തിരുവനന്തപുരം: ഞാൻ ഗോവയിലാണ് സുന്ദരിക്കുട്ടി- എന്ന് ആരോടും പറഞ്ഞില്ലെന്നാണ് രാജി വയ്ക്കുമ്പോൾ എകെ ശശീന്ദ്രൻ ആവർത്തിക്കുന്നത്. ശരി തെറ്റുകൾ പരിശോധിക്കുന്നതിന് മുമ്പായി ധാർമികത ഉയർത്തണം. പാർട്ടിയും ഞാനും ഉയർത്തിയ രാഷ്ട്രീയ ധാർമികതയുണ്ട്. എന്റെ പേരിൽ പാർട്ടിയും പ്രവർത്തകരും വോട്ടർമാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. എൽഡിഎഫ് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്-രാജിയിൽ ശശീന്ദ്രന്റെ പ്രതികരണമായിരുന്നു ഇത്. തീർത്തും ധാർമികത തന്നെയാണ് കേരള രാഷ്ട്രീയത്തിലെ മാന്യസാന്നിധ്യമായി ശശീന്ദ്രനെ മൂ്ന്ന് പതിറ്റാണ്ട് നിറച്ചതും.

കോൺഗ്രസ് കളരിയിൽ നിന്ന് രാഷ്ട്രീയം അഭ്യസിച്ച് എകെ ആന്റണിയുടെ പിൻതലമുറക്കാരനാകാൻ തീരുമാനിച്ചുറപ്പിച്ച യുവാവ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച് ആന്റണി കോൺഗ്രസ് വിട്ടപ്പോൾ കൂടി ഇറങ്ങിത്തിരിച്ച് യുവ നേതാവ്. കെ കരുണാകരനുമായി എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി ആന്റണി കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തിയപ്പോഴും കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലെ ആദർശവാദികൾ കോൺഗ്രസിലേക്ക് തിരിച്ചെത്തിയില്ല. അവർ കോൺഗ്രസ് എസായി തന്നെ തുടർന്നു. വർഷങ്ങൾക്കിപ്പുറം കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻസിപിയുമായി ശരത് പാവാർ എത്തിയപ്പോൾ കോൺഗ്രസിലെ സോഷ്യലിസ്റ്റ് വാദികളായ പീതാംബരന്മാസ്റ്ററും ശശീന്ദ്രനുമെല്ലാം എൻസിപിക്കാരായി. അങ്ങനെ ആദർശത്തിൽ കടുകിട മാറാതെ രാഷ്ട്രീയവുമായി മുന്നോട്ട് പോയ നേതാവായിരുന്നു ശശീന്ദ്രൻ.

ഇടതുപക്ഷത്തിന് എന്നും പ്രധാനപ്പെട്ട നേതാവായിരുന്നു ശശീന്ദ്രൻ. സിപിഎമ്മിന് ഏറ്റവും ഇഷ്ടമുള്ള ഘടകകക്ഷി നേതാവ്. അതുകൊണ്ട് തന്നെ ഉറച്ച സീറ്റിൽ മത്സരിക്കാൻ എപ്പോഴും ശശീന്ദ്രന് കഴിഞ്ഞു. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ഈ സമയത്തെല്ലാം വിജയമൊരുക്കിയത് സിപിഎമ്മിന്റെ പ്രത്യേക സ്‌നേഹം തന്നെയാണ്. എൻ സിപിയിലെ മുൻനിരക്കാരെല്ലാം തോൽക്കുമ്പോഴും നിയമസഭയിൽ സജീവമായി ശശീന്ദ്രൻ നിറഞ്ഞത് അങ്ങനെയാണ്. എ സി ഷണ്മുഖദാസായിരുന്നു രാഷ്ട്രീയ ഗുരു.

ഇത്തവണ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ജയിച്ചെത്തിയ മുതിർന്ന എൻസിപി നേതാവ് ശശീന്ദ്രനായിരുന്നു. എന്നാൽ പണത്തിന്റെ കരുത്തിൽ മന്ത്രിയാകാൻ തോമസ് ചാണ്ടി കരുക്കൾ നീക്കി. പക്ഷേ അപ്പോഴും പിണറായിയുടെ മനസ്സ് ശശീന്ദ്രന് അനുകൂലമായിരുന്നു. മന്ത്രിയായി ശശീന്ദ്രൻ മതിയെന്ന് പിണറായി തുറന്നു പറഞ്ഞു. അങ്ങനെ മന്ത്രിയായി. അപ്പോഴും ജലവിഭവം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. മാത്യു ടി തോമസ് പൊലൊരു മുൻ ഗതാഗത മന്ത്രിയുണ്ടായിട്ടും പ്രധാന വകുപ്പ് ശശീന്ദ്രന് തന്നെ നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചു. അങ്ങനെ മാത്യു ടി തോമസ് ജലവിഭവ മന്ത്രിയായി. ശശീന്ദ്രന്റെ അഴിമതികറ പുരളത്താത്ത വ്യക്തിത്വവും സംശുദ്ധ വ്യക്തിത്വും തന്നെയായിരുന്നു ഇതിന് കാരണം.

ഒരു വർഷം തികയാത്ത പിണറായി മന്ത്രിസഭയിൽനിന്ന് ഇത് രണ്ടാമത്തെ മന്ത്രിയാണ് ആരോപണ വിധേയനായി രാജിവച്ചു പുറത്തുപോകുന്നത്. ഇ.പി. ജയരാജൻ ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് രാജിവച്ചൊഴിയുന്നത്. എന്നാൽ എ.കെ. ശശീന്ദ്രന്റെ കാര്യത്തിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്. 71-ാം വയസിൽ ലൈംഗിക ആരോപണത്തെത്തുടർന്ന് ഒരു മന്ത്രി രാജിവച്ച് ഒഴിയുന്നത് കേരളത്തിന്റെ ചരിത്രത്തിൽതന്നെ ആദ്യത്തെ സംഭവമാണ്. ഗോവയിൽ താൻ പോയിട്ടുണ്ടെന്നും എന്നാൽ ഈ സംഭാഷണം നടത്തിയിട്ടില്ലെന്നും ശശീന്ദ്രൻ പറയുന്നു. ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിത്തിൽ കാര്യമായ ആരോപണങ്ങളില്ലാതെ ജീവിച്ചുപോന്ന വ്യക്തിത്വമാണ് ശശീന്ദ്രന്റേത്. കെഎസ്‌യുവിൽ തുടങ്ങി കോൺഗ്രസ് -യുവിലൂടെയും കോൺഗ്രസ് -എസിലൂടെയും അവസാനം എൻസിപിയിലൂടെയും ഇടതുരാഷ്ട്രീയത്തിന്റെ സഹചരായിയായി മാറിയ ശശീന്ദ്രനുമേൽ കാര്യമായ ആരോപണങ്ങളുടെ കറ ഇതുവരെ പുരണ്ടിരുന്നില്ല.

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ഈ സംഭാഷണം എ.കെ. ശശീന്ദ്രൻ എന്ന വയോധികനിൽനിന്നാണ് ഉണ്ടായതെന്ന കാര്യം മാധ്യമപ്രവർത്തകർക്കുപോലും ആദ്യമേ വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക ശൃംഗാരം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് മംഗളം ചാനൽ പുറത്തുവിട്ടത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻസിപി ദേശീയ പ്രവർത്തകസമിതി അംഗവുമായ ശശീന്ദ്രനെ ഗതാഗത മന്ത്രിയാക്കിയത് പിണറായി വിജയൻകൂടി മുൻകൈ എടുത്തായിരുന്നു. പിണറായിക്കു മാത്രമല്ല, സിപിഎമ്മിനു മൊത്തത്തിൽ പ്രിയപ്പെട്ട നേതാവായിരുന്നു ശശീന്ദ്രൻ. ഇത്തരമൊരാൾ വളരെ മോശം പ്രതിച്ഛായയോടെ രാജിവച്ചൊഴിയുന്നത് ഇടതുമുന്നണിക്കു സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ കോൺഗ്രസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. 1980ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെ ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്നാണ് എൻസിപിയിലെത്തുന്നത്. കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗവേണിങ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടായും ഗവേണിങ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സി ഷൺമുഖദാസുമായുള്ള അടുപ്പം തന്നെയാണ് ഏകെ ശശീന്ദ്രനെ കോൺഗ്രസ് എസിലും എൻസിപിയിലുമെല്ലാം എത്തിച്ചത്. 99 വരെ കോൺഗ്രസ് എസിിൽ പ്രവർത്തിച്ച എകെ ശശീന്ദ്രൻ പിന്നീട് എൻസിപിയിലെത്തി. എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.1980ലാണ് ഏകെ ശശീന്ദ്രൻ ആദ്യമായി നിയമസഭയിലെത്തുന്നത്. പെരിങ്ങളം മണ്ഡലത്തിൽ നിന്ന് കെ.ജിമാരാരെ തോൽപ്പിച്ചായിരുന്നു അത്.എൺപത്തി രണ്ടിൽ എടക്കാട് നിന്നുംഎകെ ശശീന്ദ്രൻ ജയിച്ചു. പിന്നീട് രണ്ട് തവണ കണ്ണൂരിൽ നിന്ന് മത്സരിച്ച് തോറ്റു. 2006ൽ ബാലുശേരിയിൽ നിന്നും 2011ൽ എലത്തൂരിൽ നിന്നും നിയമസഭയിലെത്തി.2016ൽ വീണ്ടും എലത്തൂരിൽ മത്സരിച്ച് ജയിച്ച എകെ ശശീന്ദ്രൻ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി. 2016 മെയ് 25നാണ് എകെ ശശീന്ദ്രൻ പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു. മറ്റൊരു എംഎൽഎയായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. അതിനും പ്രത്യേകിച്ചൊരു കാരണമുണ്ട്. എസി ഷണ്മുഖദാസിന്റെ മരണത്തോടെ എൻസിപിയെ യുഡിഎഫിനൊപ്പം അടുപ്പിക്കാൻ ചില നീക്കം സജീവമായിരുന്നു. അപ്പോഴെല്ലാം ശശീന്ദ്രന്റെ എതിർപ്പായിരുന്നു എൻസിപിയെ ഇടതു പക്ഷത്ത് നിലനിർത്തിയത്. ഇതും മന്ത്രി കസേരയിലേക്ക് ശശീന്ദ്രനെ പിന്തുണയ്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകമാണ്.

ഇപ്പോൾ വലിയൊരു വിവാദത്തിലേക്കാണ് ശശീന്ദ്രൻ ചെന്നുപെടുന്നത്. മംഗളം ടിവി പുറത്തുവിട്ട അശ്ലീല സംഭാഷണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതാണ്. അതുകൊണ്ട് തന്നെ എഴുപത് വയസ്സ് പിന്നിട്ട ശശീന്ദ്രന് ഇനി രാഷ്ട്രീയ വനവാസമാകും ഈ വിവാദം നൽകുക.