തിരുവനന്തപുരം: സോളാർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ലൈംഗിക ആരോപണങ്ങൾ ഉയർന്നെങ്കിലും അതിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസെടുത്ത ഒരേയൊരു വിഷയം സരിതയെ മസ്‌കറ്റ് ഹോട്ടലിൽ വച്ച് അന്ന് എംഎൽഎ ആയിരുന്ന എ പി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്‌തെന്ന ആക്ഷേപമായിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി നൽകിയത് കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവിയും ബെന്നി ബെഹനാനും പറഞ്ഞിട്ടാണെന്ന് സരിത പിന്നീട് വെളിപ്പെടുത്തിയതോടെ അബ്ദുള്ളക്കുട്ടിക്ക് എതിരെ ആരോപണം ഉണ്ടായത് ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമായി ആണെന്ന വാദവും ശക്തമായി.

അതേസമയം, പരാതി നൽകിയത് അവർ പറഞ്ഞിട്ടാണെങ്കിലും താൻ പറഞ്ഞത് സത്യമാണെന്ന വാദമാണ് സരിത ഉന്നയിച്ചത്. എങ്കിലും കന്റോൺമെന്റ് പൊലീസ് സരിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പാതിവഴിയിൽ നിലച്ചു. ഇപ്പോൾ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അബ്ദുള്ളക്കുട്ടിക്ക് എതിരെയും കേസുണ്ടാവുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സരിത എന്ന സ്ത്രീയെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും ഇത് തന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്നുമാണ് കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

എന്റെ രണ്ടു മക്കളാണെ സത്യം. ആ സ്ത്രീയെ ഞാൻ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണിത്. ഇനി എൽ.ഡി.എഫ് സർക്കാരും അന്വേഷിക്കട്ടെ- ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

സരിത നിരവധി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് അബ്ദുള്ളക്കുട്ടിക്ക് എതിരെ മാത്രമാണ് കേസുണ്ടായത്. സരിത നേരിട്ടെത്തി പരാതി നൽകുകയും ചെയ്തു. ഇത് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടായിരുന്നുവെന്ന് സരിത പിന്നീട് വ്യക്തമാക്കുകയായിരുന്നു. തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും സരിത പറയുന്നില്ല. എന്നാൽ പൊലീസിൽ പരാതി കൊടുപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ ആയിരുന്നു എന്നാണ് പിന്നീട് വ്യക്തമാക്കിയത്. കണ്ണൂരിൽ ഐ വിഭാഗത്തിനൊപ്പം നിന്ന നേതാവാണ് അബ്ദുള്ളകുട്ടി. കെ സുധാകരന്റെ വലംകൈയായി സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തി നിയമസഭാ അംഗമായ നേതാവ്.

അങ്ങനെ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്ന അബ്ദുള്ളക്കുട്ടിക്കെതിരെ സരിതയെ കൊണ്ട് പീഡനാരോപണം ഉയർത്തി. പിന്നീട് പ്രതിരോധം തീർക്കാൻ കോൺഗ്രസിലെ എ വിഭാഗം തന്നെ രംഗത്തുവന്നു. അതോടെ അന്വേഷണം തീർന്നു. പീഡനം നടന്നുവെന്ന പരാതിയിൽ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്തുമില്ല. എല്ലാം അബ്ദുള്ളക്കുട്ടിയെ ഒതുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. ഇതോടെ സോളാറിൽ പ്രതികൂട്ടിലായിരുന്ന ഐ ഗ്രൂപ്പ് മന്ത്രിമാരെല്ലാം ഗ്രൂപ്പിന് അതീതമായി പ്രവർത്തനും തുടങ്ങി. അങ്ങനെ സരിതയെ സമർത്ഥമായി മുഖ്യമന്ത്രിയും എ പക്ഷവും ഉപയോഗിച്ചെന്ന ആരോപണമാണ് അന്ന് ശക്തമായത്.

നിയമസഭ നടക്കുമ്പോഴാണ് സരിതയുടെ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസിന് മൊഴി നൽകാൻ സരിത എത്തിയല്ല. അതിനിടെ കേസ് എഴുതി തള്ളാൻ പൊലീസ് നീക്കം സജീവമാക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ എത്തിയത്. നിയമസഭയിലെ ഹാജറിൽ അബ്ദുള്ളക്കുട്ടി ഒപ്പിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ഉയരുമ്പോൾ അബ്ദുള്ളക്കുട്ടി നിയമസഭയിലാണെന്ന വാദത്തിന് ശക്തിയേറും. നിയമസഭയും മസ്‌കറ്റ് ഹോട്ടലും ഒരേ മൊബൈൽ ടവറിലാണ് വരുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ടവർ രേഖകളിലൂടെ അബ്ദുള്ളക്കുട്ടിയെ കുറ്റവാളിയായി കാണാനാകില്ലെന്ന നിലപാടാണ് അന്ന് പൊലീസ് സ്വീകരിച്ചത്.

2014 മാർച്ച് പത്തിനായിരുന്നു അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത പരാതി നൽകിയത്. ആദ്യം പൊലീസിലെത്തി വാക്കാൽ പറഞ്ഞു. എന്നാൽ പരാതി എഴുതി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് സരിത പരാതി എഴുതി നൽകിയത്. ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ വേണ്ടത്ര ഗൗരവത്തോടെ പൊലീസ് കേസുമായി നീങ്ങിയില്ല. പിന്നീട് സരിതയും ഇതേ പറ്റി പ്രതികരിച്ചുമില്ല. ഇതിനെല്ലാം പിന്നിൽ എ ഗ്രൂപ്പ് ഗൂഢാലോചനയെന്ന് സരിത പറഞ്ഞത് അന്ന് അബ്ദുള്ളക്കുട്ടിക്ക് താൽക്കാലിക ആശ്വാസം ആയെങ്കിലും ഇപ്പോൾ വീണ്ടും അക്കാര്യത്തിൽ കേസ് വന്നതോടെ ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷണ വിധേയമാകും.