കണ്ണൂർ: കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ് ദേശീയ തലത്തിൽ ഇപ്പോൾ ചർച്ചാ വിഷയം. ത്രിപുരയിലെ ആക്രമണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പ്രതിരോധിക്കുകയാണ് സിപിഎം. ഇതിനിടെയാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ചും പാർട്ടി ഗ്രാമങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു കൊണ്ട് മുൻ സിപിഎം സഹയാത്രികൻ എ പി അബ്ദുള്ളക്കൂട്ടി. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് എന്ന മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിന്റെ അവസ്ഥ എനിക്കറിയാം. പണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കുമ്പോൾ വീടുകളിൽ വോട്ടഭ്യർത്ഥിക്കാൻ കയറാൻ പോലും സാധിച്ചിരുന്നില്ല എന്നു പറഞ്ഞു കൊണ്ട് അബ്ദുള്ളക്കുട്ടി വിവരിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവമുള്ളവയാണ്. അബ്ദുള്ളക്കുട്ടി പറയുന്നത് ഇങ്ങനെ:

പണ്ട് മട്ടന്നൂർ ചാവശേരിയിൽ കെഎസ്ആർടിസി ബസ് തീവെച്ച് നാലഞ്ചുപേരെ കമ്മ്യൂണിസ്റ്റുകാരെ കൊലപ്പെടുത്തി. അതിൽ കൊല്ലപ്പെട്ട ഒരാളുടെ വീട്ടിൽ വോട്ടുചോദിക്കാനായി ഞാൻ കയറിയപ്പോൾ പാർട്ടി സെക്രട്ടറിയുൾപ്പെടെയുള്ളവർ മാറി നിന്നു. അങ്ങനെ കയറിച്ചെല്ലാൻ കഴിയാത്ത എത്രയെത്ര ഇടങ്ങൾ,വീടുകൾ.. ഇതാണ് കണ്ണൂരിലെ സിപിഐഎം പ്രവർത്തകർ അനുഭവിക്കുന്ന സങ്കടം. ഷുക്കൂർ, ഫൈസൽ, ഷുഹൈബ് തുടങ്ങിയവരുടെ വീടുകളിൽ പോകാൻ പറ്റുമോ. തലശേരിയിൽ കഴിഞ്ഞതവണ വോട്ടുചോദിക്കാൻ ചെന്നപ്പോൾ മൂന്നു ചെറുപ്പക്കാർ കൈ തരാതെ പോക്കറ്റിൽ വച്ചിരിക്കുന്നു. നോക്കിയപ്പോൾ അവർക്ക് കൈപ്പത്തിയില്ല. കാരണം സിപിഐഎമ്മിന് വേണ്ടി ബോംബുണ്ടാക്കിയപ്പോൾ സ്ഫോടനം നടന്ന കൈ തകർന്നുപോയതാണ്.

കെവി സുധീഷ് സംസ്ഥാന വൈസ് പ്രസിഡന്റാകുമ്പോഴാണ് കൊല്ലപ്പെട്ടത്. അച്ഛനും അമ്മയും കാൺകെയായിരുന്നു അക്രമം. സുധീഷിനെ കൊലക്കുകൊടുത്തത് പാർട്ടിയാണ്. ഉരുവച്ചാലിലെ ആർഎസ്എസ് നേതാവ് സദാനന്ദൻ മാഷെ സിപിഐഎം കാലുവെട്ടിയിരുന്നു. അതിന്റെ പ്രതികരണമെന്നോണമാണ് തിരിച്ചടിയുണ്ടായത്. എന്റെ ഗ്രാമത്തിന്റെ പേര് നാറാത്ത് എന്നാണ്. ചടയൻ ഗോവിന്ദന്റെ നാടാണ്. ആർഎസ്എസ് നേതാവ് കെ ജി മാരാരുടെ നാടാണ്. ഞങ്ങളുടെ നാട്ടിൽ ബോംബുണ്ടാക്കലില്ല, ആളെക്കൊല്ലൽ വ്യവസായമില്ല, കൊടി സുനിയുടെ ക്വട്ടേഷൻ സംഘമില്ല. കണ്ണൂരിലെ എല്ലാ പ്ാർട്ടിക്കാരും ഇങ്ങനാണെന്ന് ധരിക്കരുത്.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മണ്ണിനും പെണ്ണിനും വിലയില്ല. പുരനിറഞ്ഞുനിൽക്കുന്ന പെൺകുട്ടികൾക്ക് ഭർത്താക്കന്മാരെ കിട്ടില്ല. ബോംബുണ്ടാക്കൽ ആളെക്കൊല്ലൽ വ്യവസായം നടക്കുന്ന നാട്ടിൽ നിന്ന് കല്യാണം കഴിക്കാൻ ആരാണ് തയ്യാറാകുക. മുടിഞ്ഞ പാർട്ടി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ച് സ്ഥലം വിറ്റൊഴിവായി രക്ഷപ്പെടാമെന്ന് നോക്കിയാൽ സ്ഥലത്തിനും വിലയില്ല. ജയകൃഷ്ണൻ മാസ്റ്ററെ സ്‌കൂളിലിട്ടാണ് വെട്ടിക്കൊല്ലുന്നത്. ആ വിഷയവുമായി വൈകാരികമായ ബന്ധമുണ്ട്. ആ സ്‌കൂളിൽ കുട്ടികൾ പിന്നീട് പഠിക്കാണ്ടായി.

ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് വന്നപ്പോൾ ഒരു പുസ്തകമെഴുതി. നിങ്ങളെന്നെ കോൺഗ്രസാക്കിയെന്നത്. അത് പത്താംപതിപ്പാണ് ഇപ്പൊ. അതിന്റെ റോയൽറ്റിയായി കിട്ടിയ രണ്ടുലക്ഷത്തിൽ നിന്ന് ഒന്നരലക്ഷം രൂപ അക്രമരാഷ്ട്രീയത്തിന് ഡെഡിക്കേറ്റ് ചെയ്തു. അഷ്നക്ക് വാഹനം വാങ്ങാൻ അമ്പതിനായിരം രൂപ കൊടുത്തു.ജയകൃഷ്ണൻ മാസ്റ്ററുടെ സ്‌കൂളിൽ കമ്പ്യൂട്ടർ വാങ്ങാനായ അമ്പതിനായിരം രൂപ കൊടുത്തു. പറശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിന് അമ്പതിനായിരം കൊടുത്തു. അക്രമരാഷ്ട്രീയത്തിനെതിരേ പ്രതികരിക്കുന്ന ഒരുപാടുപേരിലുള്ള ഒരാളാണ് ഞാൻ. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം.

ദൈവത്തിന്റെ രൂപത്തിൽ ശുഹൈബ് വധക്കേസിൽ ജഡ്ജി വിധി പറഞ്ഞിരിക്കുന്നു. ഇനി കൊല്ലിച്ചവരെ പിടിക്കണം. സിപിഐഎം വിചാരിച്ചാൽ കണ്ണൂരിലെ അക്രമരാഷ്ട്രീയം സ്വിച്ചിട്ടപോലെ അവസാനിപ്പിക്കാൻ സാധിക്കും. ഈ കൊലപാതകികൾക്ക് ചെല്ലും ചെലവും കൊടുക്കുന്നത് നിർത്തുക. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളെ അറിയില്ലേ. ആ കേസിനുവേണ്ടി കോടികളാണ് സിപിഐഎം ചെലവഴിച്ചത്. സിബിഐ അന്വേഷിച്ചാൽ ആ കുടുംബങ്ങളിലേക്ക് എല്ലാ മാസവും പാർട്ടി പണം നൽകുന്നത് കണ്ടെത്താനാകും. പ്രതിയായ മുഹമ്മദ് ഷാഫിയെ പരോളിൽ കൊണ്ടുവന്ന് കല്യാണം കഴിപ്പിച്ചു. പുയ്യാപ്ല ഓഡി കാറിലാണ് വന്നത്. ഷംസീറായിരുന്നു പരികർമ്മി. പുയ്യാപ്ലയെ മണിയറയിലാക്കിയാണ് ഷംസീർ മടങ്ങിയത്.

ഇത് നൽകുന്ന സന്ദേശമെന്താണ്. ആകാശ് തില്ലങ്കേരിയെപ്പോലുള്ള ചെറുപ്പക്കർ നൽകുന്ന സന്ദേശമെന്താണ്. വരൂ കൊടിസുനിയുടെ ക്വട്ടേഷൻ സംഘത്തിൽ ചേരൂ. കൊന്നിട്ട് ജയിലിൽ പൊയ്ക്കോളൂ. നിങ്ങൾക്ക് വീടു വെച്ചുതരും വിവാഹം നടത്തിത്തരും നിങ്ങൾക്ക് കുട്ടികളെയുണ്ടാക്കിത്തരും. കുട്ടികളെയുണ്ടാക്കിത്തരാന്ന് വച്ചാ ഇടക്കിടെ പരോൾ തരുന്നുണ്ടല്ലോ. ്കുട്ടികളുടെ ചെലവിന് കൊടുക്കും. സഹകരണബാങ്കിൽ ബന്ധുക്കൾക്ക് ജോലികൊടുക്കും. ഈ സമീപനം മാറ്റണ്ടേ. എതിരാളികളെ കൊല്ലുന്നത് ബുദ്ധിശൂന്യമാണെന്ന് എംഎ ബേബി പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സമീപനം നിങ്ങൾക്ക് നിർത്തിക്കാനാകുമോ ഇല്ലെങ്കിൽ കണ്ണൂർ മറ്റൊരു ത്രിപുരയോ ബംഗാളോ ആകും. കണ്ണൂരിന്റെ സമാധാനത്തിനായി നമ്മൾ ഒന്നിച്ചുനിൽക്കണം. സമാധാനമുണ്ടെങ്കിൽ വികസനമുണ്ടാകും വികസനമുണ്ടായാൽ ഐശ്വര്യമുണ്ടാകും ഐശ്വര്യമുണ്ടായാലേ നാട് നന്നാവൂ.- അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.