- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെയെല്ലാം മുകളിൽ പറന്നു നടക്കുന്നവനാണു ഞാൻ; നീയൊക്കെ തോക്കെടുത്തു വെടിവച്ചാൽ പോലും എന്റെയത്ര ഉയരത്തിൽ എത്തില്ല': ഡയലോഗടിച്ച് ഷൈൻ ചെയ്ത മുഹമ്മദ് നിഷാമിന് പൊലീസ് എന്നും പുല്ല്; ജീവപര്യന്തത്തിൽ ഇളവിന് ശ്രമിക്കുന്ന 'ഹമ്മർ കോടീശ്വരന്റെ' ജീവിതത്തിലൂടെ
കൊച്ചി: ഒരുനിമിഷത്തെ അവിവേകമെങ്കിൽ പൊറുക്കാം. പക്ഷേ മുഹമ്മദ് നിഷാമിന് ഒരു നിമിഷത്തെ അവിവേകം മാത്രമായിരുന്നില്ല, പണത്തിന്റെ ഹുങ്ക് കൂടിയായിരുന്നു. ഒരാളോട് ശത്രുത തോന്നിയാൽ, നിസാര വിഷയത്തിന്റെ പേരിൽ പോലും അയാളെ ഇല്ലാതാക്കുക എന്ന ക്രൂര മനസ്. ശോഭ സിറ്റിയിലെ പാവപ്പെട്ട സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊന്ന മുഹമ്മദ് നിഷാം തന്നെ ജീവപര്യന്തം ശിക്ഷിച്ചതിന് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. നിഷാമിന്റെ ഹർജി ആറ് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, തൽക്കാലം ജാമ്യം അനുവദിക്കാൻ ആവില്ലെന്നും വ്യക്തമാക്കി. കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ 6 മാസത്തിനുള്ളിൽ തീർപ്പുണ്ടായാൽ നിഷാമിനു പുതുതായി ജാമ്യാപേക്ഷ നൽകാമെന്നും ജഡ്ജിമാരായ ഇന്ദിര ബാനർജി, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
2015 ജനുവരി 29ന് പുലർച്ചെയാണ് ചന്ദ്രബോസിനു നേരെ അക്രമം നടക്കുന്നത്. ശോഭ സിറ്റിയിലേക്കുള്ള ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് ചന്ദ്രബോസിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചു. ജീവപര്യന്തത്തിനു പുറമേ 24 വർഷം കൂടി തടവുശിക്ഷ വിധിച്ചു. 71.30 ലക്ഷം രൂപ പിഴയും വിധിച്ചു.
പൊലീസ് പുല്ലാണേ...
നിങ്ങളുടെയെല്ലാം മുകളിൽ പറന്നു നടക്കുന്നവനാണു ഞാൻ. നീയൊക്കെ തോക്കെടുത്തു വെടിവച്ചാൽ പോലും എന്റെയത്ര ഉയരത്തിൽ എത്തില്ല....' ഓരോ പരാതിയും അന്വേഷിക്കാനെത്തുന്ന പൊലീസുകാരോട് മുഹമ്മദ് നിഷാം പറഞ്ഞിരുന്ന സ്ഥിരം ഡയലോഗാണിത്. ചന്ദ്രബോസ് വധക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോടും ഇതേ ഡയലോഗാണ് നിഷാം അടിച്ചത്. എന്നാൽ, നിഷാം കുടുങ്ങി.
വാഹനപരിശോധന നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആഡംബരക്കാറിൽ പൂട്ടിയിട്ടതും ഏഴുവയസ്സുകാരൻ മകനെക്കൊണ്ട് ഫെറാറി കാർ ഓടിപ്പിച്ചു ചിത്രം ഫെയ്‌സ് ബുക്കിലിട്ടതും ഒക്കെ നിഷാമിന്റെ വീരകഥകളാണ്. മദ്യപിച്ചു വാഹനമോടിച്ചതിനാണു നിഷാമിന്റെ വാഹനം വനിതാ പൊലീസ് തടഞ്ഞത്. അഞ്ചരക്കോടി രൂപയുടെ കാറാണ്. ഇതോടിക്കാൻ ധൈര്യുള്ളവർ കേരള പൊലീസിലുണ്ടോ? ഇതായിരുന്നു പൊലീസുകാർ സ്റ്റേഷനിലേക്കു വാഹനം എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ നിഷാമിന്റെ ആദ്യ ചോദ്യം. പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ കാറിനുള്ളിലിട്ടു പൂട്ടിയത്. ഉദ്യോഗസ്ഥയെ രക്ഷിക്കാനും നിഷാമിനെ പിടികൂടാനും എസ്‌ഐയടക്കം അൻപതോളം പൊലീസുകാരെത്തേണ്ടി വന്നു. ഇത്തരത്തിൽ നിയമങ്ങളൊന്നും തനിക്കു ബാധകമല്ലെന്നും പണം കൊണ്ട് എല്ലാം മറികടക്കാമെന്നുമായിരുന്നു നിഷാമിന്റെ വിശ്വാസം.
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷാവിധി വരുന്ന ദിവസം, വിയ്യൂർ ജയിലിൽ നിന്നും പൊലീസ് അകമ്പടിയോടെ നിഷാമിനെ തൃശൂർ ജില്ലാകോടതിയിൽ എത്തിച്ചു. കോടതിക്ക് അകത്തും പുറത്തും വലിയ തിരക്ക്. കോടതിക്ക് അകത്തു കടന്ന നിഷാമിനോട് പ്രതിക്കൂട്ടിലേക്കു കയറി നിൽക്കാൻ പൊലീസ് നിർദ്ദേശിച്ചു. എനിക്ക് അറിയാം, എന്നെ ആരും പഠിപ്പിക്കണ്ട, കോടതിയും പൊലീസും ഞാൻ കുറേ കണ്ടതാ... ഇതായിരുന്നു നിഷാമിന്റെ മറുപടി
ആഡംബര കാറുകളിൽ കറങ്ങി നടന്ന കാലം
ഒരു കാലത്ത് വിദേശ നിർമ്മിത ആഡംബര കാറുകളായ ബെന്റ്‌ലി, റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, റോഡ് റേഞ്ചർ, ഫെരാരി, ജാഗ്വർ എന്നിവയിൽ സഞ്ചരിച്ചിരുന്നയാൾ. ബീഡി ടൈക്കൂൺ എന്നു വിളിക്കപ്പെട്ടിരുന്ന, കിങ്‌സ് ബീഡിയുടെ ഉടമയാണ് കിങ്സ് ബീഡി ഉടമ മുഹമ്മദ് നിഷാം. റിയൽ എസ്റ്റേറ്റ്, ജൂവലറി, ഹോട്ടൽ ബിസിനസുകളിലൂടെയും തന്റെ സമ്പാദ്യം ഉയർത്തിയിരുന്ന കോടീശ്വരൻ. അങ്ങനെയൊരു ആഡംബര ജീവിതത്തിന്റെ ധാർഷ്ട്യമാണ് ചന്ദ്രബോസിന്റെ ജീവൻ എടുത്തത്.
ഓരോദിവസവും ഓരോ ആഡംബര കാറിൽ യാത്ര ചെയ്യുന്നതായിരുന്നു കമ്പം. വെറുതെ പോയാൽ പോരാ. കാണുന്നവരെല്ലാം ഞെട്ടുന്ന തരത്തിൽ നൂറുകിലോമീറ്റർ വേഗത്തിലെങ്കിലും പായണം. തൃശൂരിലുള്ള പല ദിവസങ്ങളിലും രാത്രി സമയങ്ങളിൽ നഗര റോഡിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തിലും കാർ പായിപ്പിക്കുന്നതും നിഷാമിന്റെ ശീലമായിരുന്നു. ചന്ദ്രബോസിനെ ആക്രമിക്കുന്നതിനു രണ്ടുമാസം മുമ്പു മുതൽ നിഷാമിനു പുതിയ ഒരു മോഹമുണ്ടായിരുന്നു. ആഡംബരക്കാറുകൾക്കു വേഗം പോരാ. ഒരു ഹെലികോപ്റ്റർ വാങ്ങണം. 32 കോടി മുടക്കി ഹെലികോപ്റ്റർ വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് കുരുക്ക് വീണത്.
കുറ്റബോധമില്ലാത്ത കൊലയാളി
ക്രൂരമായൊരു കൊലപാതകം ചെയ്തിട്ടും ആദ്യഘട്ടങ്ങളിൽ നിഷാം രക്ഷപ്പെടാൻ വളരെയേറെ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനയാൾ ഉപയോഗിച്ചത് തന്റെ കൈവശമുള്ള പണവും അതുപയോഗിച്ച് ഉണ്ടാക്കിയ സ്വാധീനങ്ങളുമായിരുന്നു. പൊലീസിൽ തന്നെ അയാൾക്ക് സഹായം ചെയ്യാൻ ആളുണ്ടായി. ഒടുവിൽ കോടതി ക്രൂരതയ്ക്ക് അനുസരിച്ച് ശിക്ഷ വിധിച്ച് നിഷാമിനെ ജയിലിലേക്ക് അയച്ചപ്പോൾ അവിടെയും കിട്ടി അയാൾക്ക് സഹായങ്ങൾ. ഇതിനിടെ സ്വന്തം സഹോദരങ്ങളുമായി പോലും നിഷാം ബിസിനസിന്റെ പേരിൽ വഴക്കുണ്ടാക്കി. കിങ്‌സ് സ്‌പേസ് എന്ന തന്റെ തന്നെ സ്ഥാപനത്തിലെ മാനേജരെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയത് ജയിലിൽ നിന്നായിരുന്നു. ജയിലിൽ അയാൾക്ക് സുഖജീവിതമാണ് കിട്ടുന്നതെന്നും പൊലീസ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നുവെന്നും പരാതികളും വാർത്തകളും പുറത്തുവന്നിരുന്നു.
നിഷാമിന്റെ പിതാവ് തൃശൂരിലെ കാജാ ബീഡി കമ്പനിയിലെ മാനേജരായിരുന്നു. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളലേക്ക് ബീഡി കയറ്റി അയയ്ക്കുന്നതിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. പിന്നീട് അദ്ദേഹം അവിടെ നിന്നു രാജിവച്ച് കിങ്‌സ് ബീഡി എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി. തമിഴ് നാട്ടിലെ തിരുനൽവേലി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിതാവ് മരിച്ചതോടെ 17ാം വയസ്സിൽ നിഷാം കമ്പനിയുടെ മുതലാളിയായി. അതോടെ ബീഡി കമ്പനി മറ്റു വ്യവസായങ്ങളിലേക്കുള്ള വഴിയാക്കി നിഷാം മാറ്റി. ബീഡി കമ്പനിക്കെന്ന പേരിൽ തിരുനെൽവേലിയിലും കോയമ്പത്തൂരിലും വാങ്ങിയ സ്ഥലങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് ബിസിനസിനായി വിറ്റു. കിങ്‌സ് സ്‌പേസ് എന്ന പേരിൽ റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡിങ് ഗ്രൂപ്പുണ്ടാക്കി. തൃശൂരിലും കൊച്ചിയിലും ബെംഗളൂരുവിലും കുറഞ്ഞ വിലയ്ക്കു കിട്ടിയ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടി. പാടങ്ങൾ പോലും വാങ്ങി നികത്തി ഫ്‌ളാറ്റുകളാക്കി. ഇതിനൊപ്പം രഹസ്യമായി ബ്‌ളേഡ് പലിശ ബിസിനസും നടത്തി. അങ്ങനെ ബീഡി കമ്പനിയിൽ നിന്ന് അഞ്ഞൂറു കോടിയുടെ ഉടമയായി നിഷാം മാറി.
വീട്ടുകാരെയും വിശ്വാസമില്ല
നിഷാം അകത്തായതോടെ സഹോദരങ്ങളായിരുന്നു അയാളുടെ ബിസിനസിന്റെ നോക്കി നടത്തിപ്പുകാർ. എന്നാൽ താൻ ജയിലിൽ ആയതോടെ സഹോദരങ്ങളുടെ മേൽ നിഷാമിന്റെ സംശയം ഉയർന്നു. അതിന്റെ പിന്നാലെയാണ് നിഷാമിനെതിരേ പരാതിയുമായി സഹോദരങ്ങൾ തന്നെ രംഗത്തെത്തിയത്. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവരും ബിസിനസ് പാർട്ണർ ആയ ബഷീർ അലിയും എന്നിവർ ഡിജിപിക്ക് നൽകിയ പരാതിയിൽ ജയിലിൽ കിടന്നു നിഷാം തങ്ങൾക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു. ജയിലിനുള്ളിൽ നിന്നും നിഷാം ഗുണ്ടകൾക്ക് പണം നൽകുന്നുണ്ടെന്നും അവരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നുമായിരുന്നു അവർ പരാതി ഉന്നയിച്ചതും.
ഒരു സഹോദരി ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ടെങ്കിലും ബിസിനസും സ്ഥാപനങ്ങളും വീടുമെല്ലാം നിഷാമിന്റെ പേരിലാണ്. എല്ലവരും തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നതാണ് നിഷാമിന്റെ ഉത്തരവ്. അത് എതിർത്ത അമ്മയെപ്പോലും പലതവണ വീട്ടിൽ നിന്നും ഇറക്കിവിട്ട ചരിത്രവും നിഷാമിനുണ്ട്. ഭാര്യയും പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ശാരീരിക മർദനത്തിനു കേസും നൽകിയിട്ടുണ്ട്.
എല്ലാം മാറ്റിയ ദിവസം
തൃശൂരിൽ നിഷാമിന്റെ ഓഫീസിനു സമീപത്തുള്ള പൊതുവഴിയിൽ ഒരു ചെറിയ തട്ടുകടയുണ്ടായിരുന്നു. കുടുംബം പോറ്റാനായി ഒരു വയോധികൻ നടത്തുന്ന കട. ഓഫീസിനു സമീപത്ത് ഈ കട പ്രവർത്തിക്കുന്നത് വലിയ നാണക്കേടാണെന്നാണു നിഷാമിന്റെ പക്ഷം. തിരിച്ചു വരുന്നതിനു മുമ്പ് ഈ കട ഇവിടുന്നു പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ വൃദ്ധനെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ശേഷമാണു നിഷാം വീട്ടിലേക്കിറങ്ങിയത്. ആ പോക്കിലാണ് ചന്ദ്രബോസിനെ ഇടിച്ചുകൊന്നതും. വർഷങ്ങൾ ഇത്രയായപ്പോൾ, ജയിൽ ജീവിതം നിഷാമിനെ പരുവപ്പെടുത്തിയോ? മാനസാന്തരം വന്നുവോ? ജീവപര്യന്തം ലഘൂകരിക്കാൻ പണിപ്പെടുന്ന നിഷാം തന്നെയാണ് മറുപടി പറയേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ