കോഴിക്കോട്: സംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ദേശീയഗാനത്തെ അംഗീകരിക്കാത്ത വ്യക്തിയാണു കമൽ. നരേന്ദ്ര മോദിയെ നരഭോജി എന്നുവിളിച്ച എസ്ഡിപിഐക്കാരനാണു കമലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമലിനെ ചലച്ചിത്ര അക്കാഡമി ചെയർമാനാക്കിയത്. നേരത്തെ എം ടി വാസുദേവൻ നായർക്കെതിരെ പറഞ്ഞതൊന്നും പിൻവലിക്കുന്നില്ല. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും ചെ ഗുവേരയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ചെ ഗുവേരയുടെ ചിത്രങ്ങൾ നീക്കം ചെയ്താലേ കേരളത്തിൽ സംഘർഷങ്ങൾ ഒഴിവാകൂ എന്നാണു രാധാകൃഷ്ണന്റെ നിലപാട്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതാണു ചെഗുവേര ചിത്രങ്ങൾ. ഗാന്ധിജിക്കും വിവേകാനന്ദനും മദർ തെരേസയ്ക്കും ഒപ്പം വയ്ക്കാൻ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വർഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളിനിയുടെയും ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങൾക്കൊപ്പമാണ് ചെയുടെ സ്ഥാനമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കമൽ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിജെപിക്കാർ കമലിന്റെ വീട് ഉപരോധിച്ചിരുന്നു. തുടർന്നും കമലിനുനേരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നോട്ട് അസാധുവാക്കിയത് തെറ്റായ നടപടി ആയെന്ന് പറഞ്ഞതിനാണ് എം ടിയെ എ എൻ രാധാകൃഷ്ണൻ അവഹേളിച്ചത്.