായി. ചാൾസിന്റെ സമുദായ സ്‌നേഹമറിയാവുന്ന നാടാർ സമുദായം ഒന്നിച്ച് വോട്ട് ചെയ്തപ്പോൾ നീലന് 1984ൽ വീണു.
എതിരാളിയെ തകർക്കാൻ ലീഡർക്ക് പല തന്ത്രങ്ങളുമുണ്ടായിരുന്നു. ചാൾസിന്റെ ആദ്യ മത്സരവേളയിൽ രാത്രി പുലരുവോളമായിരുന്നു പ്രചാരണം. ഇന്നത്തെ പോലെ പ്രചാരണം പത്ത് മണിക്ക് നിർത്തേണ്ട. രാവിലെ എട്ട് മണിക്ക് തുടങ്ങും. രാത്രി ഒരു മണിയൊക്കെ കഴിയുമ്പോൾ സ്ഥാനാർത്ഥി ഉറങ്ങി വീഴാൻ തുടങ്ങും. മുഖത്ത് വെള്ളം തളിച്ച് ഉണർത്തും. രണ്ടാം തവണ ഇതെല്ലാം മാറി. പിന്നീടങ്ങോട്ട് രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ ഉത്സാഹഭരിതനാകും-ഇങ്ങനെയാണ് വോട്ട് ചോദിക്കലിനെ ചാൾസ് വിശേഷിപ്പിച്ചിട്ടുള്ളത്.
ന്യൂനപക്ഷ നാടാർ വോട്ടുകളും ഭൂരിപക്ഷ സമുദായത്തേയും ഒരുമിപ്പിച്ചാണ് കരുണാകരൻ ചാൾസിന് വിജയമൊരുക്കിയത്. 1989ൽ തിരുവനന്തപുരം പിടിക്കാൻ ഒ.എൻ.വി. എത്തും. അപ്പോഴേക്കും നാടർ സമുദായത്തിന്റെ പ്രധാന നേതാവായി ചാൾസ് മാറി. അടുത്ത തവണയും വിജയം ആർത്തിച്ചു. തിരുവനന്തപുരത്തുകാരുടെ ആശാനായെ കെവി സുരേന്ദ്രനാഥാണ് ചാൾസിനെ ഹാട്രിക് പാർലമെന്റ് വിജയത്തിന് ഒടുവിൽ പരാജയപ്പെടുത്തിയത്. 1991ൽ കോൺഗ്രസ് പാർലമെന്ററി നിർവാഹക സമിതി അംഗമായും ചാൾസ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എങ്കിലും സിഎസ്‌ഐ സമുദായത്തിന്റെ പ്രധാനിയായി ചാൾസ് തുടർന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് നാടാർ വിഭാഗത്തിലെ പിന്തുണ അനുകൂലമാക്കി. നാമനിർദ്ദേശ പത്രികയിൽ ശശി തരൂരിനെ പിന്തുണച്ച് ഒപ്പിട്ടത് ചാൾസായിരുന്നു. നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ ചാൾസ് വികാരം ഇത്തവണയും ഉയർത്തി. തരൂർ ജയവും നേടി.