കണ്ണൂർ: യുഡിഎഫിലെ സകലമാന നേതാക്കളും ഭരണത്തുടർച്ചയുണ്ടാകുമെന്ന് കൊട്ടിഘോഷിക്കുമ്പോൾ കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്ക് അക്കാര്യത്തിൽ ഉറപ്പില്ല. ഭരണത്തുടർച്ചക്കുള്ള സാധ്യത ഫിഫ്റ്റി -ഫിഫ്റ്റിയാണെന്നാണ് ആന്റണി കണ്ണൂരിലെ മുഖാമുഖം പരിപാടിയിൽ അഭിപ്രായപ്പെട്ടത്. കോൺഗ്രസ്സുകാരും യു.ഡി.എഫ് പ്രവർത്തകരും ആന്റണിയുടെ അഭിപ്രായപ്രകടനം പുറത്തുവന്നപ്പോൾ അസ്വസ്ഥരായി. അടുത്ത പതിനാലു ദിവസത്തെ രാഷ്ട്രീയ ഗതി വിഗതികളാണ് ആര് അധികാരത്തിൽ വരുന്നുവെന്ന് തീരുമാനിക്കുക എന്ന് ആന്റണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് രംഗത്തെ യു.ഡി.എഫിന്റെ പിന്നോക്കാവസ്ഥക്കെതിരെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാനാണ് ആന്റണി മുതിർന്നതെന്ന് വസ്തുത. ആന്റണിയുടെ വരവ്്് യു.ഡി.എഫ് അണികളിൽ ഉണർത്തു പാട്ടായി.

കൊച്ചു കൊച്ചു വാക്കുകളിലൂടെ പ്രവർത്തകരെ കയ്യിലെടുത്തും പഴയകാലം ഓർമ്മിപ്പിച്ചും പുതിയ സാഹചര്യങ്ങളെ ബോധവൽക്കരിച്ചുമാണ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രകടനത്തിലെ പ്രസംഗങ്ങൾ. യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തിയെങ്കിലും പ്രവർത്തനരംഗത്തെ പാളിച്ചകൾ എടുത്തു കാട്ടിയായിരുന്നു പ്രസംഗം മുന്നേറിയത്. ബിജെപി.യേയും മോദി സർക്കാരിനേയും ആഞ്ഞടിച്ചായിരുന്നു ആന്റണിയുടെ പൊതുയോഗങ്ങൾ. എല്ലാ പ്രചരണ കേന്ദ്രങ്ങളിലും ആന്റണിയുടെ പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചു കൂടിയിരുന്നു. ആർ.എസ്. എസിനും ബിജെപിക്കും ഇപ്പോൾ കേരളത്തോടുള്ള സ്‌നേഹത്തിൽ ഭയപ്പെടേണ്ടിയിരിക്കുന്നു.

ബിജെപി. അധികാരത്തിലിരുന്ന സ്ഥലങ്ങളിലൊക്കെ ബീഫും ദേശസ്‌നേഹവും ആചാരവുമായി ബന്ധപ്പെട്ട് ചേരിതിരിവുകൾ ഉണ്ടായിട്ടുണ്ട്.  രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ ഇത്രയധികം ബിജെപി. നേതാക്കൾ കേരളത്തിൽ പ്രചാരണം നടത്തുന്നതിനു പിന്നിൽ രഹസ്യ അജണ്ട ഉണ്ടെന്ന് ആന്റണി ആരോപിച്ചു. കേരളത്തിലെ നാളികേര കർഷകർക്ക് ഫണ്ട് അനുവദിക്കാത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ ഉണ്ടാകുന്ന സ്‌നേഹം എങ്ങനെയെന്ന് ചിന്തിക്കണം. ബിജെപി.ക്ക് ഒരു സീറ്റെങ്കിലും ലഭിച്ചാൽ അത് വർഗ്ഗീയ ചേരിതിരിവിനു വഴിതെളിക്കുമെന്ന് ആന്റണി പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളിൽ കടുത്ത പ്രചാരണം നടത്തിയാൽ മാത്രമേ യു.ഡി.എഫിന് മേൽക്കെ നേടാനാവൂ. അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയാണ് ആന്റണിയുടെ പ്രസംഗങ്ങൾ.

കണ്ണൂർ ജില്ലയിൽ മലയോര മേഖലകളിലും ചൊവ്വ, തലശ്ശേരി എന്നീ കേന്ദ്രങ്ങളിലുമാണ് ആന്റണി പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തത്. തലശ്ശേരിയിലെത്തിയപ്പോൾ സിപിഐ.(എം). നും അടി കൊടുക്കാൻ ആന്റണി മറന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും അറുതി വരുത്തുന്ന വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പെന്ന് ആന്റണി ഓർമ്മിപ്പിച്ചു. വർഗ്ഗീയക്കാരേയും കയ്യാങ്കളി വക്താക്കളേയും പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമ രാഷ്ട്രീയത്തെ അറബിക്കടലിൽ വലിച്ചെറിയുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ വികസനത്തേയും ആന്റണി ഉയർത്തിക്കാട്ടി. സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടന്നത്. കണ്ണൂർ ജില്ലയിലും ഇതിന്റെ മാറ്റങ്ങൾ പ്രകടമാണ്. മാറ്റങ്ങളുടെ തുടർച്ചക്ക് സർവ്വവിധ പിന്തുണയും ആന്റണി ജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തിരമായും ഡൽഹിക്ക് മടങ്ങേണ്ടതിനാൽ തിരക്കിട്ട പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്.