മലപ്പുറം: അമ്പത് വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള സ്രോതസ്സാണ് എടപ്പാളിലെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള കിണർ. എന്നാൽ, ഈ കിണർ കഴിഞ്ഞ ഒരു വർഷമായി സമീപത്ത് ഉയർന്ന വലിയ ഹോട്ടലിൽ നിന്നും ഒഴുക്കുന്ന മലിന ജലം കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. ലഭിച്ചിരുന്ന കുടിവെള്ളം കഴിഞ്ഞ ഒരു വർഷത്തോളമായി ദുർഗന്ധവും മലിനവുമായിരിക്കുന്ന ദുരവസ്ഥ അച്ചുതന്റെ കുടുംബം മറുനാടൻ മലയാളിയോട് വിവരിച്ചു.

ഹോട്ടൽ പുറം തള്ളുന്ന മാലിന്യങ്ങളിൽ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് എടപ്പാൾ ശുകപുരത്തെ പാറമ്മേൽ വളപ്പിൽ അച്ചുതനും കുടുംബവും. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറ്റിൽ നിന്നും ഇപ്പോൾ ദുർഗന്ധം കലങ്ങിയ വെള്ളം മാത്രമാണ് ലഭിക്കുന്നത്. പരാതികൾ പലതും നൽകിയിട്ടും മുതലാളിക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല.

എടപ്പാളിലെ ഭരണി റസ്റ്റോറന്റ് & ഹോട്ടലിനെതിരെ നടപടിയെടുക്കാൻ തദ്ദേശ മന്ത്രി കെ.ടി ജലീൽ പറഞ്ഞിട്ടും വട്ടംകുളം പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് അനക്കമില്ല. ആരോഗ്യ വകുപ്പിലും ഫൂഡ് ആൻഡ് സേഫ്റ്റിയിലും പരാതി നൽകിയിട്ടും ഈ ദളിത് കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, പട്ടിക ജാതി വകുപ്പ് മന്ത്രി, എസ്.സി കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും കഴിഞ്ഞ ഒരു വർഷത്തോളമായി നീതിക്കായി ഓരോ വാതിലുകളും മുട്ടുകയാണ്. പരിശോധനാ റിപ്പോർട്ടുകളെല്ലാം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. പക്ഷേ, വട്ടംകുളം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഈ ദുരിതങ്ങളെല്ലാം കണ്ടിട്ടും കണ്ണടച്ചിരിക്കുകയാണ്.

കിണറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയും, ഇ-കോളി ബാക്ടീരിയയും അളവിൽ കൂടുതൽ ഉള്ളതായി ആരോഗ്യ വിഭാഗം തന്നെ അയച്ച പരിശോധനാ ഫലത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഹോട്ടൽ അധികൃതർ കുടുങ്ങുമെന്നായപ്പോൾ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം അടക്കം സംഭവം ഒതുക്കി തീർക്കാൻ രംഗത്തെത്തി. എന്നാൽ വിട്ടുവീഴ്ചയില്ലാതെ അനീഷും അഭിലാഷും നിയമ പോരാട്ടിത്തിനിറങ്ങുകയായിരുന്നു. 

ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നെല്ലാം നീതി നിഷേധിക്കപ്പെട്ട ഈ കുടുംബം ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ്. ഇതിന്മേൽ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിന്മേൽ പ്രതീക്ഷയുണ്ടെന്നും സത്യം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കണമെന്നും അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും മറുനാടൻ മലയാളിയോടു പറഞ്ഞു.

50 വർഷത്തിലധികമായി അച്ചുതനും കുടുംബവും സമീപവാസികളും കച്ചവടക്കാരും അടക്കം ഉപയോഗിച്ചു വരുന്നതാണ് ഇപ്പോൾ മലിനമായ കിണർ. രൂക്ഷമായ വേനൽകാലത്ത് പോലും ഈ കിണറിൽ നിന്ന് യഥേഷ്ടം വെള്ളം ലഭിക്കുമായിരുന്നു. 2017 ജനുവരി മാസം മുതലാണ് വെള്ളം മലിനമായി കാണപ്പെട്ടത്.

2016 സെപ്റ്റംബറോടെയാണ് വീടിനടുത്ത് ഹോട്ടൽ തുടങ്ങുന്നത്. ഇതിനു ശേഷം കിണറിലെ വെള്ളത്തിന് നാളിതുവരെയില്ലാത്ത രുചി വ്യത്യാസവും നിറവ്യത്യാസവും ദുർഗന്ധവും എണ്ണപ്പാടയും കാണപ്പെട്ടു. ഓരോ ദിവസവും ദുരിതം ഇരട്ടിച്ചതോടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. അപ്പോഴാണ് കോളിഫോം ബാക്ടീരിയയും, ഇ-കോളി ബാക്ടീരിയയും അളവിൽ കൂടുതലാണെന്ന് കണ്ടെത്തിയത്. ലാബുകൾ മാറി മാറി പരിശോധനയ്ക്ക് അയച്ചപ്പോഴും ഇതു തന്നെയായിരുന്നു ഫലം.

ഫെബ്രുവരിയിൽ കിണറ്റിലെ വെള്ളം വറ്റിച്ച് വൃത്തിയാക്കുന്നതിനിടയിൽ കിണറിന്റെ കിഴക്കു ഭാഗത്തെ ഭിത്തിയിൽ നിന്ന് മലിന ജലം ഉറവയായി വരുന്നത് കാണപ്പെട്ടു. കിഴക്കു ഭാഗത്ത് നിന്ന് റോഡിനോടു ചേർന്നാണ് കല്ലുകൊണ്ട് കെട്ടി പടുത്ത് അശാസ്ത്രീയമായി നിർമ്മിച്ച എൻസൈൻ ഭരണി റസ്റ്റോറന്റിന്റെ മലിനജലം സംഭരണിയുള്ളത്. കിണർ വറ്റിച്ച് വൃത്തിയാക്കിയതിനു ശേഷം വീണ്ടും കിണർ പൂർവ്വ സ്ഥിതിയിലായി. മാത്രമല്ല, കൂടുതൽ രൂക്ഷമാവുകയും ചെയ്തു.

മാർച്ച് ആറിന് അധികൃതർക്ക് പരാതി നൽകി. എന്നാൽ കിണറിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി യാതൊരു നടപടിയും സ്വീകരിച്ചില്ല.പഞ്ചായത്ത് ആരോഗ്യ വിഭാഗം കിണർ വെള്ളം പരിശോധനയ്ക്കായി വീണ്ടും അയച്ചു. എന്നാൽ ഇതിന്റെ ഒരാഴ്ചമുമ്പ് അച്ചുതനും കുടുംബവും അയച്ച റിസൾട്ടിന് നേർ വിപരീതമായിരുന്നു ആരോഗ്യ വകുപ്പ് അയച്ചതിന്റെ ഫലം. അതായത് നേരത്തെ കണ്ടെത്തിയ ബാക്ടീരിയയുടെ അളവ് തീരെ ഇല്ലെന്ന് മാത്രമല്ല വെള്ളത്തിന് യാതൊരു പ്രശ്്നവുമില്ലെന്നായിരുന്നു റിസൾട്ട്. ഇത് ഒരു വെള്ള പേപ്പറിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ വിളിച്ചറിയിച്ച ഉദ്യോഗസ്ഥൻ ഒരു വട്ടംകൂടി പരിശോധനയ്ക്ക് അയക്കാമെന്ന് പറഞ്ഞ് തടിയൂരി.



പിന്നീട് പല തവണ പരിശോധന നടത്തിയപ്പോയെല്ലാം ബാക്ടീരിയയുടെ അളവ് വലുതായിരുന്നുന്നു. ഹോട്ടൽ അധികൃതരോട് തുടക്കം മുതലേ പരാതിപ്പെട്ടെങ്കിലും ധിക്കാരപരമായ സമീപനം സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗവും ഒരുമിച്ചതോടെ ഈ കുടുംബത്തിന് നീതി ലഭിക്കാതെയായി.

 

തെളിവുകളെല്ലാം ഹോട്ടലിനെതിരായിട്ടും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് നടപടിയില്ലാതെ നീട്ടികൊണ്ടു പോയി. സ്ഥലം എംഎ‍ൽഎ കൂടിയായ മന്ത്രി ഡോ.കെ.ടി ജലീലിനെ നേരിൽ കണ്ട് പലതവണ പരാതിപ്പെട്ടു. നിവേദനം നൽകി. ഒടുവിൽ വകുപ്പ് മന്ത്രി പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരിട്ട് വിളിച്ചിട്ടും ഫലമുണ്ടായില്ല. ഉദ്യോഗസ്ഥർ ധിക്കാരപരമായി നടപടി തുടരുകയായിരുന്നു.

പരാതികൾക്ക് യാതൊരു വിലയും കൽപിക്കാതായതോടെ അച്ചുതനും കുടുംബവും ദുരിതത്തിലാണിപ്പോൾ. നിത്യോപയോഗത്തിനുള്ള വെള്ളം പോലും ലഭിക്കാതെ ഈ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. പത്ത് മാസത്തിലധികമായി പണം നൽകിയാണ് ഇവർ വെള്ളം എത്തിക്കുന്നത്. ഈ ദുരിതത്തിൽ നിന്ന് രക്ഷിച്ച് കിണർ സംരക്ഷിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിന്മേൽ ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അനീഷും അഭിലാഷും പറഞ്ഞു.