- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിലെ ഇടവക പള്ളിയിൽ സഹായി ആയിരിക്കെ കന്യാസ്ത്രീയോട് പ്രണയം; വിവാഹിതരായപ്പോൾ ജീവിക്കാൻ ഉള്ള കാശ് കൊടുത്ത് സഹായിച്ചത് വികാരി; തട്ടിപ്പിന് തുടക്കം കുറിച്ചതും ആ പണം കൊണ്ട്; മോൻസന്റെ കൗതുക കഥകൾ
ആലപ്പുഴ: മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരന്റെ ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോൾ ഇയാൾ വിവാഹം കഴിച്ചതെങ്ങനെയെന്നുള്ള വിവരങ്ങളാണ് ചർച്ചയാകുന്നത്. മോൺസന്റെ ആദ്യത്തെ പേര് മോനിച്ചൻ എന്നായിരുന്നു. ചേർത്തലയിലെ ഒരു ഇടവക പള്ളിയിൽ സഹായത്തിനായി നിന്നിരുന്ന മോൻസൺ അവിടെയുണ്ടായിരുന്ന ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിനായി ഒരു വികാരിയാണ് സഹായിച്ചതെന്നും ഇവർക്ക് ജീവിക്കാനായി നല്ലൊരു സമ്പാദ്യവും നൽകിയതായും നാട്ടുകാർ പറയുന്നു. ഏറെ നാൾ ചേർത്തലയിൽ നിന്നും മാറിതാമസിച്ച ശേഷം വീണ്ടും ഇവിടെയെത്തി പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിക്കുകയായിരുന്നു. വികാരിയച്ചൻ നൽകിയ പണമുപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
വിവാഹ ശേഷം ആദ്യം പ്ലാസ്റ്റിക് കസേരകളുടെ ബിസിനസ്സ് തുടങ്ങിയ മോൻസൺ പിന്നീട് പുരാവസ്തുക്കൾ വാങ്ങി മറിച്ചു വിൽക്കന്ന രീതിയായിരുന്നു. എന്നാൽ പുരാവസ്തുക്കളുടെ വിപണി സാധ്യത മനസ്സിലാക്കിയതോടെ ഇയാൾ ശേഖരിക്കുകയായിരുന്നു. പിന്നീട് ആളുകളെ കബളിപ്പിക്കുവാനായി വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച വസ്തുക്കൾ കാട്ടിയായിരുന്നു പിന്നീടുള്ള തട്ടിപ്പുകൾ. ഈ തട്ടിപ്പുകൾ ഒന്നും തന്നെ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു. എന്നാൽ ഒപ്പം ജോലി ചെയ്തിരുന്നവർക്ക് അറിയാമായിരുന്നു. ചിലർ തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ ജോലി ഉപേക്ഷിച്ച് പോയിട്ടുമുണ്ട്.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും മോൻസൺ നാട്ടുകാർക്ക് ഉപകാരിയായിരുന്നു. നാട്ടിലെ ഏതൊരു കാര്യങ്ങൾക്കും കയ്യയച്ചു സഹായിച്ചിരുന്നു. വല്ലയിൽ ക്ഷേത്രത്തിന് സമീപമാണ് മാവുങ്കൽ വീട്. ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റും കലാപരിപാടികൾ നടത്താനും മറ്റും പണം നൽകിയിരുന്നു. എന്നാൽ അഞ്ച് വർഷങ്ങളായി ഇവർ നാട്ടുകാരുമായും ക്ഷേത്രക്കമ്മറ്റിയുമായി വലിയ ശത്രുതയിലാണ്. കാരണം ഇവരുടെ വീടിന് സമീപത്ത് ടോയ്ലറ്റ് സ്ഥാപിച്ചതുമായി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മോൻസന്റെ ഭാര്യ വലിയ കോലാഹാലങ്ങളുണ്ടാക്കി. അങ്ങനെ നാട്ടുകാരുമായി മിണ്ടാതെയായി.
മോൻസൺ നാട്ടുകാർക്ക് ഒരു അത്ഭുതമായിരുന്നു. വളരെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയും വീട്ടിൽ സിനിമാ താരങ്ങളും പൊലീസുദ്യോഗസ്ഥരും മറ്റുമൊക്കെ വരുന്നത് അത്ഭുതത്തോടെയാണ് നോക്കിയിരുന്നത്. ഡോക്ടറാണ് എന്നായിരുന്നു എല്ലാവരും ധരിച്ചു വച്ചിരുന്നത്. പുരാവസ്തുക്കളുടെ ശേഖരവും കച്ചവടവുമൊന്നും ആർക്കും അറിയില്ലായിരുന്നു. അടുത്തിടെ മാധ്യമങ്ങളിൽ വന്ന ഫീച്ചറുകളും മറ്റും കണ്ടപ്പോഴാണ് മോൻസൺ ഒരു സംഭവമാണെന്ന് നാട്ടുകാർക്ക് മനസ്സിലായത്. നാട്ടിലെത്തുമ്പോഴൊക്കെ അകമ്പടിയായി അംഗരക്ഷകരുണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ ഈ അംഗരക്ഷകരെയും കൂട്ടിയാണ് മോൻസന്റെ ഭാര്യ എത്തിയത്. എന്നാൽ അന്ന് നാട്ടുകാർ ഗുണ്ടകളെ കൈകാര്യം ചെയ്യാതെ വിട്ടത് ഭാഗ്യം.
മോൻസണെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡോക്ടറായ മകളുമായി വിവാഹം ഉറപ്പിച്ച ഇരിങ്ങാലക്കുട സ്വദേശിയും കുടുംബവും ഇതുവരെയും വിവാഹത്തിൽ നിന്നും പിന്മാറിയിട്ടില്ല. ഒക്ടോബർ രണ്ടിനാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. അന്ന് വിവാഹം കഴിക്കാൻ ഒരുക്കമാണെന്ന് ഇവർ അറിയിച്ചു.എന്നാൽ മോൻസൺ പുറത്ത് വന്നതിന് ശേഷം മാത്രം വിവാഹം നടത്തിയാൽ മതി എന്നാണ് ഭാര്യയുടെ തീരുമാനം.
അതേ സമയം പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം നീളുന്നത് പ്രതിയുടെ ഡൽഹി ബന്ധങ്ങളിലേക്ക്. മോൻസൺ മാവുങ്കലിന്റെ ഡൽഹിയിലെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചില നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയാൽ കുരുക്കിലാക്കുക ഡൽഹിയിൽ രാഷ്ട്രീയരംഗത്തെ ചില പ്രമുഖരാകും. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാർ ഡൽഹിയിലെ മോൻസന്റെ ബന്ധങ്ങൾ കണ്ട് ബോധിച്ചിരുന്നു. ഡൽഹിയിലെത്തിയ മോൻസണെ കൊണ്ടുപോകുന്നതിനായി രണ്ട് പൊലീസ് വാഹനങ്ങൾ എത്തിയതാണ് പരാതിക്കാർ കണ്ടത്. ഈ വാഹനങ്ങൾ ശരിക്കുള്ള പൊലീസ് വാഹനമാണെങ്കിലും അല്ലെങ്കിലും ഇത്തരം ഒരു വാഹനം ഡൽഹി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുന്നതിന് വലിയ ബന്ധങ്ങൾ വേണം.
യഥാർഥ പൊലീസ് വാഹനമെങ്കിൽ, ഇത് ഒരു സ്വകാര്യവ്യക്തിയെ കൊണ്ടുവരാനായി എത്തണമെങ്കിൽ ഉന്നതർ വിചാരിക്കണം. ഭരണത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുമായോ, അല്ലെങ്കിൽ പൊലീസ് ഉന്നതരുമായോ ബന്ധം ഉണ്ടെങ്കിലേ ഇത്തരം വാഹനം ഉപയോഗിക്കാൻ കഴിയൂ. മോൻസൺ ഗ്രീൻ ചാനൽ വഴി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പരാതിക്കാരായ യാക്കൂബ് പുറായിലിനെയും അനൂപിനെയും പുറത്തിറക്കി എന്നതാണ് പരാതിയിൽ പറയുന്ന മറ്റൊരു ആരോപണം. മോൻസണെ പോലുള്ള വ്യക്തിക്ക് ഗ്രീൻ ചാനലിലൂടെ കടക്കാൻ എന്ത് പ്രത്യേകതയാണുള്ളത്. ഇതിനായി വിമാനത്താവളത്തിലെ ഏത് ഉദ്യോഗസ്ഥരാണ് സഹായിച്ചത് എന്നും അന്വേഷിക്കേണ്ടി വരും.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോകാൻ എത്തിയതും രണ്ട് പൊലീസ് വാഹനങ്ങളാണ്. വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായി. ഇവർ ഇടപെട്ടായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പരാതിക്കാർക്ക് മുറിയെടുത്തു നൽകിയതും മറ്റും. എൻ.എൽ. 10 രജിസ്ട്രേഷൻ വാഹനമാണ് എത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്. എൻ.എൽ.-10 രജിസ്ട്രേഷൻ നാഗാലാൻഡ് കൊഹിമ ആർ.ടി.ഒ.യ്ക്ക് കീഴിൽ വരുന്നതാണ്. സർക്കാരിന്റെ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കാണ് ഈ രജിസ്ട്രേഷനിൽ നമ്പർ നൽകുന്നത്. അങ്ങനെയെങ്കിൽ ഈ വാഹന നമ്പർ വ്യാജമാകാനാണ് സാധ്യത. അതല്ല, ഡി.എൽ. എന്നത് പരാതിക്കാർ എൻ.എൽ. എന്ന് തെറ്റിധരിച്ചതാണെങ്കിൽ ഇത് ഡൽഹി വാഹനങ്ങളായിരിക്കും. മോൻസണിനായി ഡൽഹിയിൽ ആൾമാറാട്ടം നടത്താനും വാഹനങ്ങൾ ഒരുക്കി നൽകാനുമെല്ലാം ആളുണ്ടെങ്കിൽ അവിടെ ഇയാൾക്കായി പ്രവർത്തിക്കാൻ വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നു വേണം കരുതാൻ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.