ഭാഗ്യമരണം എല്ലാവർക്കും വിധിച്ചിരിക്കില്ല. ഭാഗ്യം ചെയ്തവർക്ക് മാത്രമേ അത് സാധിക്കൂ. ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണുവാൻ ഭാഗ്യം ലഭിച്ച ഒരാൾ, ഒരു നിമിഷം പോലും വയ്യാതെ കിടക്കാതെ അവസാന നമിഷം വരെ പുഞ്ചിരിച്ച് കൊണ്ട് മരണം പുൽകുക എന്ന മഹാഭാഗ്യമാണ് അബ്ദുൾ കലാമിനെ തേടി എത്തിയത്. അതും ഏറ്റവും ഇഷ്ടപ്പെട്ട അറിവ് പങ്കുവയ്ക്കുന്നതിനിടയിൽ ശാന്തമായി ദൈവം എത്തി കൊത്തിക്കൊണ്ട് പോവുകയായിരുന്നു.

അറിവ് പകർന്ന് നൽകാൻ ആഗ്രഹിച്ച മഹാനായിരുന്നു എപിജെ അബ്ദുൾ കലാം. അപ്പോഴും തനിക്ക് എല്ലാം അറിയാമെന്ന് ഭാവിച്ചില്ല. കുട്ടികളെ എല്ലാത്തിനുമരി സ്‌നേഹിച്ച കലാം വിടവാങ്ങുന്നതും പ്രിയപ്പെട്ടവരുടെ മുന്നിൽ ക്ലാസെടുക്കുമ്പോൾ. തന്റെ കർമ്മ മണ്ഡലത്തിൽ മരണവും ലോകം അംഗീകരിച്ച അതുല്യ പ്രതിഭയെ തേടിയെത്തി. മുൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളുമായി ചുമ്മായിരിക്കാൻ കലാം തയ്യാറായിരുന്നില്ല. ലോകം മുഴുവൻ സഞ്ചരിക്ക് അദ്ദേഹം പലരുമായി സംവദിച്ചു. ഇതിലൂടെ കൂടുതൽ അറിവുകൾ നേടി. ഭാവിക്ക് വേണ്ടത് കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.

കലാമിന്റെ ജീവത സാഹചര്യവും പഠനകാലവുമെല്ലാം ഇതിന് അദ്ദേഹത്തെ പരുവപ്പെടുത്തി. അറിവിനോടുള്ള അഗാധ ആഗ്രഹമാണ് കലാമിനെ ലോകമറിയുന്ന ശാസ്ത്രകാരനാക്കിയത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ജില്ലാ കേന്ദ്രമായ രാമനാഥപുരത്തെ ഷ്വാസ് ഹൈസ്‌കൂളിൽ ചേർന്നു പഠിക്കാൻ അബ്ദുൾ കലാം ബാപ്പയുടെ അനുവാദം ചോദിച്ച രംഗം അദ്ദേഹത്തിന്റെ 'അഗ്‌നിചിറകുകൾ' എന്ന ആത്മകഥയിൽ വിവരിച്ചിരിക്കുന്നത് ഹൃദയസ്പർശിയായാണ്. ഇതിൽ നിന്ന് തന്നെ എല്ലാ വ്യക്തമാണ്.

സ്‌കൂളിന്റെ പടിപോലും കാണാത്ത ബാപ്പ ഒരു തത്ത്വജ്ഞാനിയെപ്പോലെ മകനോട് സംസാരിച്ചു. ഉറ്റവരേയും വിട്ട് പുതിയ സ്ഥലത്തേയ്ക്ക് പോകാൻ തയ്യാറായ മകനെക്കുറിച്ച ആകുലപ്പെട്ട ഉമ്മയെ ആശ്വസിപ്പിക്കാൻ ആ ബാപ്പ ഖലീൽ ജിബ്രാന്റെ വരികളാണ് ഉദ്ധരിച്ചത്. ജൈനുലബ്ദ്ദീൻ പറഞ്ഞു: 'നിന്റെ മക്കൾ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ. അവർ നിന്നിലൂടെ വളരുന്നു. എന്നാൽ നിന്നിൽ നിന്നല്ല. നിനക്ക് നിന്റെ സ്‌നേഹം അവർക്കായി നൽകാം. പക്ഷേ നിന്റെ ചിന്തകൾ നല്കരുത്. എന്തെന്നാൽ, അവർക്ക് അവരുടേതായ ചിന്തകളുണ്ട്.'

ഈ വാക്കുകളായിരുന്നു എന്നും കലാമിന്റെ കരുത്ത്. അതുകൊണ്ട് തന്നെ തന്നെ പോലെയാകാൻ ആരേയും കലാം നിർബന്ധിച്ചില്ല. ഞാനും പൂർണ്ണനല്ലെന്ന് എല്ലായ്‌പ്പോഴും ആവർത്തിച്ചു. അതു കൊണ്ട് കൂടിയാണ് സ്വപ്‌നം കാണാൻ കലാം ഏവരേയും പഠിപ്പിച്ചത്. ശാസ്ത്ര ലോകത്ത് വെട്ടിപ്പിച്ച സുവർണ്ണ നേട്ടങ്ങൾ അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. എളിമയോടെ സാധാരണക്കാർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് തനിക്കറിയാവുന്ന ശാസ്ത്രം സാധാരണക്കാർക്ക് പകർന്ന് നൽകി. കേരളാ നിയമസഭയിൽ കേരളത്തിനായും വികസന പദ്ധതി അവതരിപ്പിച്ചു. എന്താണ് കേരളത്തിന് വേണ്ടതെന്ന് പഠിച്ച് മനസ്സിലാക്കിയായിരുന്ന അത്. എന്നും വിദ്യാർത്ഥിയും അദ്ധ്യാപകനുമായും ജീവിക്കാനായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. അറിവ് നേടലും പകർന്ന് കൊടുക്കലും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായി കരുതി.

രാഷ്ട്രപതിയായി ഭരണം നിയന്ത്രിക്കുന്നതിനേക്കാൾ കലാം ഇഷ്ടപ്പെട്ടത് ഒരു ശാസ്ത്രാധ്യാപകനായി ഇന്ത്യയുടെ യുവാക്കൾക്കിടയിൽ കഴിയാനായിരുന്നു. വിധിയുടെ വിളയാട്ടം പോലെ അദ്ധ്യാപകനായി വിദ്യാർത്ഥികൾക്ക് മുൻപാകെ പ്രബന്ധം അവതരിപ്പിക്കുമ്പോഴായിരുന്നു കലാമിന്റെ അന്ത്യവും. ലിവബിൾ പ്ലാനറ്റ് എന്നതായിരുന്നു വിഷയം. ഈ ചടങ്ങിലേയ്ക്ക് പോകുന്നുവെന്ന അറിയിപ്പാണ് കലാമിന്റെ അവസാനത്തെ ട്വീറ്റ്. രാഷ്ട്രപതിമാരുടെയും രാഷ്ട്രീയക്കാരുടെയും പതിവ് വിരസ പ്രസംഗങ്ങൾക്ക് പകരം ഓരോ പ്രസംഗവേദിയും ഓരോ ക്ലാസ്മുറിയാക്കുകയായിരുന്നു കലാം. അതുകൊണ്ടുതന്നെ അദ്ധ്യാപകന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ അറിവും വിളക്കിച്ചേർത്തിക്കൊണ്ടുള്ള കലാമിന്റെ പ്രസംഗങ്ങൾക്കായി ഏവരും കാതോർത്തു.

വേദിയിലെ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നതായിരുന്നു കലാമിന്റെ ശൈലി. കുട്ടികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവരെ അഭിനന്ദിക്കാനും കുശലാന്വേഷണം നടത്താനും കലാം ശ്രദ്ധിച്ചു. നല്ലത് എവിടെ കണ്ടാലും തുറന്നു പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയല്ല, മുഴുവൻ സമയവും അദ്ധ്യാപകനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഷില്ലോങ്, അഹമ്മദാബാദ്, ഇൻഡോർ ഐ.ഐ.എമ്മുകളിലെ വിസിറ്റിങ് പ്രൊഫസറായിരുന്നു അദ്ദേഹം.

ഇതിന് പുറമെ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഹോണററി ഫെല്ലോയായും തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ചാൻസലറായും ചെന്നൈ അണ്ണ സർവകലാശാലയുടെ എയറോസ്‌പെയ്‌സ് എഞ്ചിനീയറിങ്, മൈസൂർ ജെ.എസ്.എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. നേരത്തെ ഹൈദരാബാദ് ഐ. ഐ.ടി.യിൽ ഇൻഫർമേഷൻ ടെക്‌നോളജിയും ബനാറസ് ഹിന്ദു സർവകലാശാലയിൽ ടെക്‌നോളജിയും പഠിപ്പിച്ചിട്ടുണ്ട്.

യുവാക്കളും കുട്ടികളുമായിരുന്നു എന്നും കലാമിന്റെ ആവേശം. നാളെയുടെ പൗരന്മാരിൽ വലിയ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം ഈ പ്രതീക്ഷ ജ്വലിച്ചുനിന്നു. ഇത് കണക്കിലെടുത്താണ് 2003ലും 2006ലും എംടി.വി. അദ്ദേഹത്തെ യൂത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡിന് ശുപാർശ ചെയ്തത്. രാജസ്ഥാനി ബാലനായ ചോട്ടുവിൽ അദ്ദേഹം ചെലുത്തിയ സ്വാധീനമാണ് ഐ ആം കലാം എന്ന സിനിമയുടെ ഇതിവൃത്തം. രാഷ്ട്രപതിയുടെ പ്രസംഗം കേട്ട പന്ത്രണ്ടു വയസ്സുകാരനായ ചോട്ടു പിന്നീട് തന്റെ പേര് കലാം എന്നാക്കി മാറ്റുന്നതാണ് കഥ.

മൂന്ന് വർഷം മുൻപ് യുവാക്കളെ അഴിമതിക്കെതിരെ അണിനിരത്തുന്നതിന്റെ ഭാഗമായി കലാം ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. വാട്ട് കാൻ ഐ ഗീവ് മൂവ്‌മെന്റ് എന്ന പ്രസ്ഥാനം ജീവൻ വച്ചു തുടങ്ങും മുൻപ് തന്നെ കലാം യാത്രയായി.