പത്തനംതിട്ട: എൻസിപിക്ക് നൽകിയ ഗതാഗതവകുപ്പ് നാഥനില്ലാക്കളരി. തലപ്പത്തിരിക്കുന്ന മന്ത്രിയെ ഭരിക്കുന്നത് ഉദ്യോഗസ്ഥർ. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയുടെ ശവക്കുഴി തോണ്ടുന്ന നടപടിയുമായി എംഡിയും കൂട്ടരുമെന്നും ആരോപണം. സകല ആർടിഓഫീസുകളിലും കൈക്കൂലിയും ക്രമക്കേടും വർധിച്ചു. പാർട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ആർടിഓഫീസുകൾ കേന്ദ്രീകരിച്ച് പണപ്പിരിവും നടത്തുന്നു. സർക്കാരിന് തലവേദനയും മാനക്കേടുമായ ഈ വകുപ്പ് ഏറ്റെടുക്കാൻ ഇതോടെ സിപിഎമ്മിനു മേൽ സമ്മർദമേറുകയാണ്.

സംസ്ഥാന പ്രസിഡന്റിന്റെ മനസറിവോടെയാണ് ആർടിഓഫീസുകൾ കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നതെന്നാണ് ആരോപണം. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സംഘടിപ്പിച്ചു നൽകുന്നതിന് പാർട്ടി നേതാക്കൾ വൻതുക കോഴ കൈപ്പറ്റുകയാണ്. ഇതിനായി 14 ജില്ലകളിലും പ്രത്യേകം നേതാക്കളെ നിയോഗിച്ചിട്ടുണ്ട്. ഇവരാകട്ടെ വിസിറ്റിങ് കാർഡ് അടിച്ച് ആർടി-ജോയിന്റ് ആർടിഓഫീസുകളിൽ എത്തിച്ചു നൽകിയിരിക്കുകയാണ്. സ്ഥലം മാറ്റം വേണ്ടവർ ഇവരെ കണ്ടാൽ മതിയാകും. ചോദിക്കുന്ന പണം കൊടുത്താൽ മതിയാകുമെന്ന് മാത്രം.

പത്തനംതിട്ടയിൽ ഇത്തരക്കാരുടെ നടപടിയിൽ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ അതൃപ്തി അറിയിച്ചിട്ടുണ്ട്. എൻസിപി നേതാക്കളുടെ പണപ്പിരിവിനെപ്പറ്റി മുഖ്യമന്ത്രിയും അറിഞ്ഞിട്ടുണ്ട്. ഇതുകാരണം പിണറായി പങ്കെടുക്കുന്ന യോഗങ്ങളിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവുർ വിജയനെ അടുപ്പിക്കുന്നില്ലെന്നാണ് അറിയുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നതു പോലെയാണ് മന്ത്രിയുടെ പെരുമാറ്റം. മറ്റ് എംഎൽഎമാർ നൽകുന്ന ശിപാർശയോ നിർദേശങ്ങളോ മന്ത്രിയുടെ ഓഫീസ് ഗൗനിക്കുന്നതേയില്ല.

കെഎസ്ആർടിസിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. എംഡിയായി നിയമിച്ച രാജമാണിക്യത്തിന്റെ തീരുമാനങ്ങൾ കെഎസ്ആർടിസിക്ക് തിരിച്ചടിയാവുകയാണ്. 10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ളതെന്ന് പറഞ്ഞ് നിർത്തിയ സർവീസുകളിൽ ഏറെയും ഗ്രാമീണ മേഖലയിലേക്കുള്ള ഏക സർവീസാണ്. യാത്രമാർഗം മുട്ടിയപ്പോൾ നാട്ടുകാർ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്.

യുഡിഎഫ് ഭരണകാലത്ത് പെൻഷൻ മുടങ്ങുന്നതിനെതിരേ നിരന്തര സമരം ചെയ്തത് കെഎസ്ആർടിഇഎ (സിഐടിയു) ആണ്. അതിന്റെ സംസ്ഥാന പ്രസിഡന്റ് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ്. അന്ന് പെൻഷൻ മാത്രമേ മുടങ്ങിയുള്ളൂ. ഇന്നിപ്പോൾ ശമ്പളവും കൂടി മുടങ്ങുന്നതിനെതിരേ സിഐടിയു സമരം നടത്തുമ്പോൾ വൈക്കം വിശ്വന് മറുപടിയില്ല. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ ഗതാഗതവകുപ്പിനെതിരേ വിശ്വൻ ആഞ്ഞടിച്ചത്.

കൺവീനറോ യൂണിയൻ പ്രസിഡന്റോ ഏതെങ്കിലും ഒരു സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ വിശ്വൻ ആവശ്യപ്പെട്ടതോടെയാണ് വകുപ്പിലെ നാറ്റക്കഥകൾ പിണറായി അറിഞ്ഞത്. ഗതാഗതമന്ത്രി ശശീന്ദ്രനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചതും. ശശീന്ദ്രനെ മാറ്റി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, തനിക്കിനി മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണത്രേ തോമസ് ചാണ്ടി.