കാസർകോഡ്: എൻഡോസൾഫാൻ ദുരന്തത്തിനിരകളായ ഒരുപറ്റം മനുഷ്യരുടെയിടയിൽ നിന്ന് മോചനം നേടി ശീലാബതി കഴിഞ്ഞ ദിവസം യാത്രയായി. തീരാദുരിതങ്ങൾക്ക് അറുതി വരുത്തി നിസ്സഹായരായ മനുഷ്യരുടെ ദയനീയ മുഖം ഇനി ഓർമകളിൽ മാത്രം.ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കാസറഗോഡെ എന്മകജെ പഞ്ചായത്തിലെ വണിനഗറിലാണ് ശീലാബതിയുടെ വീട്. വയോധികയായ അമ്മ ദേവകി റാവു മാത്രമായിരുന്നു ഒരു ചെറിയ വീട്ടിൽ ശീലാബതിക്ക് ഇത്രനാളും കൂട്ട്. ആറര വയസുകാരിയായിരുന്ന ശീലാബതി സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരും വഴി കശുമാവിൻ തോട്ടത്തിൽ തളിച്ചുകൊണ്ടിരുന്ന എൻഡോസൾഫാൻ തുള്ളികൾ നേരിട്ട് വന്ന് നെറുകിൽ വീഴുകയായിരുന്നു. അന്നു വന്ന് കിടന്ന ശീലാബതി പിന്നീട് എഴുന്നേറ്റിട്ടില്ല. നിരവധി ചികിത്സകൾ നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല.അംബികാസുതൻ മങ്ങാട് എൻഡോസൾഫാൻ ദുരിതത്തെ ആസ്പദമാക്കി രചിച്ച എന്മജെ എന്ന നോവലിന്റെ പ്രചോദനവും ശീലാബതി ആയിരുന്നു.-

അതുപോലെ തന്നെ എൻഡോസൾഫാൻ ദുരന്ത തീവ്രത പുറംലോകത്തെ അറിയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് മധുരാജിന്റെ ചിത്രങ്ങൾ. അക്കൂട്ടത്തിലേറ്റവും തീവ്രം ശീലാബതിയെന്ന പെൺകുട്ടിയുടേത് ആയിരുന്നു. വലിയ ചിറകുള്ള പക്ഷി എന്ന ഡോ.ബിജുവിന്റെ ചലച്ചിത്രത്തിലും ശീലാബതിയുടെ ദുരിത ജീവിതം കാണാം.

ശീലാബതിയെ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വനിതാ വൽസ ഓർക്കുന്നത് ഇങ്ങനെയാണ്:

ശീലാബതി മരിച്ചു. നിസാം റാവുത്തറിന്റെ പോസ്റ്റിലൂടെയാണ് മരണവിവരം അറിയുന്നത്. ശീലാബതി, കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതത്തിന്റെ ജീവിച്ചിരുന്ന പ്രതീകമായിരുന്നു...എൻഡോസൾഫാൻ ദുരിതമേഖല സന്ദർശിക്കുന്നവർ ആദ്യം തിരയുക ശീലാബതിയെയാണ്... പെർളടുക്കയിലെ വഴി പോലുമില്ലാത്ത ഒരു കുഴിയിലെ ചെറിയ വീട്ടിലെ തറയിൽ...

നായ്ക്കൾ വന്ന് കടിക്കാതിരിക്കാൻ എപ്പോഴും സമീപത്ത് ഒരു കത്തി വച്ചു കിടന്നിരുന്ന ശീലാബതി...നിലത്തെ ചെറിയ പായയിൽ കിടന്ന ശീലാബതിക്ക് ഒരു കട്ടിൽ വാങ്ങി നൽകിയത് അംബികാസുതൻ മാങ്ങാട് മാഷാണ് . പിന്നീട് ഡി വൈ എഫ് ഐ ശീലാബതിക്ക് മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരു ചെറിയ വീട് പണിതു കൊടുത്തു.ശീലു എന്ന് അമ്മ വിളിക്കുന്ന ശീലാബതി...വയോധികയായ ആ അമ്മ അവളെ ഒറ്റക്ക് നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു...ആകാശത്തെ ഹെലികോപ്ടറിൽ നിന്ന് വീണ മരുന്ന് ശീലാബതിയുടെ വളർച്ച മുരടിപ്പിച്ചു...

ശരീരം കുറുകി കുറുകി കഞ്ഞുങ്ങളെ പോലെ ചെറുതായി ചെറുതായി ഇഴഞ്ഞു നടക്കാനാകും വിധമായി...അങ്ങനെ ആ കിടപ്പിന് ഒരവസാനമായി.മരണ സമയത്തും ആ അമ്മ വിശ്വസിച്ചിരിക്കണം ജഢാധാരി തെയ്യം തന്റെ മകളെ കൊണ്ടുപോയതാണന്ന്.'

ശീലാബതി വിടവാങ്ങിയപ്പോൾ ഡോ.ബിജു അനുസ്മരിച്ചത് ഇങ്ങനെയാണ്:

തല മാത്രം അനക്കാൻ കഴിയുന്ന കിടക്കയിൽ അനാദിയായ വര്ഷങ്ങളോളം കിടക്കുന്ന ശീലാബതി ലോകമെമ്പാടുമുള്ള കീടനാശിനി വിരുദ്ധ പോരാട്ടങ്ങളിലെ ചലിക്കുന്ന ചിത്രമായി മാറി. വലിയ ചിറകുള്ള പക്ഷികളുടെ ചിത്രീകരണത്തിനായി ശീലാബതിയുടെ വീട്ടിൽ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും മറക്കാൻ സാധിക്കില്ല .ചിത്രീകരണം ഇടയ്ക്കിടെ നിർത്തേണ്ടി വന്നു.

നടൻ കുഞ്ചാക്കോ ബോബൻ ശീലാബതിയെയും അമ്മയെയും കണ്ട് പൊട്ടിക്കരഞ്ഞു .ചാക്കോച്ചന്റെ കരച്ചിൽ കാരണം ഷൂട്ടിങ് ഇടയ്ക്കിടെ നിർത്തി വെക്കേണ്ടി വന്നു . സിനിമയിലെ ശീലാബതിയുമൊത്തുള്ള രംഗത്തിൽ ചാക്കോച്ചൻ കരയുന്നത് സ്‌ക്രിപ്റ്റിലില്ലാതെ സ്വാഭാവികമായി ഉണ്ടായ കരച്ചിൽ ആണ് ഞാൻ അവിടെ കട്ട് പറഞ്ഞില്ല ആ രംഗം എഡിറ്റ് ചെയ്തു മാറ്റിയതുമില്ല . വലിയ ചിറകുള്ള പക്ഷികളിൽ ആ ആത്മാർത്ഥമായ കരച്ചിൽ നിങ്ങൾക്ക് കാണാം .ഷൂട്ടിങ് സമയത്ത് ചാക്കോച്ചൻ ഒരു വിധത്തിൽ ആശ്വസിപ്പിച്ചു വരുമോഴേയ്ക്കും മറ്റ് സാങ്കേതിക പ്രവർത്തകർ ഓരോരുത്തരായി കരഞ്ഞു തുടങ്ങിയിരുന്നു.

നിസ്സഹായരായ ഒരു ജനതയുടെ കണ്ണീരൊപ്പാൻ വൈകുന്ന ഭരണകൂടം ശീലാബതിയുടെ ആ മുഖമൊന്ന് ഓർത്താൽ മാത്രം മതി എല്ലാ മറവികളും മാറ്റി വയ്ക്കാൻ.