- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിൽ നിന്നും മതേതരത്വത്തിന്റെ പുത്തൻ മാതൃക; ഹിന്ദു ഭൂരിപക്ഷപഞ്ചായത്തിൽ ഗ്രാമപ്രധാനായി ഏക മുസ്ലിം കുടുംബത്തിലെ അംഗം
അയോധ്യ: വർഗീയ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും തുടർവാർത്തകളാകുന്ന ഉത്തർപ്രദേശിൽനിന്ന് മതേതരത്വത്തിന്റെ പുത്തൻ മാതൃക. അയോധ്യയിലെ ഹിന്ദു ആധിപത്യമുള്ള പഞ്ചായത്തിലെ ഗ്രാമപ്രധാനായി തെരഞ്ഞെടുത്തത് ഒരു മുസ്ലിം യുവാവിനെ.
അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഗ്രാമപ്രധാനായി പഞ്ചായത്തിലെ ഏകമുസ്ലിം കുടുംബത്തിലെ അംഗത്തെമായ ഹാഫിസ് അസിമുദ്ദീൻ ഖാനെ തെരഞ്ഞെടുത്തത്. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിൽ രാജൻപൂർ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീൻ ഖാനെ ഗ്രാമത്തലവനായി തെരഞ്ഞെടുത്തത്.
ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ഇതിൽ ഏക മുസ്ലിം സ്ഥാനാർത്ഥിയായിരുന്നു ഹാഫിസ്. പെൻഷൻ, പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ വീട്, ഭൂമി അനുവദിക്കൽ എന്നിവ വാഗ്ദാനം ചെയ്താണ് മറ്റു സ്ഥാനാർത്ഥികൾ വോട്ട് തേടിയത്. ഇതൊന്നും കൂസാതെ ഗ്രാമവാസികൾ ഹാഫിസിനെ വിജയിപ്പിക്കുകയായിരുന്നു.
അതേസമയം, ഹിന്ദു- മുസ്ലിം ഐക്യത്തിനാണ് തന്റെ വിജയത്തിന്റെ അംഗീകാരം ഹാഫിസ് നൽകുന്നത്. 'രാജൻപൂർ ഗ്രാമത്തിൽ മാത്രമല്ല, മുഴുവൻ അയോധ്യയിലെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉദാഹരണമാണ് എന്റെ വിജയം' -ഹാഫിസ് പറഞ്ഞു.
'ഗ്രാമപ്രധാനുവേണ്ടിയുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തിന്റെ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗര്യങ്ങൾ വർധിപ്പിക്കും. കൂടുതൽ പേർക്ക് ജോലിയും നൽകും' -ഹാഫിസ് തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.
'ഹാഫിസിന്റെ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അടയാളമാണ്. ഹാഫിസ് സ്ഥാനാർത്ഥിത്വത്തിന് അപേക്ഷ നൽകിയ ദിവസം ഞങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു' -രാജൻപൂർ ഗ്രാമവാസിയായ രാധയ് ശ്യാം സന്തോഷത്തോടെ പറയുന്നു.
ഹാഫിസിന്റെ വിജയം ഗ്രാമത്തിലെ വിവിധ മത- ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുതയില്ലെന്ന് ഉറപ്പാക്കുന്നതായി 61കാരനായ സമ്പത്ത് ലാൽ ചൂണ്ടിക്കാട്ടുന്നു. 'ഹിന്ദു സ്ഥാനാർത്ഥികൾ അവരുടെ ജാതിയുടെ അടിസ്ഥാനത്തിലാണ് വോട്ട് തേടിയത്. ഹാഫിസ് ഒഴികെയുള്ള ഏതൊരു സ്ഥാനാർത്ഥിയുടെയും വിജയം ഹിന്ദു സമുദായത്തിലെ വിവിധ ജാതികൾക്കിടയിൽ പ്രശ്നത്തിന് കാരണമായേക്കും' -സമ്പത്ത് ലാൽ പറഞ്ഞു.
അയോധ്യ രാം മന്ദിറിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കവെയാണ് ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി ഹാഫിസിന്റെ വിജയം.
കോവിഡ് മഹാമാരി കാരണം ഗ്രാമപ്രധാന്മാരുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. ചെയർമാൻ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പ്രമുഖുകൾ എന്നിവരുടെ തെരഞ്ഞെടുപ്പും നീട്ടിവെച്ചു.
മറുനാടന് മലയാളി ബ്യൂറോ