- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു; ഒരുകാറ്റ് വന്നങ്ങുലച്ച പോലെ ...ഒരു നൂറു ജന്മത്തിൻ വിധി നെഞ്ചിലേറ്റി നീ പറയാതെ ചൊല്ലിയോ രക്തസാക്ഷി' : അകാലത്തിൽ പൊലിഞ്ഞ കൂത്തുപറമ്പിലെ ബാങ്ക് മാനേജർ സ്വപ്നയ്ക്ക് സംഗീത സ്മരണാഞ്ജലി ഒരുക്കി സുഹൃത്തുക്കളും സഹപ്രവർത്തകരും
കോഴിക്കോട്: ബാങ്കിങ് മേഖലയിലെ പുതിയ പ്രവണതകളെയും ജോലി സമ്മർദ്ദങ്ങളെയും കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ജോലി സമ്മർദ്ദം സഹിക്ക വയ്യാതെ, കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറാ ബാങ്കിനുള്ളിൽ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്ന (40) ജീവനൊടുക്കിയതോടെയാണ് മാധ്യമങ്ങളിൽ ഈ വിഷയം ഇടംപിടിച്ചത്. മാനേജരായി തുടരാൻ കഴിയുന്നില്ല, സ്ഥാനക്കയറ്റം വേണ്ടിയിരുന്നില്ല..ഏതെങ്കിലും താഴ്ന്ന ജോലി മതിയായിരുന്നു എന്നാണ് സ്വപ്‌ന ജീവനൊടുക്കും മുമ്പ് സുഹൃത്തിനോട് പറഞ്ഞത്. അകാലത്തിൽ ജീവൻ വെടിഞ്ഞ സ്വപ്‌നയോടുള്ള സ്‌നേഹസൂചകമായി സഹപ്രവർത്തകരും സുഹൃത്തുക്കളും സംഗീത സ്മരണാഞ്ജലിയൊരുക്കി.
താളം മറന്നൊരു ശ്രുതിമീട്ടി തംബുരു
ഏതോ വിഷാദമാം രാഗം മൂളി
ആകേ വെയിലേറ്റു തളർന്നൊരു
താഴംബൂ
താനേ തലചായ്ച്ചു മിഴി നിറച്ചു.
ആ ഗാനം അവൾക്കുള്ളതായിരുന്നു
അവൾ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു.
എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനീഷ്ലാലാണ്. സംഗീതം, ആലാപനം നിർവഹിച്ചിരിക്കുന്നത് എബിൻ ജെ സാമാണ്. സാജൻ രാമാനന്ദനാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
വെയിൽ വന്നു മഴ വന്നു മഞ്ഞു വീണു
കതിർ വീഴാതെ പതിരായി മോഹങ്ങളും
നിനയാത്ത വിളികേട്ടു തളരാതെ നിൽക്കുമ്പോൾ
ഒരുകാറ്റ് വന്നങ്ങുലച്ച പോലെ
ഒരു നൂറു ജന്മത്തിൻ വിധി നെഞ്ചിലേറ്റി നീ
പറയാതെ ചൊല്ലിയോ രക്തസാക്ഷി-എന്നിങ്ങനെയാണ് ഗാനം അവസാനിക്കുന്നത്.
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും സ്വപ്നയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തൃശൂർ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ് സ്വപ്ന. ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു.രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയിൽ എത്തിയത്. കൂത്തുപറമ്പിനടത്ത് നിർമലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ