- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെരി സോറി ടു സേ..ഞങ്ങൾ ഈ ഡിബേറ്റിൽ നിന്ന് വിത്‌ഡ്രോ ചെയ്യുകയാണ്; 'എന്താണ് ഷംസീർ കാരണം'; 'നിങ്ങൾ ഇവിടെ ഉണ്ടാക്കിയ പാനൽ ഞങ്ങൾക്ക് യോജിക്കാൻ പറ്റുന്നതല്ല; അഡ്വ. ജയശങ്കർ എന്ന വ്യക്തിയുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല; ഏഷ്യാനെറ്റ് ന്യൂസ് അവർ ബഹിഷ്കരിച്ച് സിപിഎം പ്രതിനിധി എ.എൻ.ഷംസീർ
തിരുവനന്തപുരം: മുഖം നോക്കാതെ വിമർശിക്കുന്നതിൽ മുമ്പനാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. അദ്ദേഹത്തെ വാഴ്‌ത്തുന്നവരും ഇകഴ്‌ത്തുന്നവരും ഉണ്ട്. ഏതായാലും സിപിഎമ്മിന് പൊതുവേ ജയശങ്കറിനോട് താൽപര്യമില്ല. സിപിഐക്കാരൻ ആണെങ്കിൽ പോലും. അതുകൊണ്ടാവാം അഡ്വ എ ജയശങ്കറുള്ള ചർച്ചകളിൽ സിപിഎം പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ട് സിപിഎം പ്രതിനിധി എഎൻ ഷംസീർ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് അവർ ബഹിഷ്‌കരിച്ചത്. എന്നാൽ അത് ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമനുസരിച്ച് ഒരു ചർച്ചയിലും ഒരു പാനലും ഉണ്ടാക്കാൻ കഴിയില്ലെന്നും അവതാരകൻ വിനു വി ജോൺ പറഞ്ഞു.
വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. അറസ്റ്റിലായത് അഴിമതി വീരനോ? യുഡിഎഫിന് തിരിച്ചടിയോ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ചോദ്യം. സിപിഎമ്മിന് നന്നായി കസറാൻ കഴിയുന്ന വിഷയം. രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരും എംഎൽഎമാരുമൊക്കെ അഴിമതി കേസുകളിൽ പെടുമ്പോൾ രക്ഷപ്പെടുന്നത് തെളിവുകളുടെ അഭാവം കൊണ്ടാണ് എന്നായിരുന്നു അവതാരകനായ വിനു.വി.ജോണിന്റെ ആമുഖനിരീക്ഷണം. അങ്ങനെയല്ലാതെ അറസ്റ്റിലായ ഒരേ ഒരാൾ ആർ.ബാലകൃഷ്ണ പിള്ളയാണെന്ന കാര്യം എപ്പോഴും ചർച്ചയാവാറുള്ളതും വിനു ഓർമിപ്പിച്ചു. നാം കണ്ണുതുറന്നൊന്ന് നോക്കിയാൽ മതി ഇവർ ശരവേഗത്തിൽ സമ്പന്നരാകുന്നത് എങ്ങനെയന്ന്. കുഞ്ഞാലിക്കുട്ടി ഇന്നൊരു സത്യം പറഞ്ഞു... ഞങ്ങൾ അധികാരത്തിലിരിക്കുമ്പോൾ ഞങ്ങൾ ഇങ്ങനെ എതിരാളികൾക്കെതിരെ പല കേസുകളും വരുമെങ്കിലും ഞങ്ങൾ ഇതൊന്നും ചെയ്യുന്നില്ലല്ലോ എന്ന ന്യായം അറിയാതെ പറഞ്ഞുപോയി എന്നും വിനു പറഞ്ഞു.
തുടർന്ന് ഖമറുദീന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും അറസ്‌ററിലേക്ക് വിഷയം മാറി. രാഷ്ട്രീയ പ്രതികാരം എന്ന വാദത്തിന് നിങ്ങൾക്ക് നൽകാനുള്ള മറുപടി എന്ത് എന്നായിരുന്നു എ.എൻ.ഷംസീറിനോടുള്ള വിനുവിന്റെ ചോദ്യം.
ഷംസീർ: എനിക്ക് ആദ്യം സൂചിപ്പിക്കാൻ ഉള്ളത് ..ഈ ഡിബേറ്റ് സംബന്ധിച്ച് ഞങ്ങൾക്ക് പറയാൻ ഒരുപാട് പോയിന്റുകൾ ഉണ്ട്. ഞങ്ങളെ സംബന്ധിച്ച പി.കെ.ഫിറോസ് ഉന്നയിച്ച ഓരോ വാദത്തിനും ഉള്ള ഉത്തരവും ഉണ്ട്. പക്ഷേ സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയിൽ ഈ ഡിബേറ്റിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. കാരണം ഞങ്ങളും നിങ്ങളും തമ്മിൽ ഉണ്ടാക്കിയ ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട്. ആ അണ്ടർ സ്റ്റാൻഡിങ്ങിന് കടകവിരുദ്ധമായാണ് ഡിബേറ്റ് പോകുന്നത്. അതുകൊണ്ട് വെരി സോറി ടു സേ..ഞങ്ങൾ ഈ ഡിബേറ്റിൽ നിന്ന് വിത്‌ഡ്രോ ചെയ്യുകയാണ്.
വിനു: എന്താണ് ഷംസീർ കാരണം
ഷംസീർ: നിങ്ങൾ ഇവിടെ ഉണ്ടാക്കിയ പാനൽ ഞങ്ങൾക്ക് യോജിക്കാൻ പറ്റുന്നതല്ല.
ആർക്കെതിരെയാണ്..
അത് ഞങ്ങളുടെ പ്രതിനിധി തന്നെ നിങ്ങളെ അറിയിച്ചതാണ്. അത് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ജയശങ്കറും അതുപോലെ ചിലരും ഉള്ള ചർച്ചയിൽ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചതാണ്. ജയശങ്കർ എന്ന വ്യക്തിയുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. അത് ഏഷ്യാനെറ്റിനോടോ പ്രേക്ഷകരോടോ ഉള്ള വെല്ലുവിളിയായി കാണരുത്. ഈ ഡിബേറ്റിൽ നിന്ന് മാറുകയാണ്.
ജയശങ്കർ ഏതെങ്കിലും തരത്തിൽ മാറ്റിനിർത്തേണ്ട ആളാണെന്ന് കരുതുന്നില്ലെന്ന് വിനുവും. ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമനുസരിച്ച് ഒരു ചർച്ചയിലും ഒരു പാനലും ഉണ്ടാക്കാൻ കഴിയില്ലെന്നും വിനു വി ജോൺ പറഞ്ഞു. ന്യൂസ് അവർ അതംഗീകരിക്കുന്ന പ്രശ്‌നവും ഇല്ലെന്ന് വിനു കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം വായിക്കാം
ജയശങ്കർ ചർച്ചയിൽ പങ്കെടുക്കുന്നതുകൊണ്ട് ഈ ചർച്ചയിൽ തുടരാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിന്ന് സി പി എം പ്രതിനിധി ഇറങ്ങിപ്പോയി.. ജയശങ്കറുള്ള ചർച്ചയിൽ ഞങ്ങൾ പങ്കെടുക്കില്ല എന്ന് ഏഷ്യാനെറ്റുമായി ധാരണയുണ്ട്. ആ ധാരണ തെറ്റിച്ചതുകൊണ്ടാണ് ഖേദപൂർവ്വം ഈ ചർച്ചയിൽ നിന്ന് പിന്മാറുന്നത് എന്നാണ് ഷംസീർ ഇറങ്ങിപ്പോകുമ്പോൾ പറഞ്ഞത്.
ഏതെങ്കിലും ഒരാൾ ചർച്ചയിൽ ഉള്ളതുകൊണ്ട് ഞങ്ങൾ അതിൽ പങ്കെടുക്കില്ല എന്ന് പറയുന്നതിനോട് താത്വികമായി യോജിക്കാൻ കഴിയില്ലെങ്കിലും ജയശങ്കറിന്റെ കാര്യത്തിൽ സി പി എമ്മിന്റെ ഈ ഇറങ്ങിപ്പോക്ക് എനിക്കിഷ്ടപ്പെട്ടു.
ആത്യന്തികമായി ജയശങ്കർ ഒരു സംഘിയാണ്. ആകാശം ഇടിഞ്ഞു വീണാലും സംഘികളെ അയാൾ വിമർശിക്കാറില്ല. അയാൾ വിമർശിക്കാറുള്ളതും തെറി പറയാറുള്ളതും പരിഹസിക്കാറുള്ളതും ഇടതുപക്ഷത്തെ മാത്രമാണ്. സിപിഐക്കാരനാണെന്ന് ആളുകൾ പറയാറുണ്ടെങ്കിലും ഇടതുപക്ഷ രാഷ്ട്രീയത്തെ എപ്പോഴെങ്കിലും അയാൾ പിന്തുണക്കുന്നത് കണ്ടിട്ടില്ല. അതായത് രാഷ്ട്രീയ നിരീക്ഷകൻ എന്ന ലേബലിൽ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സംഘിയാണ് അയാൾ.. അങ്ങനെയൊരു കപട വേഷധാരിയായ സംഘിയെ സമൂഹത്തിൽ തുറന്നു കാട്ടാനുള്ള ഒരവസരമായി ഈ ചർച്ച ഉപയോഗിച്ചത് വളരെ നന്നായി.
മോദിയുടെ ആശയങ്ങളും അയാളുടെ ശൈലിയും ഇമേജുമൊക്കെ ആരാധനയോടെ നോക്കിക്കാണുകയും ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് വരികയും ചെയ്ത ഒരു കപടനെ കഴിഞ്ഞ ദിവസം നികേഷ് പഞ്ഞിക്കിട്ടു സമൂഹത്തിൽ തുറന്നു കാട്ടി. ഇനി തുറന്നു കാട്ടാനുള്ളത് സംഘിയുടെ ട്രൗസർ ഉള്ളിലുള്ള ഈ 'രാഷ്ട്രീയ നിരീക്ഷകനെ'യാണ്.
മറുനാടന് ഡെസ്ക്