- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി; 'സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതലാളി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച കേസ് തീർക്കണം എന്നാണോയെന്ന് അച്ഛന്റെ മറുചോദ്യം; സ്ത്രീപീഡന പരാതി ഒതുക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ട ഓഡിയോ പുറത്ത്
ആലപ്പുഴ: സ്ത്രീപീഡന പരാതി ഒതുക്കാൻ ഇടപെട്ട വനംമന്ത്രി എ കെ ശശീന്ദ്രൻ വിവാദത്തിൽ. എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ടാണ് മന്ത്രി വിവാദത്തിവായത്.കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാനാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചത്. ഈ വിവാദ ഇടപെടൽ നടത്തുന്ന ശബ്ദസന്ദേശം മീഡിയാ വൺ ചാനലാണ് പുറത്തു വിട്ടത്. സംസ്ഥാ സർക്കാർ ഗാർഹിക പീഡന പരാതികളിൽ അടക്കം കർശന നിലപാട് സ്വീകരിക്കാൻ നിർദ്ദേശം കൊടുത്ത വേളയിലാണ് പീഡന പരാതി ഒതുക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവർ അതുവഴി പോയ വേളയിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രൻ ഫോണിൽ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ. പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. 'പാർട്ടിയിൽ വിഷയമൊന്നും ഇല്ലല്ലോ സാറേ. സർ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ... സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതളാലി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത്. അവർ ബിജെപിക്കാരാണ്. അത് എങ്ങനെ തീർക്കണമെന്നാണ് നിങ്ങൾ പറയുന്നത്.' - എന്നാണ് അച്ഛൻ തിരിച്ചു ചോദിക്കുന്നത്.
ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിഷയത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നിട്ടുണ്ട്. സ്ത്രീപീഡന പരാതിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും പരാതി പിൻവലിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വിഷയത്തിൽ ഇടപെട്ടത് പാർട്ടി പ്രശ്നം എന്ന നിലയിലാണെന്നും എ കെ ശശീന്ദ്രൻ വിശദീകരിച്ചു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫോൺകെണിയിൽ കുടുങ്ങിയ മന്ത്രിയാണ് എ കെ ശശീന്ദ്രൻ. അന്ന് മംഗളം ചാനൽ പുറത്തുവിട്ട വിഷയം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ