തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമെത്തി. ഇടതു സർക്കാറിനെ ആക്രമിച്ചു കൊണ്ടാണ് ആന്റണിയുടെ പ്രചരണം തുടങ്ങിയത്. ഇടതിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് എ കെ ആന്റണി പ്രതികരിച്ചു. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്റെ മുഖമുദ്ര, തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ആപത്താണെന്നും എ.കെ. ആന്റണി വ്യക്തമാക്കി.

ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന് നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. പമ്പ മുതൽ മാക്കൂട്ടം വരെ നൂറു കണക്കിന് പൊലീസുകാരുടെ അകമ്പടിയിൽ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിച്ചു. ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിൽ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ആന്റണി ചോദിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിന് മുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. വിശ്വാസികളുടെ സംഘടനകളുമായി ചർച്ച നടത്താനും സർവകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.