- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ കെ ബാലൻ; പരാതി തുടർഭരണം പാടില്ലെന്ന പ്രസ്താവനക്കെതിരെ; സുകുമാരൻ നായർ രാഷ്ട്രീയം തുറന്നുപറയട്ടെ, അല്ലെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും ബാലൻ; എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ നോക്കിയാൽ അത് ചെലവാകില്ലെന്ന് ചെന്നിത്തലയും
കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുകയും ശബരിമല വിഷയം ഉന്നയിക്കുകയും ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ സിപിഎം. ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് എ.കെ.ബാലൻ പ്രതികരിച്ചു.
വിശ്വാസി - അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സുകുമാരൻ നായർ രാഷ്ട്രീയം പറയുന്നതിൽ ഒരു തെറ്റുമില്ല. ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കട്ടെ. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും ഈ സർക്കാരിന് തുടർ ഭരണം പാടില്ല എന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന തീർത്തും തെറ്റാണ്. അതിനാൽ സുകുമാരൻ നായർക്കെതിരെ നടപടി ആവശ്യപ്പെട്ട് താൻ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.
അതേസമയം പിണറായി വീണ്ടും അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കുമെന്ന് വിശ്വസിക്കുന്നവർ യു ഡി എഫിന് വോട്ട് ചെയ്തുവെന്നാണ് പ്രതീപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എസ് എസിനെ ഭീഷണിപ്പെടുത്താൻ നോക്കിയാൽ അത് ചെലവാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പിണറായി വീണ്ടും അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവർ പോലും യു ഡി എഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടി വേണം. സി പി എം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാടും കായംകുളത്തും സി പി എം വ്യാപകമായ അക്രമം നടത്തി.
എൻ എസ് എസിനെതിരായ ഇടത് നിലപാട് അതിന്റെ ഭാഗമായാണ്. എൻ എസ് എസിനെ ഭീഷണിപ്പെടുത്താൻ സി പി എം നോക്കി, അത് നടന്നില്ല . എൻ എസ് എസ് അവരുടെ നിലപാട് തുറന്നു പറയുമ്പോൾ അവരെ ഭീഷണിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല. അങ്ങനെ ആരും ആരെയും വിരട്ടാൻ നോക്കേണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എൻ എസ് എസിനെതിരെ എ കെ ബാലന്റെ പരാതിയെങ്കിൽ ആദ്യം പരാതി നൽകേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കള്ളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. വ്യാജ വോട്ടുകൾ തടയാൻ നല്ല നിലപാടുകൾ സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കാനുള്ള നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകും. തളിപ്പറമ്പ് മണ്ഡലത്തിൽ ബൂത്ത് പിടുത്തം നടന്നിട്ടുണ്ടെന്നും റീപോളിങ് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ