- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിച്ച് ഷംസീർ; പരാമർശം പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോൾ; പ്രതിപക്ഷ അംഗങ്ങൾ ബഹളം ഉണ്ടാക്കിയപ്പോൾ തലശ്ശേരി ശൈലിയെന്ന് വിശദീകരണം; ഒടുവിൽ ഖേദം പ്രകടിപ്പിച്ചു തടിയൂരൽ; മന്ത്രിസ്ഥാനം കിട്ടാത്ത കലിപ്പെന്ന പരിഹാസവുമായി സൈബർ ലോകവും
തിരുവനന്തപുരം: നിയമസഭാ ചർച്ചക്കിടെ സ്പീക്കറെ നിങ്ങൾ എന്നു വിളിച്ചു തലശ്ശേരി എംഎൽഎ എ എൻ ഷംസീർ. പ്രതിപക്ഷം വിഷയം ഉയർത്തിയപ്പോൾ ഖേദം പ്രകടിപ്പിച്ചു. സാംക്രമികരോഗങ്ങൾ സംബന്ധിച്ച ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു സംഭവം.
ചർച്ചയിൽ സമയക്രമമില്ലെങ്കിലും അംഗങ്ങൾ 10 മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കണമെന്ന നിർദേശമായിരുന്നു സ്പീക്കർ എം.ബി. രാജേഷ് നൽകിയത്. നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച കുറുക്കോളി മൊയ്തീൻ സമയപരിധിക്കുള്ളിൽനിന്ന് സംസാരിച്ചു. പിന്നീട്, സംസാരിച്ച എൻ.എ. നെല്ലിക്കുന്ന്, പി.സി. വിഷ്ണുനാഥ് എന്നിവരെല്ലാം വളരെക്കൂടുതൽ സമയമെടുത്തു. അപ്പോൾ സ്പീക്കർ ചെയറിലില്ലായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ഷംസീർ സംസാരിക്കുകയായിരുന്നു. പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് 'നിങ്ങൾ പ്രതിപക്ഷത്തിന് കൂടുതൽ സമയം സംസാരിക്കാൻ അവസരം നൽകിയില്ലേ'യെന്ന പരാമർശം ഷംസീറിൽ നിന്നുണ്ടായത്.
ഷംസീറിന്റെ ഭാഗത്തു നിന്നും നിങ്ങൾ പരാമർശം ഉണ്ടായതോടെ പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. 10 വർഷത്തോളം ലോക്സഭാംഗമായിരുന്ന വ്യക്തിയാണ് സ്പീക്കറെന്നും അദ്ദേഹത്തെ നിങ്ങളെന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള അവഹേളനവുമാണെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
തുടർന്ന്, 'നിങ്ങൾ' എന്നത് തലശ്ശേരിയിലെ സംഭാഷണ ശൈലിയാണെന്നും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിച്ച് പരാമർശം പിൻവലിക്കുകയാണെന്നും ഷംസീർ പറഞ്ഞു. അതേസമയം ഷംസീറിന്റെ നിങ്ങൾ പരാമർശനും സോഷ്യൽ മീഡിയിയൽ യുഡിഎഫ് അനുഭാവികൾ ആഘോഷിച്ചു. ഷംസീറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ കലിപ്പായിരുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയൽ ഉയർന്ന ട്രോൾ. കഴിഞ്ഞ ദിവസം ഏറനാട് എംഎൽഎ പി കെ ബഷീറും നിയമസഭയിൽ ഷംസീറിനെ ട്രോളി പ്രസംഗിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. മൈക്ക് ഓഫ് ചെയ്യ് എന്നു പറഞ്ഞു കൊണ്ടായിരുന്നു അന്ന് ഷംസീർ ഇതിനോട് പ്രതികരിച്ചത്.
മറുനാടന് ഡെസ്ക്