കണ്ണൂർ: ലക്ഷദ്വീപിലെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി. ആയിഷ സുൽത്താന രാജ്യദ്രോഹ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ ഇത് ആഘോഷിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പരാമർശം.

തന്നെ ലക്ഷദ്വീപിൽ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് ഐഷ സുൽത്താന നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവർ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും ഐഷ റിപ്പോർട്ടർ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ബയോ വെപ്പൺ പ്രയോഗം നടത്തിയെന്ന പരാമർശനമാണ് ഐഷ സുൽത്താന നടത്തിയത്. പിന്നീട് വിവാദമായപ്പോൾ പരാമർശങ്ങൾ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നായിരുന്നു ഇവരുടെ വാദം.

അതേസമയം, ഐഷയ്ക്കെതിരായ നീക്കത്തിൽ ലക്ഷദ്വീപ് ബിജെപിയിൽ വൻപൊട്ടിത്തെറിയാണ് ഉണ്ടായത്. ചെത്ത്ലത്ത് ദ്വീപിലെ 12 ബിജെപിക്കാർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൾ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോർഡ് അംഗം എന്നിവർ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്. ഐഷയ്ക്കെതിരെ ബിജെപി അധ്യക്ഷൻ കവരത്തി പൊലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് കത്തിൽ പറയുന്നു.