ഹൂസ്റ്റൺ :ഹ്രസ്വസന്ദര്ശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേരുന്ന മുതിർന്ന പത്രപ്രവർത്തകൻ എ.ജെ.ഫിലിപ്പിനു ഹൂസ്റ്റണിൽ സ്വീകരണം ഒരുക്കുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും (IAPC) ഹൂസ്റ്റൺ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

സെപ്റ്റംബർ 30നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡിലുള്ള ഡെലിഷ്യസ് കേരളം കിച്ചൻ റെസ്റ്റോറന്റിലാണ് (732, Murphy Road, Stafford, Texas 77477) സമ്മേളനം.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലിപ്പ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്ന ഒരു പ്രമുഖ കോളമിസ്റ്റാണ്. ഇന്ത്യൻ എക്സ്‌പ്രസ്സ്, ലോക്മാത് ടൈംസ് എന്നീ ദിനപത്രങ്ങളിൽ എഡിറ്റോറിയൽസ് എഴുതുന്ന ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ വാരാന്ത്യ പത്രമായ 'ഇന്ത്യൻ കറന്റ്' വീക്കിലിയിൽ കഴിഞ്ഞ 25 വര്ഷമായി പ്രത്യേക കോളം എഴുതി വരുന്നു.

45 വര്ഷങ്ങളായി മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം 1973ൽ ഇന്ത്യ പ്രസ് ഏജൻസിയിൽ (IPA) കൂടി മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സെർച്ച് ലൈറ്റ് (പാട്‌ന) , ദി ഹിന്ദുസ്ഥാൻ ടൈംസ് (ഡൽഹി), ഇന്ത്യൻ എക്സ്‌പ്രസ്സ് (ഡൽഹി), ദി ട്രൈബ്യുണ് (ചണ്ഡീഗഡ്) തുടങ്ങിയ പത്രങ്ങളിൽ എഡിറ്റോറിയൽ രംഗത്തു ഉന്നത പദവികൾ വഹിച്ചു.

നോബൽ പുരസ്‌കാര ജേതാവ് അമർത്യാ സെൻ സ്ഥാപിച്ച പ്രടിച്ചി (ഇന്ത്യ) ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറാണ്. ഫ്രീലാൻസ് റിപ്പോർട്ടർ എന്ന നിലയിൽ ഇന്ത്യയിലെ നിരവധി മുഖ്യധാര പത്രങ്ങളിലും മാസികകളിലും ആനുകാലിക ലേഖനങ്ങൾ എഴുതി ശ്രദ്ധേയനായ ഇദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ മലയാളം ന്യൂസ് റീഡർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാർത്തോമാ സഭയുടെ ഔദ്യോഗിക മുഖപത്രമായ മലങ്കര സഭാ താരകയുടെ എഡിറ്റോറിയൽ ബോർഡ്അംഗം, ഫരീദാബാദ് ധർമ്മജ്യോതി വിദ്യാപീത് ഗവേർണിങ് ബോർഡ്അംഗം, ഇന്ത്യ പ്ലാനിങ് കമ്മീഷൻ അസ്സസ്‌മെന്റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

സാമൂഹ്യ സാമ്പത്തിക വിദ്യാഭാസ രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ദീപാലയ' എന്ന സംഘടനയുടെ സെക്രട്ടറിയായും ഹോണറേറി ചീഫ് എക്‌സിക്യൂട്ടീവും ആയും പ്രവർത്തിച്ചു വരുന്നു.

കായംകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ മാതാവ് റാന്നി തോട്ടമൺ പുളിക്കൽ കുടുംബാംഗമാണ്. റാന്നി എം.എസ്. ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥിയാണ് ഇദ്ദേഹം. ഈ മുതിർന്ന മാധ്യമ പ്രവർത്തകനെ പരിചയപെടുന്നതിനും പ്രഭാഷണം ശ്രവിക്കുനതിനും ഏവരെയും സമ്മേളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.