- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് സ്ത്രീപീഡന പരാതിയെന്ന് അറിഞ്ഞുതന്നെ, പലവട്ടം വിഷയത്തിൽ ഇടപെട്ടു; കളിയാക്കുന്ന സമീപനമാണ് പൊലീസിൽ നിന്നും അനീതി ഉണ്ടായതെന്ന് ശശീന്ദ്രനെതിരായ പരാതിക്കാരി; കള്ളക്കടത്തിന് പിന്നാലെ സ്ത്രീപീഡനം; കേരളത്തെ ഇടതുപക്ഷം ഒത്തുതീർപ്പിന്റെ നാടാക്കിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പീഡന പരാതിയിൽ ഇടപെടൽ നടത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ പരാതിക്കാരി. പീഡനപരാതിയെന്ന് അറിഞ്ഞില്ലെന്ന മന്ത്രിയുടെ വാദം പരാതിക്കാരി തള്ളിസ്ത്രീ പീഡന പരാതിയാണെന്നറിഞ്ഞു തന്നെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ചതെന്ന് പരാതിക്കാരി പ്രതികരിച്ചു. ജൂൺ 28 നാണ് പീഡന പരാതി നൽകിയത്. പരാതി നൽകി 6 ദിവസം കഴിഞ്ഞായിരുന്നു മന്ത്രി വിളിക്കുന്നത്. ജൂലൈ 4 നാണ് സ്വന്തം നമ്പരിൽ നിന്ന് മന്ത്രി വിളിച്ചത്.
ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് പരാതിക്കാരി പറയുന്നു. മന്ത്രിയുടെ ഭാഗത്ത് നിന്ന് അനീതിയാണുണ്ടായത്. പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടൽ. പത്മാകരൻ പണം നൽകാമെന്ന് പറഞ്ഞാണ് കൈയ്ക്ക് കടന്നു പിടിച്ചതെന്നും പരാതിക്കാരി പറഞ്ഞു. കളിയാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും യുവതി ആരോപിക്കുന്നു.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. രാജിക്ക് തയാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നൽകിയ പരാതിയിൽ മന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.കെ ശശീന്ദ്രൻ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അതേസമയം കള്ളക്കടത്തും കൊലപാതകത്തിനും ഒപ്പം സ്ത്രീപീഡനങ്ങളും ഒത്തുതീർപ്പ് ആക്കുന്ന നാടാക്കി ഇടതുപക്ഷ സർക്കാർ കേരളത്തെ മാറ്റിയെന്ന എം എം ഹസനും പ്രതികരിച്ചു. എകെ ശശീന്ദ്രന്റെ ഇടപെടൽ മന്ത്രി പദവിക്ക് യോജിക്കാത്തതാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും ആരോപിച്ചു. മുഖ്യമന്ത്രി അന്വേഷിച്ചു നടപടി എടുക്കണമെന്നും അദ്ദേഗം ആവശ്യപ്പെട്ടു.
അതേസമയം, ഭരണ ഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി തന്നെ പീഡനക്കേസ് ഒതുക്കാൻ ഇടപെട്ട സംഭവം ഗുരുതരമായ കുറ്റകൃത്യമാണെന്ന് ബിജെപി ആരോപിച്ചു. സ്ത്രീ സുരക്ഷയിൽ കേരള സർക്കാർ പരാജയമാണ്. സത്യപ്രതിജ്ഞ ലംഘനമാണ് ശശീന്ദ്രൻ നടത്തിയതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
അധികാര ദുർവിനിയോഗമാണ് എ കെ ശശീന്ദ്രൻ നടത്തിയത്. ഈ സാഹചര്യത്തിൽ ശശീന്ദ്രൻ രാജിവയ്ക്കണം അല്ലെങ്കിൽ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഫോൺ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വിവാദത്തോട് മന്ത്രി എകെ ശശീന്ദ്രൻ നടത്തിയ പ്രതികരണം. പുറത്ത് വന്നത് തന്റെ ഫോൺ സംഭാഷണം തന്നെയാണെന്നും വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാർട്ടിക്കാരായതിനാൽ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകളാണ് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരൻ, രാജീവ് എന്നിവർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഈ യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രൻ വിളിച്ചത്. പാർട്ടി അംഗങ്ങൾക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ പ്രയാസമില്ലാത്ത രീതിയിൽ തീർക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരൻ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒതുക്കി തീർക്കണമെന്നാണോ പറയുന്നത് എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തിൽ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയം നല്ല നിലയിൽ തീർക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യിൽ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ