- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് വെറും 20 വോട്ടുകൾ മാത്രം! നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ചതു വെറുതേയായി; കുടുംബക്കാർ പോലും വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ്
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പലിൽ നിന്നും മത്സരിച്ച ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്റെ സഹോദരന് ലഭിച്ചത് കേവലം 20 വോട്ടുകൾ മാത്രം. വാർഡിൽ വോട്ടുള്ള കുടുംബക്കാർ പോലും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന പരിഹാസവുമായി യുഡിഎഫ് രംഗത്ത്.
സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കും പിന്നീട് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും ചുവടുമാറി ഒടുവിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ വരെയായ എപി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എപി ശറഫുദ്ദീനാണ് ദയനീയമായി പരാജയപ്പെട്ടത്. മത്സരിച്ച വാർഡിൽ നാലാം സ്ഥാനത്താണ് ശറഫുദ്ദീൻ. മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥി സൈഫുദ്ദീൻ നാറാത്താണ് ഇവിടെ വിജയിച്ചത്.
യുഡിഎഫിന് 677 വോട്ടുകൾ ലഭിച്ചപ്പോൾ 318 വോട്ട് എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തി. 125 വോട്ടുകൾ നേടിയ എൽഡിഎഫ് മൂന്നാം സ്ഥാനത്തും 20 വോ്ട്ടുകൾ മാത്രം നേടിയ ബിജെപി നലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാറാത്ത് എപി അബ്ദുള്ളക്കുട്ടിയുടെ വീടിന് സമീപത്തു തന്നെയാണ് ശറഫുദ്ദീനും താമസിക്കുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഇളയ സഹോദരനാണ് ശറഫുദ്ദീൻ. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വന്നതോടെയാണ് ശറഫുദ്ദീനും ബിജെപി അംഗത്വമെടുത്തത്.