- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേതൃമാറ്റ ആവശ്യവുമായി രണ്ടാംനിര നേതാക്കൾ കലഹം തുടരുമ്പോൾ മൗനം തുടർന്ന് കെ സുധാകരൻ; കെ സുധാകരന് തടയിടാൻ ഉടക്കുമായി എ ഗ്രൂപ്പു നേതാക്കളും; പുതിയ അധ്യക്ഷനെ കുറിച്ചുള്ളത് മാധ്യമവാർത്തകൾ മാത്രമെന്ന് കെ സി ജോസഫ്; നേതാക്കളുടെയും അണികളുടെയും മനസ്സിലിരുപ്പ് അറിഞ്ഞ ശേഷം പ്രതികരിക്കാൻ കണ്ണൂരിലെ കരുത്തനും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തൻ കെ സുധാകരൻ എത്തുമോ? കെ സുധാകരനെ അധ്യക്ഷനാക്കണം എന്ന ആവശ്യം ശക്തമാകവേ അതിന് തടയിടാനുള്ള നീക്കങ്ങളുമായി എ ഗ്രൂപ്പു നേതാക്കളും രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട കെ സി ജോസഫ്. നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും തുറന്നടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സുധാകരൻ അധ്യക്ഷനാകുമെന്ന് വാർത്തകളും കെ സി ജോസഫ് തള്ളി. അത് മാധ്യമ വാർത്തകൾ മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം.
കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടന്റെ പ്രതികരണം. ഇത്ര വലിയ പരാജയം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. തെറ്റുകളിൽ നിന്നും പാഠം പഠിച്ച് ശ്രദ്ധചെലുത്തി പ്രവർത്തിച്ചാൽ നിലമ്പൂർ മാത്രമല്ല കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാൻ സാധിക്കുമെന്നും ആര്യാടൻ മുഹമ്മദ് കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയുമായ എം. ലിജു ഇന്നലെ രാജിവെച്ചിരുന്നു. അരൂരിൽ തോറ്റ ഷാനിമോൾ ഉസ്മാനും നേതൃത്വത്തിന്റെ ആസൂത്രണമില്ലായ്മയെ ചോദ്യംചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി സി. രഘുനാഥ്, മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കിൽ ഇറക്കിവിടണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ. സുധാകരനെ പകരം പ്രസിഡന്റാക്കണമെന്നും രഘുനാഥ് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച കാലത്തുതന്നെ നേതൃത്വം കുറെക്കൂടി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പി.ടി. തോമസ് പ്രകടിപ്പിച്ചിരുന്നു.
നിലവിലുള്ള നേതൃത്വം മാറിയും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയും സംഘടനയ്ക്ക് പുതുജീവൻ നൽകണമെന്ന ആവശ്യങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമർശനങ്ങൾ. അതേസമയം ദേശീയതലത്തിൽ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത് നിഴലിച്ചെന്ന് ഒരുവിഭാഗം പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഇനിയും വൈകിക്കൂടാ എന്ന അഭിപ്രായം പാർട്ടിയുടെ താഴെത്തട്ടിൽനിന്നുതന്നെ ഉയർന്നുതുടങ്ങി.
നേമത്ത് ശക്തനായ സ്ഥാനാർത്ഥിയെ കൊണ്ടുവരാൻ തലപുകച്ച കോൺഗ്രസ് നേതൃത്വം എന്തുകൊണ്ട് ധർമടത്ത് പിണറായി വിജയനും മട്ടന്നൂരിൽ കെ.കെ. ശൈലജയ്ക്കും എതിരേ അത്തരത്തിലൊരു ആലോചന നടത്തിയില്ലെന്ന ചോദ്യം ഇപ്പോൾ രണ്ടാംനിര നേതാക്കളും ഉന്നയിക്കുന്നുണ്ട്. ലോകസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേയും മുസ്ലിം ലീഗിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം പല വിധത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും തിരഞ്ഞെടുപ്പു ഫലം വന്നശേഷവും മൗനം തുടർന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോടു സുധാകരൻ പ്രതികരിച്ചില്ല. രണ്ടുദിവസം മാധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനും, പാർട്ടിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ദിശയറിഞ്ഞശേഷം ഇടപെടാനുമാണു തീരുമാനം.
സീറ്റ് വിഭജനം മുതൽ സ്ഥാനാർത്ഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോൾ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നുമായിരുന്നു സുധാകരൻ തുറന്നടിച്ചത്. ഹൈക്കമാൻഡ് എന്നാൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ അല്ല കെ.സി. വേണുഗോപാലാണെന്നും സീറ്റുകൾ നേതാക്കൾ വീതം വച്ചെടുത്തെന്നും ആരോപിച്ചിരുന്നു.
ഫലം വന്നാലുടൻ പറയാനുള്ളതു പറയുമെന്നു പലയാവർത്തി പറഞ്ഞശേഷമാണു സുധാകരന്റെ ഒരുപാടർഥങ്ങളുള്ള മൗനം. പ്രചാരണ രംഗത്തു കെ.സുധാകരൻ വേണ്ടത്ര സജീവമായിരുന്നില്ല. അടുത്തടുത്ത് കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങൾ ഇതിന് ഒരു കാരണമായിരുന്നെങ്കിലും, ജില്ലയ്ക്കു പുറത്ത് ആരാധകരുള്ള സുധാകരനെ എവിടെയും ഉപയോഗിക്കാൻ കെപിസിസി നേതൃത്വം താൽപര്യമെടുത്തിരുന്നില്ല. സ്ഥാനാർത്ഥി നിർണയ രീതിയെയും മറ്റും തുറന്നെതിർത്തതിലെ അതൃപ്തിയായിരുന്നു കാരണം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സീറ്റ് ജില്ലാ നേതാക്കളുമായി ആലോചിക്കാതെ ആർഎസ്പിക്കു കൊടുത്ത തീരുമാനത്തിനെതിരെ സുധാകരൻ പൊട്ടിത്തെറിച്ചിരുന്നു.
60,693 വോട്ടിനാണ് ആർഎസ്പി സ്ഥാനാർത്ഥി മട്ടന്നൂരിൽ തോറ്റത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നയിച്ച, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മേൽനോട്ടം കൊടുത്ത കേരളത്തിലെ തിരഞ്ഞെടുപ്പിലെ പരാജയം സുധാകരന്റെ വാദങ്ങളും ആരോപണങ്ങളും ശരിവയ്ക്കുകയാണെന്ന അഭിപ്രായം ഒട്ടേറെ നേതാക്കളിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ