- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല; പിണറായി പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണൻ കോളജിൽ ചേരുന്നത്; മുഖ്യമന്ത്രിയുടെ കടന്നാക്രമണം തുടക്കം മാത്രം; നാളെ സുധാകരൻ മറുപടി പറയുമ്പോൾ അതിന് വേറെ മറുപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ
തിരുവനന്തപുരം: കെ സുധാകരൻ നാളെ മറുപടി പറയുമ്പോൾ അതിന് വേറെ മറുപടി പിന്നെയും ഉണ്ടാകുമെന്ന് മുന്മന്ത്രി എ.കെ.ബാലൻ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ അദ്ദേഹം തന്നെ ഉറച്ച് നിൽക്കില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഞാൻ അഭ്യാസിയാണ്. വിജയനെ ചവിട്ടി താഴെയിട്ടെന്ന് ഏതെങ്കിലും നേതാവ് പറയുമോ, ബാലൻ ചോദിച്ചു.
സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമാണ്. പാർട്ടിക്കെതിരായ പരിഹാസത്തിന് ഒരു ഘട്ടം കഴിഞ്ഞാൽ ശക്തമായ മറുപടി നൽകും. സുധാകരൻ പറഞ്ഞത് ഇല്ലാത്ത കാര്യങ്ങളാണ്. ബിജെപി അധികാരത്തിൽ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലൻ പറഞ്ഞു.
'പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയൻ പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണൻ കോളജിൽ ചേരുന്നത്. അദ്ദേഹം ചേർന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഞാൻ കോളജിൽ ചേരുന്നത്. ഞാൻ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാൾ ബിഎക്കാരനാണ്.
കെഎസ്യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാൽ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാൻ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാൽ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ൽ ടി.വി.ബാലന്മാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചർ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്കരണത്തിനായി ഞാൻ പോയത്.
കെഎസ്യുകാർ ക്ലാസ് ബഹിഷ്കരിക്കാൻ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തിൽ ക്ലാസ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയൻ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയൻ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയൻസ് ബ്ലോക്കിൽ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചത്' ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: 'ആർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസിൽ കണ്ടിട്ടാകും. തീർത്തും വസ്തുതവിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ സത്യം പറയാതിരിക്കും.''
'കെ.എസ്.എഫ്-കെ.എസ്.യു സംഘർഷത്തിനിടെ കോളേജിലെത്തിയ ഞാൻ അവിടെ സംഘർഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാൻ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാർത്ഥി മാത്രമാണ് ഞാൻ. പരീക്ഷ ബഹിഷ്കരണത്തിന്റെ ഭാഗമായി കെഎസ്.എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാൻ കെഎസ്.യുകാർ തടയാൻ എത്തി. സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘർഷത്തിൽ ഉൾപ്പെടാതിരിക്കാൻ നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി.
ഈ ചെറുപ്പക്കാരന്റെ നേരെ ഞാൻ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാൻ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന് പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവൻ എന്നാണ് ഞാൻ പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരൻ ഒന്ന് മനസിലാക്കിക്കോ. വിദ്യാർത്ഥി അല്ലാത്തതുകൊണ്ട് മാത്രമാണ് ആ സംഘർഷം അവിടെ നിന്നത്. ഏതോ കത്തിയും കൊണ്ട് നടക്കുന്ന ഫ്രാൻസിസിന്റെ കാര്യവും പറഞ്ഞു. അങ്ങനെയൊരാൾ അവിടെ ഇല്ല. സ്റ്റേജിൽ വച്ച് തല്ലിയെന്നതും അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നെ ആക്രമിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. അതിന് ആരും എത്തിയിട്ടില്ല. പൊലീസുകാർ ചെയ്തത് മാത്രം ഈ ശരീരത്തിലുള്ളത്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് കാര്യത്തിന്.''
മറുനാടന് മലയാളി ബ്യൂറോ