- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയ കേസ് അന്വേഷണത്തിൽ സിബിഐ വിട്ടുകളഞ്ഞ കാര്യങ്ങൾ എന്തൊക്കെ? മരണശേഷം ഭ്രാന്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചത് ആരൊക്കെ? നീതി തേടിയുള്ള മാതാപിതാക്കളുടെ പോരാട്ടവും കേസ് അട്ടിമറിക്കാനുള്ള സഭയുടെ നീക്കങ്ങളും; കേസ് തെളിയുമ്പോൾ ചർച്ചയാവുന്നത് 2010 ൽ ചിത്രീകരിച്ച ശ്യാംനാഥിന്റെ ഡോക്യുഫിക്ഷൻ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് സംബന്ധിച്ച് 2010 ൽ ചിത്രീകരിച്ച ഡോക്യുഫിക്ഷൻ വീണ്ടും ചർച്ചയാകുന്നു. സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ നാൾവഴികൾ പിന്തുടർന്ന് 2010 ൽ ചിത്രീകരിച്ച ഡോക്യുഫിക്ഷനിലെ അതേ കാര്യങ്ങളാണ് 2020 ഡിസംബർ 22ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തെളിയിക്കപ്പെട്ടതെന്ന് രചനയും സംവിധാനവും നിർവഹിച്ച ശ്യാംനാഥ് പറയുന്നു. ചിത്രീകരണ സമയത്തും പ്രദർശന വേളയിലും ഏറെ വെല്ലുവിളികൾ നേരിട്ട ഡോക്യുഫിഷനിൽ കോട്ടയം പയസ് ടെൻത് കോൺവെന്റ് മഠത്തിൽ അരങ്ങേറിയ ക്രൂരകൃത്യവും പിന്നീട് കേസിനെ അട്ടിമറിക്കുന്ന രീതിയിലുള്ള സഭയുടെ ഇടപെടലുകളും തുറന്നുപറയുന്നുണ്ട്.
മഠത്തിലെ അന്തേവാസിയും കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയ കൊല്ലപ്പെട്ട സാഹചര്യം എന്തെന്ന് ഡോക്യുഫിഷനിൽ വ്യക്തമാക്കുന്നു. 1992 മാർച്ച് 27ന് പുലർച്ചെ പഠനത്തിനായി ഏഴുന്നേറ്റ സിസ്റ്റർ അഭയ മഠത്തിന്റെ അടുക്കളയോട് ചേർന്ന ഭാഗത്ത് വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം നേരിൽ കണ്ടതിന്റെ പേരിൽ കൊല്ലപ്പെടുന്ന കാഴ്ച. സിസ്റ്റർ അഭയയെ പ്രതികൾ കൊലപ്പെടുത്തി മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ തള്ളിയെന്ന സിബിഐയുടെ കണ്ടെത്തലിന് സമാനമായാണ് ഡോക്യുഫിഷനിലെ രംഗങ്ങൾ. കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഫാ.തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കണ്ടതിന്റെ നടുക്കത്തിൽ നിൽക്കുന്ന അഭയയെ ഫാദർ കടന്നാക്രമിക്കുന്നതും കോടാലികൊണ്ട് സെഫി അഭയയുടെ പുറംതലയ്ക്കടിക്കുന്നതിന്റെയും ക്രൂരദൃശ്യങ്ങൾ. തുടർന്ന കോട്ടൂരിനൊപ്പം കോൺവെന്റിൽ എത്തിയ മറ്റൊരു വികാരിയെ വിളിച്ചുകൊണ്ടു വരുന്നതും മൂവരും ചേർന്ന അബോധാവസ്ഥയിലുള്ള സിസ്റ്റർ അഭയയെ കിണറ്റിൽ എറിയുന്നതും ഡോക്യുഫിക്ഷനിൽ കാണിക്കുന്നു. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അസാന്മാർഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവർ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐയും അന്വേഷിച്ച കേസ് വിവിധ ഘട്ടങ്ങളിൽ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ഡോക്യുഫിക്ഷനിൽ തുറന്നുകാട്ടുന്നു. ഇക്കാര്യം സിസ്റ്റർ അഭയയുടെ മാതാപിതാക്കളോട് നേരിട്ട് ചോദിച്ച് അറിയുന്നുണ്ട്. കേസിന്റെ അന്വേഷണത്തിനിടെ സഭയുടെ ഭാഗത്തുനിന്നും അഭിമുഖീകരിക്കേണ്ടി വന്ന സമ്മർദ്ദങ്ങളും ഭീഷണികളും അഭയയുടെ മാതാപിതാക്കളായ തോമസും ലീലയും ഡോക്യുഫിക്ഷനിൽ തുറന്നുപറയുന്നു. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മകളുടെ കത്ത് എത്തിയിരുന്നതായും പരീക്ഷയെപ്പറ്റിയും പ്രാർത്ഥിക്കണമെന്നും കത്തിൽ സൂചിപ്പി്ച്ചിരുന്നതായും തോമസ് ഓർത്തെടുക്കുന്നുണ്ട്. ആത്മഹത്യ എന്ന പൊലീസിന്റെ അടക്കമുള്ള കണ്ടെത്തലിനെ തള്ളിക്കളയുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ പരീക്ഷയെപ്പറ്റിയ ആശങ്കപ്പെടുമോ എന്ന് ചോദിക്കുന്നു. ഈ തെളിവുകൾ സിബിഐയ്ക്ക് കൈമാറിയെന്നും പറയുന്നു. സഭയുടെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെന്നും അഭയയുടെ അച്ഛൻ പറയുന്നു. കേസ് അവസാനിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകാൻ നിർബന്ധിച്ച കാര്യവും അച്ഛൻ തുറന്നു പറയുന്നുണ്ട്. കൂടാതെ മകളെ ഭ്രാന്തിയായി ചിത്രീകരിക്കാനും സഭയിലെ അംഗങ്ങൾ ശ്രമം നടത്തിയെന്നും മാതാപിതാക്കൾ പറയുന്നു.
മുൻ ക്നാനായ ബിഷപ്പ് ജോസഫ് കുന്നശ്ശേരി ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ കുമരകത്തെത്തിയ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിയെ നേരിട്ടുകണ്ട് ന്യൂനപക്ഷ പീഡന ഭീഷണി മുഴക്കി അന്വേഷണം അട്ടിമറിക്കാൻ നീക്കം നടത്തിയെന്ന് ആരോപിക്കുന്നു. പ്രതികളുടെ അറസ്റ്റിന് തൊട്ടുപിറകെ ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ ഇത് സിബിഐയും സിജെഎം കോടതിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് പറഞ്ഞതും ഡോക്യുഫിക്ഷനിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തരേന്ത്യയിൽ പാതിരിമാർക്കെതിരെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഊതിപ്പെരുപ്പിക്കുന്ന തൃശൂർ രൂപതയടക്കം സഭയുടെ ഒരു സംവിധാനങ്ങളും ഒരു കന്യാസ്ത്രീ ക്രൂരമായി കൊല്ലപ്പെട്ടിട്ടും പ്രതിഷേധം ഉയർത്തിയില്ല. മറിച്ച് ഘാതകരെ കോടതിയിൽ കൊണ്ടുവന്നതിനെതിരെ വിശ്വാസ പ്രഖ്യാപന റാലി നടത്തുകയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ വിട്ടുകളഞ്ഞ ചില കാര്യങ്ങൾ കൂടി ഡോക്യുഫിക്ഷനിൽ പറയുന്നുണ്ട്. പയസ് ടെൻതിലേക്ക് ഇടക്കിടെ സന്ദർശനം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ ജനാർദ്ദനൻ ശീമാട്ടി കണ്ണൻ, പാർത്ഥാസ് അയ്യപ്പൻ, സഞ്ജു പി മാത്യു, ദുരൂഹമായി അപ്രത്യക്ഷനായ ബിജു ജി പണിക്കർ ആപ്പിൾ സാം എന്നിവരെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ തയ്യാറായില്ല എന്ന് ആരോപിക്കുന്നു. അതോടൊപ്പം സംഭവങ്ങൾക്ക് സാക്ഷികളോ മാപ്പ് സാക്ഷികളോ ആകേണ്ടിയിരുന്ന സിസ്റ്റർമാരായിരുന്ന ലിസ്യു, ഷെർലി, ഹെലൻ, സിറിൽ, എൽസിറ്റ, ആനി ജോൺ, വിനീത, അടുക്കള ജോലിക്കാരികളായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരും സിസ്റ്റർ അനുപമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും സിബിഐ തയ്യാറായില്ലെന്നും ആരോപിക്കുന്നുണ്ട്.
ശലഭ ഡ്രീം ഫോക്കസിന്റെ ബാനറിൽ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ശ്യാംനാഥാണ് ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചത്. ലാലൂർ പ്രശ്നങ്ങളടക്കമുള്ള പൊതുവിഷയങ്ങൾ ഡോക്യുമെന്ററി ചെയ്ത് ശ്രേദ്ധേയനായ ശ്യാംനാഥ് അപ്രിയ സത്യങ്ങൾ വിളിച്ചുപറയാനുള്ളതാണെന്ന പ്രഖ്യാപനവുമായാണ് വെല്ലുവിളി ഏറ്റെടുത്തത്. വിശുദ്ധ മറിയം ത്രേസ്യ, വിശുദ്ധ അൽഫോൻസാമ്മ, ദൈവദാസി മതർ തെരേസ എന്നിവരെ ഓർമ്മപെടുത്തിയാണ് ഡോക്യുഫിക്ഷൻ ആരംഭിക്കുന്നത്. താന്നിക്കുടം സ്വദേശിനിയായ ചിഞ്ചുവാണ് സിസ്റ്റർ അഭയയായി അന്ന് വേഷമിട്ടത്.
മറുനാടന് ഡെസ്ക്