- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശശീന്ദ്രനെതിരെ യുവതി പൊലീസിൽ മൊഴി നൽകി; കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കുമൊപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്; പരാതിയിൽ നിന്ന് പിന്മാറില്ല; ഗവർണർക്കും പരാതി നൽകുമെന്ന് യുവതി; വിവാദം മുറുകുമ്പോഴും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാറും എൻസിപിയും
കൊല്ലം: എൻസിപി നേതാവിന് എതിരായ പീഡന കേസ് ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചെന്ന കേസിൽ ഇരയായ യുവതി പൊലീസിൽ മൊഴി നൽകി. മന്ത്രിക്കെതിരായാണ് താൻ മൊഴി നൽകിയതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്നും പരാതിക്കാരി വ്യക്തമാക്കി. മുഖ്യമന്ത്രി മന്ത്രി ശശീന്ദ്രനെ പിന്തുണക്കുകയാണ്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിലോ കോടതിയിലോ പരാതിപ്പെടാതെ നേരിട്ട് ഗവർണർക്ക് പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു.
മന്ത്രി ശശീന്ദ്രൻ സ്വാധീനിക്കാൻ വേണ്ടിയാണ് തന്റെ പിതാവിനെ വിളിച്ചതെന്ന് താൻ പൊലീസിന് മൊഴി നൽകിയതായും യുവതി പറഞ്ഞു. കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കുമൊപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറില്ല. പരാതിയിൽ കുണ്ടറ പൊലീസ് യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് വനിത എസ്‌ഐ. ഷീബയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറിൽ എറെ നേരം മൊഴി എടുപ്പ് നീണ്ടു. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനെത്തിയെങ്കിലും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാനായിരുന്നില്ല.
കഴിഞ്ഞ മാസം 28നാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ എഫ്.ഐ.ആർ. രേഖപ്പെടുത്താതിരുന്ന പൊലീസ് മന്ത്രി ശശീന്ദ്രന്റെ വിവാദ ഫോൺ ശബ്ദരേഖ പുറത്ത് വന്നതോടെ രണ്ട് ദിവസം മുമ്പാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എന്നിട്ടും പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നില്ല. പൊലീസ് മൊഴി രേഖപ്പെടുത്താൻ വൈകുന്നത് നിയമസഭയിൽ ഉൾപ്പടെ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മന്ത്രി ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും എൻ.സി.പിയും. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.സി.പിയും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ്.
മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചത് വട്ടപ്പാറ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള കാര്യം പറയാൻ വേണ്ടിയല്ല. പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് ഒത്തു തീർപ്പാക്കാൻ വേണ്ടിയാണെന്നും വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചത് വട്ടപ്പാറ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള കാര്യം പറയാൻ വേണ്ടിയല്ലെന്നും പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് ഒത്തു തീർപ്പാക്കാൻ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി ഭ്രൂണത്തിൽ തന്നെ കൊന്ന ആരാച്ചാരാണ് മന്ത്രിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
എകെ ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടേത് സ്ത്രീ വിരുദ്ധ നിലപാടാണ്. 22 ദിവസമാണ് പെൺകുട്ടിയുടെ പരാതി ഫ്രീസറിൽ കിടന്നത്. ഇതിൽ എന്ത് നടപടിയാണ് ഉദ്യോഗസ്ഥർക്കെതിരെ എടുത്തത്. പീഡന പരാതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മന്ത്രി ഇടപെട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്ത്രീ പീഡന കേസുകൾ അദാലത്ത് വെച്ച് തീർക്കാൻ പറ്റുമോ ഇതു പോലൊരു പരാതി വന്നാൽ സംരക്ഷിക്കേണ്ട ആൾ തന്നെ പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നു. പാർട്ടി പ്രശ്‌നം തീർക്കാൻ മന്ത്രി എന്തിനാണ് ഇടപെടുന്നത്. മന്ത്രി അദ്ദേഹത്തിന്റെ പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് സമ്മർദ്ദം ചെലുത്തിക്കൊണ്ട് പരാതിക്കാരിയുടെ പിതാവിൽ നിന്നും പരാതി പിൻവലിക്കാൻ വേണ്ടിയല്ലേ ശ്രമിച്ചത്. ഇതിനേക്കാൾ വലിയ കേസ് എന്താണ്. ഇതാണോ മന്ത്രിമാരുടെ ജോലി. പൊലീസ് സ്റ്റേഷനിലെ കേസ് കൊടുക്കുന്ന പരാതിക്കാരുടെ വീടുകളിൽ വിളിച്ച് പരാതി പിൻവലിക്കാൻ നിർബന്ധിക്കാനുള്ള ജോലി എന്നുമുതലാണ് മന്ത്രിമാർ ചെയ്ത് തുടങ്ങിയത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണോ ഇത് ചെയ്യുന്നത്. ഇതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് വിസ്മയമുണ്ടാക്കിയെന്നും വി.ഡി സതീഷൻ പറഞ്ഞു.
പീഡിപ്പിച്ചുവെന്ന് ഒരു പെൺകുട്ടിപരാതി നൽകുമ്പോൾ അത് പിൻവലിക്കാൻ മന്ത്രിമാർ ഇടപെടുന്നതാണോ സ്ത്രീപക്ഷ നിലപാട് ഇതാണോ മുഖ്യമന്ത്രി സൂചിപ്പിച്ച നവോത്ഥാനം. മന്ത്രിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. അതേസമയം നീതി നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് മന്ത്രി പരാതിക്കാരിയുടെ അച്ഛനെ വിളിച്ചതെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് എല്ലാ ജനങ്ങൾക്കും മനസ്സിലായിട്ടും മന്ത്രിക്കും മുഖ്യമന്ത്രിക്കും മനസ്സിലായിട്ടില്ലെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് പി.സി വിഷ്ണുനാഥ് പറഞ്ഞു.
ഇതുവരെ പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. പാർട്ടിയുടെ അന്വേഷണം ഇപ്പോഴും അവിടെ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങളെ അന്വേഷിക്കാൻ അതാത് പാർട്ടി ഓഫീസുകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ടോ എന്നും വിഷ്ണുനാഥ് ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ