- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിക്കൊപ്പം ആഡംബര ജീവിതം; ശമ്പളം തികയാതെ വന്നതോടെ മാല മോഷണം; സിവിൽ എൻജിനീയർക്കെതിരെ 56 കേസുകൾ; ബൈക്കിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതിയെ ഇടിച്ചുവീഴ്ത്തി പൊലീസ്; കണ്ടെത്തിയത് 27 സ്വർണമാലകളും രണ്ടരലക്ഷം രൂപയും
മുംബൈ: ബൈക്കിലെത്തി ഒരു സ്ത്രീയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ സിവിൽ എൻജിനീയർ പിടിയിൽ. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് ഗംഗാപുർ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ മാല പൊട്ടിക്കൽ പതിവാക്കിയ ഇയാൾ 56 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പൊലീസുകാർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ ലക്ഷ്യമാക്കി ബൈക്കിൽ പതുക്കെ വരികയായിരുന്ന പ്രതിയെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാർ തിരിച്ചറിഞ്ഞു. ഇയാൾ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പൊലീസുകാർ പ്രതിയെ ഇടിച്ചുവീഴ്ത്തി. പ്രതിയും പൊലീസുകാരും നിലത്തുവീണെങ്കിലും ഉമേഷ് പാട്ടീലിനെ ഇവർ കൈയോടെ പിടികൂടുകയായിരുന്നു.
ഒരു ടീഷർട്ടിന് മുകളിലായി രണ്ട് ജാക്കറ്റുകളാണ് പിടിയിലായ സമയത്ത് ഉമേഷ് ധരിച്ചിരുന്നത്. മുകളിലെ ജാക്കറ്റ് അഴിച്ചപ്പോൾ അതിനകത്തൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഈ ബാഗിൽനിന്ന് നമ്പർ പ്ലേറ്റും സ്ക്രൂവും മാസ്ക്കുകളും കണ്ടെടുത്തു. കവർച്ചയ്ക്ക് ശേഷം ബൈക്കിൽ ഘടിപ്പിക്കാനായാണ് വ്യാജ നമ്പർ പ്ലേറ്റ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാർ ദിഖ്ലെ(30)യെയും മാല വിൽക്കാൻ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2015-ൽ സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ഉമേഷ് പാട്ടീൽ ഒരു കരാറുകാരന് കീഴിൽ ജോലിചെയ്തുവരികയായിരുന്നു. ഇവിടെനിന്നുള്ള ശമ്പളത്തിൽ തൃപ്തനല്ലാത്തതിനാലാണ് മാല മോഷണത്തിനിറങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. തുഷാറിനൊപ്പം ചേർന്നായിരുന്നു ആദ്യനാളുകളിലെ മോഷണം. 56-ൽ 26 കേസുകളിലും തുഷാറിനൊപ്പമായിരുന്നു കവർച്ച നടത്തിയത്. കഴിഞ്ഞ നവംബറിൽ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടർന്ന് ഉമേഷ് ഒറ്റയ്ക്കാണ് സ്ത്രീകളുടെ മാല പൊട്ടിക്കാനിറങ്ങിയിരുന്നത്.
കാമുകിക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനുമായാണ് എൻജിനീയറായ പ്രതി മാല പൊട്ടിക്കൽ പതിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് മാല പൊട്ടിക്കൽ വ്യാപകമായതോടെയാണ് ഗംഗാപുർ പൊലീസ് അന്വേഷണം ശക്തമാക്കിയത്. സീനിയർ ഇൻസ്പെക്ടർ റിയാസ് ഷെയ്ഖിന്റെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു. തുടർന്നാണ് ചിലയിടങ്ങളിൽ പട്രോളിങ് ശക്തമാക്കിയത്. ഈ കേന്ദ്രങ്ങളിൽ പൊലീസ് വാഹനത്തിലും മഫ്തിയിലും പട്രോളിങ് തുടർന്നു. ഇതിനിടെ ഉമേഷ് പാട്ടീൽ പിടിയിലാവുകയായിരുന്നു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 27 സ്വർണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മോഷ്ടിച്ച മാലകളായിരുന്നു ഇത്. സ്വർണത്തിന് ഇനിയും വില കൂടുമെന്ന് കരുതിയാണ് മാലകൾ വിൽക്കാതെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. വില കൂടുമ്പോൾ വിൽക്കാനായിരുന്നു പദ്ധതി. ഇതിനുപുറമേ മോഷണമുതലുകൾ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാൾ 48 ലക്ഷം രൂപയുടെ ഫ്ളാറ്റും ഒരു കാറും വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്