- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവാതിൽ നിയമന കുരുക്കിൽ എ എൻ ഷംസീർ എംഎൽഎ; കണണൂർ സർവകലാശാല അസി. പ്രൊഫസർ തസ്തികയിലേക്ക് ഭാര്യ ഡോ. പി.എം സഹ്ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി സിയോട് വിശദീകരണം തേടി; പരിശോധിക്കുന്നത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിന്റ് കുറച്ചെന്ന ആക്ഷേപം
കണ്ണൂർ: തലശേരി എംഎൽഎ എ എൻ ഷംസീർ വീണ്ടും പിൻവാതിൽ നിയമന കുരുക്കിലേക്ക്. സർവകലാശാല അസി. പ്രൊഫസർ തസ്തികയിലേക്ക് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി.എം സഹ്ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി സിയോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ തിരക്കിട്ട് ഓൺലൈൻ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ. സഹ്ലയെ അസിസ്റ്റന്റ് പ്രൊഫസർ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാൻ ശ്രമം നടന്നുവെന്നാണ് പരാതി.
യുജിസിയുടെ കീഴിലുള്ള എച്ച്.ആർ വകുപ്പിൽ എല്ലാ തസ്തികകളും താൽക്കാലികമാണെന്നിരിക്കേ എന്തുകൊണ്ടാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചത് എന്ന ചോദ്യവും ഉയർന്നിരുന്നു. അഭിമുഖത്തിന്റെ കട്ട് ഓഫ് മാർക്ക് ഇവർക്കു വേണ്ടി കുറച്ചുവെച്ചുവെന്നും കമ്മിറ്റി ആരോപണം ഉന്നയിക്കുന്നുണ്ട്. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവർണർ പരിശോധിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ സർവകലാശാലയുടെ നിലപാട് അറിയുന്നതിനായി വി സിയുടെ മറുപടി ഗവർണർ തേടിയിരിക്കുന്നത്. ഡയറക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തതിന് അനാവശ്യമായി വേട്ടയാടുകയാണ്.
ഇന്റർവ്യൂവിൽ പങ്കെടുത്തത് മതിയായ യോഗ്യതയുള്ളതുകൊണ്ടാണ്. 30പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ തന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് ഷംസീറിന്റെ ഭാര്യ ആയതുകൊണ്ടാണെന്നും സഹല ദിവസങ്ങൾ മുൻപ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം സഹലയെ ഇതേ തസ്തികയിൽ നിയമിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു ശേഷം കടുത്ത എതിർപ്പിനെ മറികടന്നാണ് കണ്ണുർ സർവകലാശാലയിൽ ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിനായുള്ള നീക്കം നടത്തിയത്.ഷംസീറിന്റെ ഭാര്യ സഹലയ്ക്ക് പിൻവാതിൽ നിയമനം നൽകുന്നതിനെതിരെ കണ്ണുർസർവ്വകലാശാല വൈസ് ചാൻസർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തെ വസതി കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചിരുന്നു.
ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിന്റ് കുറച്ചതായി പരാതിയുണ്ടായിരുന്നു.ഇന്റർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനായിരുന്നു നീക്കം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവർണർ പരിശോധിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ സർവകലാശാലയുടെ നിലപാട് അറിയുന്നതിനായി വിസിയുടെ മറുപടി ഗവർണർ തേടിയിരിക്കുന്നത്.
അതേസമയം അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നായിരുന്നു ഡോ. സഹല അഭിപ്രായപ്പെട്ടിരുന്നത്. കോടതി വിധി തന്റെ ഭാഗം കേൾക്കാതെയാണ്. ഒരു എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ തന്നെ തഴയാനാകുമെന്നും ഡോ. സഹല ചോദിച്ചു. തസ്തിക കെട്ടിച്ചമച്ചതാണെന്ന ആരോപണത്തിൽ മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയാണ്. തനിക്ക് വേണ്ടി രൂപീകരിച്ച തസ്തികയല്ലിത്. പത്രപരസ്യം കണ്ടാണ് അപേക്ഷ നൽകിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങളിൽ പങ്കെടുക്കും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും ഡോ. സഹല പറഞ്ഞു.
തനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂെടയാണ് ഓരോന്നും നേടിയത്. ഷംസീറിന്റെ ഭാര്യയായതുകൊണ്ട് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന ആരോപണം തമാശയാണ്. ഷംസീറിന്റെ ഭാര്യയായതിനാൽ വീട്ടമ്മയായി കഴിയണോ എന്നും ഡോ. സഹല മാധ്യമങ്ങൾക്ക് മുമ്പിൽ ചോദ്യം ഉന്നയിച്ചു.
മറുനാടന് മലയാളി ബ്യൂറോ