സ്വർണത്തടത്ത് കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്‌തെന്നുമുള്ള മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ജയശങ്കറിന്റെ വിമർ‍ശനം. ശിവശങ്കരനും സ്വപ്നയുമായുള്ള ഒരിടപാടിലും സർക്കാർ പങ്കാളിയല്ലെന്നും മുഖ്യമന്ത്രിക്കു മനസറിവില്ലെന്നുമുള്ള നിലപാടിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ് ജയശങ്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ശിവശങ്കർ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തിൽ ജയശങ്കർ പറയുന്നു.

സർക്കാരിനെ ശിവശങ്കർ വഞ്ചിച്ചതായും സ്വപ്നയുമായുണ്ടായ അദ്ദേഹത്തിന്റെ സൗഹൃദം അപമാനകരമാണെന്നും കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. ഒരു സാധാരണ മനുഷ്യൻപോലും കാണിക്കാൻ പാടില്ലാത്ത വിശ്വാസവഞ്ചനയും സുഖഭോഗ താത്പര്യവുമാണ് ശിവശങ്കർ കാട്ടിയത്. ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ദുർഗന്ധം തുടച്ചുമാറ്റിയെന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഫേയ്സ്ബുക്ക് കുറിപ്പ്

ചതിയൻ.. വഞ്ചകൻ... പരമ നീചൻ... എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ!

ശിവശങ്കരനും സ്വപ്നയുമായുള്ള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്‌ഘോഷിക്കുവിൻ!!!

 

 

ചതിയൻ.. വഞ്ചകൻ... പരമ നീചൻ... എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ! ശിവശങ്കരനും...

Posted by Advocate A Jayasankar on Monday, August 17, 2020